Thursday, May 29th, 2008

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്‍

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതു കൊണ്ട്‌ നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചു ചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ്‌ വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്‌.

‘നാനൃഷി കവി’ എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ ‍കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.

ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍ പായസത്തിന്‌ സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത്‌ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്‌. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതു കൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ ‘സത്യം’ കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട്‌ തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട്‌ ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. ‘ത’ യും ‘ധ’യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക് റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. ‘അവകാശിക’ളെ കണ്ട്‌ ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

– നിത്യന്‍

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ to “കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്‍”

  1. Cartoonist says:

    നിത്യന്‍ ലളിതസുന്ദരമായി പറഞ്ഞത് ഞാന്‍ ഇത്ര അപഗ്രഥിച്ചുള്ള എഴുത്തൊന്നും എനിക്കു വശമില്ലല്ലൊ എന്ന സങ്കടം കാരണം എഴുതാതിരുന്നതാണ്.വേറിട്ടൊരു ശൈലിയാണ് മാഷെ നിത്യാ നിങ്ങടെ…കുറുമാന്റേതു പോലെ. ഞാനു അടുത്ത കാലത്ത് ഇത്ര ഉത്സാഹത്തോടെ ഒരു പുസ്തകവും, അതും ഒറ്റയിരുപ്പിന്, വായിച്ചിട്ടില്ല. ഏതാണ്ടൊരു കൊല്ലം മുമ്പ്, എറണാകുളത്തുവെച്ച് കുറുവിന്റെ പുസ്സ്സപ്രാസ്നത്തിനിടെ, പബ്ലിഷറായ റെയിന്‍ബോ രാജേഷും ഇതുതന്നെ പറഞ്ഞപ്പോള്‍, ദ്രാവകം അശരീരിയായി പുറത്തിറങ്ങിയതാണെന്നേ തോന്നിയുള്ളൂ. അല്ലായിരുന്നു എന്ന് എനിക്കിപ്പോള്‍ ബോദ്ധ്യാണ്. ഇത്രേള്ളൂ.

  2. ജയകൃഷ്ണന്‍ കാവാലം says:

    ആണത്തമുള്ള ഭാഷ, കെട്ടുറ്റപ്പുള്ള ശൈലി, ലാളിത്യമുള്ള ഭാഷ… താങ്കളുടെ വാക്കുകളില്‍ ഊര്‍ജ്ജമുണ്ട് നിത്യന്‍…ആശംസകള്‍ജയകൃഷ്ണന്‍ കാവാലം

  3. GK says:

    Kuruman is a great writer. His book as I have read in one sitting-it is a flow. I have read only Randamoozham of MT like this in one night. We in Muscat were lucky to see and get introduced to Kuruman and I got the book from him. Kuruman write more but to give a speach.Gopikrishnan S Menon Muscat

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine