കവിത വരണ്ട് പോകുന്നു, ടെക്നോളജി കവിതയെ കൊല്ലുന്നു എന്ന വിലാപം ഉയര്ന്ന കാലത്ത്, ബൂലോകത്ത് കാവ്യവിപ്ലവം ഉണ്ടാക്കിയ ഉദ്യമമായിരുന്നു ബൂലോക കവിത. അത് ഒരു വര്‍ഷം പിന്നിടുകയാണ്. ബൂലോക കവിതയുടെ അമരക്കാരനായ കവി വിഷ്ണുപ്രാസാദ് വാര്‍ഷികത്തോട് അനുബദ്ധിച്ച് എഴുതിയ കുറിപ്പ് താഴെ.
“2007 മാര്‍ച്ച് 13 ന് പി.പി രാമചന്ദ്രന്റെ ഒരു കവിതയുമായി തുടങ്ങിയ ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടത് ആരും ശ്രദ്ധിച്ചുകാണില്ല.ഈ ഒരു വര്‍ഷത്തിനിടയില്‍ തന്നെയാണ് പല ബൂലോകകവികളും ശ്രദ്ധേയമായ കവിതകളുമായി വന്നത്.ആഗ്രഹിച്ചതുപോലെ കവിതാചര്‍ച്ചയ്ക്കുള്ള ഒരിടമായി നമുക്കിത് വളര്‍ത്തിയെടുക്കാനായില്ലെങ്കിലും കവിതാവായാനക്കാരുടെ ഇഷ്ടപ്പെട്ട ഇടമായി ഇതു മാറിയിട്ടുണ്ട്.കവികളും അല്ലാത്തവരുമായ നാല്പതിലധികം എഴുത്തുകാരുടെ ഈ കൂട്ടായ്മയ്ക്ക് വരും കാലങ്ങളിലെന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ധാരാളം കവിതകള്‍ ബൂലോകത്ത് ഉണ്ടാവുന്നുണ്ട്.അവ വേണ്ട വിധം വായിക്കപ്പെടുന്നില്ല എന്നതാണ് പരമാര്‍ഥം.കവിത വിതച്ചതു പോലെയുള്ള ബ്ലോഗുകള്‍ നല്ല പരിശ്രമങ്ങളാണ്.ഹരിതകത്തെ പ്രോമോട്ടു ചെയ്യുക എന്നതു മാത്രമാണോ അതിന്റെ ലക്ഷ്യം എന്ന് സംശയമുണ്ടെങ്കിലും.”
- ജെ.എസ്.