നിഴല്‍ ചിത്രങ്ങള്‍ – ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി

March 9th, 2009

ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച്‌ ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.

അവതാരികയില്‍ നിന്ന്

ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ “കാപ്പിലാന്‍” എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട്‌ ശ്രീ. ലാല്‍ പി. തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്‌.

എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ്‌ വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.

അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്‌. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.

കാപ്പിലാന്റെ ബ്ലോഗുകള്‍:

വര്‍ഷിണി



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

"ഒരു ചെമ്പനീര്‍ പൂവിറുത്ത്‌…"

January 18th, 2009

ആ – മുഖവും ഇ – മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത്‌ അഥവാ ATM – ഉം SMS – ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക്‌ വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത്‌ സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.

കഥകളെ ക്കുറിച്ച്‌ ശ്രീ. മുഞ്ഞിനാട്‌ പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്‌. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത്‌ സുരക്ഷിത നായി ക്കൊണ്ട്‌ രാധാകൃഷ്ണന്‌ കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.

കഥകളെ ക്കുറിച്ച്‌ ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ്‌ , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്‌, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ്‌ പേപ്പറുകളും ഇലക്ട്രിക്‌ സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത്‌ പോയിരുന്നതിന്‌ ഇന്ന്‌ ഒട്ടേറെ തെളിവുകളുണ്ട്‌. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്‌. സാഹിത്യവും പ്രാമാണികതകളും ഇന്ന്‌ പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.

ഇനി പ്രയോഗമാണ്‌ മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ ‘വായനാ മനുഷ്യര്‍’ ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ…)

എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ്‌ പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്‌.

വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ്‌ കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ്‌ ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.

കഥാകാരനെ ക്കുറിച്ച്‌…

ആര്‍. രാധാകൃഷ്ണന്‍, പാലക്കാട്‌ എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്‌. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)

ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്‌.

വില: 60 രൂപ

പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:
ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129
ശ്രീ. അശോകന്‍: 00-91-9447263609

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…

June 10th, 2008

കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം…

കാവാലം എന്ന കുഗ്രാമത്തിൽ റോഡ് വരുന്നതിനും മുൻപുള്ള കാലം.
ഞങ്ങൾ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകൾ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുൻപേ പിരിച്ചു വിടുന്നതിനും മുൻപു നടന്ന ഒരു സംഭവമാണിത്.

ആ സുഹൃദ്‌സദസ്സിൽ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനിൽ. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവൻ കവിതകളും എഴുതി സദസ്സിൽ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമർശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാർവ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പോകുന്ന വരികൾ. ആകർഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വർണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകർഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തിൽ താങ്കൾ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയിൽ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കവിത കേട്ടു കോരിത്തരിച്ച ഞാൻ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരിൽ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാർവ്വതീലീലയിൽ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടർന്ന് അദ്ദേഹത്തിന്റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.

ഈ സംഭവത്തെ തുടർന്ന് ആവേശം ഉൾക്കൊണ്ട കവി, പൂക്കൈതയാറിന്റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏർപ്പാട് വരും വർഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാർ പറയുന്നതു കേട്ടു. ചുരുക്കത്തിൽ ‘കടൽമാതിൻ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോൾ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്റെ ആസ്ഥാന കവിയായി ശ്രീ അനിൽ മാറിക്കഴിഞ്ഞിരുന്നു.

ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാൻ ആ മഹാനുഭാവന്റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേൾക്കും. പാർവ്വതി എന്നിൽ ആവേശമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാൻ ചോദിക്കും, ഇതു താങ്കൾ തന്നെ എഴുതിയതാണോ?… വീണ്ടും ആണയിടീൽ, തലയിൽ തൊടീൽ, പരിഭവം…

വർഷങ്ങൾ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോൾ കലിയുഗവരദന്റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സിൽ വർദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്റെ, ആശ്രിത വത്സലന്റെ, സത്യമായ പതിനെട്ടു പടികൾക്കധിപന്റെ തിരുസന്നിധിയിൽ ചെന്ന് ഒരിക്കലും ആരാലും നിർവചിക്കാൻ കഴിയാത്ത ആത്മനിർവൃതി ഏറ്റുവാങ്ങി അയ്യനയ്യന്റെ പുണ്യമലയിറങ്ങി.

പമ്പയിലെത്തിയപ്പോൾ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോൾ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാൽ അതിൽ കയറിയാൽ തീർത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയിൽ അതിൽ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലിൽ, നഗ്നപാദനായി പ്രൈവറ്റ് ബസ് നിർത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു ബുക്ക്സ്റ്റാൾ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളിൽ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറിൽ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാൽ അനിലിന്റെ പാർവ്വതി!!!. എനിക്കു സന്തോഷമായി. എന്റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്റെ കവിത ഈ ലോകം മുഴുവൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നെന്നും ഓർത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.

അപ്പോൾ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ ഞാൻ ചോദിച്ചു, ഈ കേൾക്കുന്ന കവിത ആരുടേതാണ്??? എന്റെ നാട്, എന്റെ നാട്ടുകാരൻ എന്ന് ഉറക്കെ വിളിച്ചു കൂവുവാൻ ശരണമന്ത്രങ്ങൾ കരുത്തു പകർന്ന കണ്ഠവുമായി ഞാൻ വെമ്പി നിന്നു. അപ്പോൾ അയാൾ പറഞ്ഞു

“ഇത് അനിൽ പനച്ചൂരാന്റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “

ഞാൻ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്റെ പേരിനോടൊപ്പം പനച്ചൂരാൻ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവൽ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാൻ ചോദിച്ചു
അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരൻ അകത്തേക്കു പോയി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേർക്കാതെ പനച്ചൂരാൻ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരൻ!.

ഇപ്പൊഴാണ് ഞാൻ ‘ഞെട്ടലിന്റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…

കാവാലത്തുകാരൻ അനിലല്ല അത്. ക്രാന്തദർശിത്വം കണ്ണുകളിൽ സ്ഫുരിക്കുന്ന, അറിവിന്റെ ആഴങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തന്റെ ഏതാനും കൃതികൾ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാൻ കഴിയുന്ന സാക്ഷാൽ അനിൽ പനച്ചൂരാൻ എന്ന അനുഗ്രഹീത കവിയെ ഞാൻ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാർവ്വതിക്കു മുൻപ് അവിടെ കേട്ടത്)

ഒരു കയ്യിൽ ഇരുമുടിയും, മറുകയ്യിൽ ആ സി ഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാൻ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവൻ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങൾകൊണ്ട് പവിത്രമാക്കിയ എന്റെ നാവിന്റെ പുണ്യത്തെ മുഴുവൻ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാൻ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.

ഞാൻ അയാളോട് ആ സിഡി നിർബന്ധിച്ചു വാങ്ങി. അയാളതു വിൽക്കാൻ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നൽകാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യൻ എനിക്കാ സിഡി തന്നു.

അടുത്ത ദിവസം തന്നെ ഞാൻ കാവാലത്തേക്കു പോയി. കാവാലത്തിന്റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയിൽ പാർവ്വതി ഒന്നു പാടിക്കേൾപ്പിക്കാൻ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കൻ‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു.
രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാൻ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ഞാൻ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.

പാർവ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാൻ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്റെ ഒരംശമെങ്കിലും തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുൻപിൽ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാർക്കാണെങ്കിൽ ഈ കൊടും പാതകം തിരിച്ചറിയാൻ കഴിയാതെയും പോയി. ഞാനുൾപ്പെടെയുള്ള കുറേ മണ്ടന്മാർ കയ്യടിക്കാനും… അന്ന് അനിൽ പനച്ചൂരാൻ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാൽ ഈ വിദ്വാൻ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികൾക്കോ, വാക്കുകൾക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോൾ പനച്ചൂരാൻ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അതിൽ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രൻ മോഷണം!!!. അതായിരുന്നു സംഭവം.

ഇനി മേലിൽ പുറം ചൊറിയാൻ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാൻ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്)

അയ്യപ്പപണിക്കർ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരിൽ എന്റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കൻ ഓൺലൈനിലും, തുടർന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തിൽ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്റെ ഓർമ്മയ്ക്കുമുൻപിൽ സമർപ്പിക്കപ്പെട്ട ചില നെടുവീർപ്പുകൾ മത്രമായിരുന്നു.

എന്നാൽ പിന്നീട് അതി വിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്റർനാഷണൽ ജേർണലിൽ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്റെ പിതൃത്വത്തിൽ!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കർ തന്നെ. സാഹചര്യങ്ങൾ പലതും അതേപടി…

ശരിക്കും മോഷണം ഒരു കല തന്നെയാണോ?…
ചിലപ്പോൾ ആയിരിക്കും.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്റെ ഓർമ്മക്കുറിപ്പുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)

അദ്ദേഹം തീർത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കർ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കിൽ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന്.

ഇല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാൻ കഴിയില്ല.

കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വർണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നിൽ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നൽകി അവരോട് ക്ഷമിക്കാം. എന്നാൽ അക്ഷരം മോഷ്ടിക്കുന്നവന്റെ – മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്റെ മക്കളെന്നും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുർവൃത്തികളെ ഏതു തരത്തിൽ ന്യായീകരിക്കാൻ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോൾ പോലും ഇവർക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.

ഭാവനാ സമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളിൽ കോപ്പി റൈറ്റും, പ്രൈവസി പോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികൾ ചില ജാലികകൾ മോഷ്ടിച്ച് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാർക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോൾ പുതിയ ചില ആക്ഷൻ സിനിമകളുടെ തിരക്കഥ വായിച്ചാൽ അതിൽ കാണാൻ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവർണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടർന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകൾ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കൻ ഓൺലൈൻ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.

എന്നാൽ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്റെ ഫിലമെന്റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാൻ മേലാത്ത നാടാണ് കേരളം. എന്നാൽ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേൽ മുറുക്കി തുപ്പുന്നവർക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…

– ജയകൃഷ്ണൻ കാവാലം
© nishkalankanonline
www.nishkalankanonline.blogspot.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്‍

May 29th, 2008

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതു കൊണ്ട്‌ നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചു ചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ്‌ വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്‌.

‘നാനൃഷി കവി’ എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ ‍കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.

ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍ പായസത്തിന്‌ സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത്‌ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്‌. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതു കൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ ‘സത്യം’ കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട്‌ തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട്‌ ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. ‘ത’ യും ‘ധ’യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക് റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. ‘അവകാശിക’ളെ കണ്ട്‌ ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

– നിത്യന്‍

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഭാരതീയ കവിതകളുടെ അറബ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങുന്നു

March 16th, 2008

പ്രശസ്‌ത അറബ്‌ കവിയും യു.എ.ഇ. പൗരനുമായ ഡോ. ഷിഹാബ്‌ എം. ഘാനിം അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയ ഭാരതീയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന്‌ തയ്യാറായി. മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌. കക്കാട്‌, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരാണ്‌ മലയാളത്തില്‍ നിന്നുള്ള കവികള്‍.

അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍പ്രധാനമന്ത്രി വാജ്‌പയ്‌ തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്‌. വിവിധ ഭാരതീയ ഭാഷകളിലെഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നതെന്ന്‌ ഡോ. ഷിഹാബ്‌ ഘാനിം പറഞ്ഞു.

അതേസമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ്‌ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ്‌ നടക്കേണ്ടത്‌ എന്ന അവബോധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ഘാനിം പറയുന്നു. ഇതിനു മുമ്പ്‌ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഘാനിമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം നേരത്തെ കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « മലയാളത്തിന്റെ സുകൃതാംശു
Next »Next Page » ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine