പ്രതീക്ഷയുടെ ഒരു തിരി ബാക്കിയുണ്ട് – ശ്രീജിത വിനയന്‍

July 22nd, 2009

 
അന്നു നീ പറഞ്ഞതോര്‍ ക്കുന്നില്ലേ?
എന്റെ കണ്ണുകള്‍ സമുദ്രങ്ങളാണെന്ന്
എന്റെ നേര്‍ക്ക് നീളുന്ന വെറുപ്പിന്റെ
ഏതു തീ നാളങ്ങളും ഈ ആഴങ്ങളില്‍ 
വീണു കെട്ടു പോവുമെന്ന്
ഇപ്പോ ആ സമുദ്രം വറ്റി പോയിരിക്കുന്നു
മനസ്സില്‍ നിറയെ മുറിവുകളാണ്
ആഴത്തിലുള്ളവ, ഭേദമാവാത്തവ
പുറമേക്കു പൊറുത്തും ഉള്ളിലിരുന്നു വിങ്ങുന്നവ
ആ മുറിവുകള്‍ക്ക് മീതെ ചിരിയുടെ
വലിയ ഒരു മഞ്ഞു പുതപ്പു വലിച്ചിട്ട്
വസന്തത്തിലെന്ന പോലെ
ഞാന്‍ നില്‍ക്കേ …
എന്തിനായിരുന്നു കടന്ന് വന്ന്
ആ മഞ്ഞൊക്കെ ഉരുക്കി കളഞ്ഞത്?
നിന്റെ സ്നേഹത്തിന്റെ നറു വെണ്ണയാല്‍ 
ആ മുറിവൊക്കെ മാഞ്ഞു പോവുമെന്നാശിച്ച്
ഞാന്‍ കാത്തു നില്‍ക്കെ …
തിരസ്കരണത്തിന്റെ മൂര്‍ച്ചയുള്ള ഒരു കത്തി
ആഴത്തില്‍ കുത്തിയിറക്കി
മാപ്പു പറച്ചിലിന്റെ അര്‍ത്ഥ ശൂന്യത ബാക്കി നിര്‍ത്തി
പാപത്തിന്റെ വഴുക്കുന്ന പായല്‍ പ്പടികളില്‍ 
എന്നെ തനിച്ചാക്കി
ഏതു ഗംഗയിലേയ്ക്കാണു നീ പോയി മറഞ്ഞത്?
ആ മുറിവില്‍ നിന്ന് ഇപ്പോഴും രക്തം ഒഴുകിക്കൊണ്ടേ
ഇരിയ്ക്കുന്നു
തകര്‍ന്നു പോയ ഒരു പളുങ്കു പാത്രം പോലെ
ഈ ജീവിതം 
എങ്ങനെ ചേര്‍ത്തു വെച്ചാലും മുഴുവനാകാതെ
എത്ര തൂത്തു വാരിയാലും വൃത്തിയാവാതെ
വിള്ളലുകള്‍, അപൂര്‍ണ്ണത
ഒരു നിമിഷത്തിന്റെ
അശ്രദ്ധ കൊണ്ട് രക്തച്ചാലുകള്‍ …
ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്‍ 
വറ്റിപ്പോയ സമുദ്രത്തിനു കാവലായി
പേടിപ്പിക്കുന്ന ഇരുട്ടില്‍, മരവിക്കുന്ന തണുപ്പില്‍ …
ഒറ്റയ്ക്ക് …
നിനക്ക് തിരിച്ച് വരാന്‍ തോന്നുന്നില്ലേ …
നമുക്ക് സ്നേഹത്തിന്റെ വറ്റാത്ത കടല്‍ സൃഷ്ടിക്കാം 
നേരം പോയതറിയാതെ ആകാശം നോക്കി ക്കിടക്കാം …
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ശ്രീജിത വിനയന്‍

May 25th, 2009

kerala-girl-suicide
 
ചിറകൊടിഞ്ഞു പോയ ഒരു പക്ഷിക്കും
അമ്മ ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനും വേണ്ടി ഉറങ്ങാതെ കിടന്നു കരഞ്ഞിട്ടുള്ള ഒരു പെണ്‍കുട്ടി
 
അക്കാലത്ത് പ്രണയം അവള്‍ക്ക് തേന്‍ പോലെ മധുരിക്കുന്ന ഒന്നായിരുന്നു
കവിതകളിലും പാട്ടിലും കഥകളിലും പ്രണയം മയിലിനെ പ്പോലെ ഏഴു വര്‍ണ്ണങ്ങളും നിറച്ചു നിന്നാടി
ആ കാറ്റില്‍ ആ മഴയില്‍ കണ്ണില്‍ നിറച്ചും സ്വപ്നങ്ങളുമായി
 
ആ പാവാടക്കാരി ചുണ്ടില്‍ ഒരു മൂളി പ്പാട്ടുമായി
നിറച്ചും പച്ചപ്പുള്ള ഇടവഴികളിലൂടെ
ആരെയും പേടിക്കാതെ നടന്നു പോയി
ലോകത്തെ നോക്കി സ്നേഹത്തോടെ ചിരിച്ചാല്‍ ആ ചിരി നമ്മള്‍ക്കു തിരിച്ചു കിട്ടുമെന്നായിരുന്നു അവള്‍ വായിച്ച പുസ്തകങ്ങളിലെല്ലാം
 
പക്ഷേ പിന്നെ പിന്നെ അവള്‍ക്കു ചിരിക്കാന്‍ തന്നെ പേടി ആയിത്തുടങ്ങി
അനുഭവങ്ങള്‍ അവള്‍ക്ക് വേദനകള്‍ മാത്രം നല്‍കി… ഒഴുക്കില്‍ മുങ്ങി പ്പോവാതെ പിടിച്ചു നില്‍ക്കാന്‍
നെഞ്ചു പിടയുമ്പോഴും പണ്ടത്തെ പ്പോലെ ചിരിക്കാന്‍ അവള്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു
 
യാഥാര്‍ഥ്യങ്ങള്‍ ശീലമായി ത്തുടങ്ങിയ തായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം
‘നിന്നെ എന്തേ ഞാന്‍ നേരത്തെ കണ്ടുമുട്ടിയില്ല’? എന്നു കണ്ണു നീരു വരുത്തി ഒരാള്‍ ചോദിച്ചപ്പൊ
മഞ്ഞു പോലെ അലിഞ്ഞ് അവള്‍ ഇല്ലാതെ ആയി
 
പിന്നീട് ഇത്തിരി നേരത്തേക്ക് അവള്‍ക്കു ലോകം നിറങ്ങളുടേതായിരുന്നു.
വളരെ ക്കുറച്ച് സമയത്തേക്ക്
 
അതിനു ശേഷം ഒരു മരണക്കുറിപ്പു എല്ലാവര്‍ക്കും വായിച്ച് രസിക്കാന്‍ എറിഞ്ഞു കൊടുത്ത് അവള്‍ എങ്ങോട്ടോ പോയി..
 
 
 
പ്രണയത്തിനു ഒരാളെ തീയിലെന്ന പോലെ
ദഹിപ്പിക്കാനും സാധിക്കും
ആ തീയില്‍ മെഴുകുതിരി പോലെ ഉരുകി ഇല്ലാതായവളാണു ഞാന്‍
 
27 വര്‍ഷം മതിയാവുമൊ എന്തിനെങ്കിലും?
സ്നേഹിക്കാനും… സ്നേഹിക്കപ്പെടാനും…
ഹൃദയം കൊത്തിനുറുക്കുന്ന വേദന തിരികേ തന്നിട്ട്
എന്റെ എല്ലാ സ്നേഹവും പിടിച്ച് വാങ്ങി ജീവിതം ചവിട്ടി മെതിച്ച് കടന്നു കളഞ്ഞു ഒരാള്‍…
ഈ ലോകം എനിക്കു പറ്റിയതല്ല എന്ന് എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ച്
എന്റെ സ്നേഹത്തിനും ജീവിതത്തിനും ഒരു പുല്‍ക്കൊടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കി ത്തന്ന്…
അങ്ങനെ ആ കഥ കണ്ണീര്‍മഴയില്‍ കുതിര്‍ന്നേ പോയ്
യഥാര്‍ഥ പ്രണയം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?
അതു പങ്കു വെക്കലാണോ?
അല്ലെങ്കില്‍ പരസ്പരം സന്തോഷിപ്പിക്കലാണോ
അതൊ സ്വന്തമാക്കലാണോ?
എനിക്കിന്നും അറിയില്ല
അറിയാം എന്ന് ഭാവിച്ചിരുന്നു
പ്രണയം മധുരമാണു എന്ന് കവികളോടൊത്ത് ഞാനും പാടി
അതിനു ജീവന്‍ എടുക്കാനും സാധിക്കുന്നത്ര മധുരമുണ്ട് എന്നറിഞ്ഞതു വൈകിയിട്ടാണു.
 
ഒരു തുമ്പി പാറിവന്നിരുന്നാല്‍ മുറിവേല്‍ക്കുന്ന അത്രയും മൃദുലമായിരുന്നു എന്റെ മനസ്സ്
 
അത്രയും മൃദുത്വം ഈ ലോകത്തിനു ചേരില്ല
എന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു
ഇനിയും ഒരാളെയും ഇങ്ങനെ സൃഷ്ടിക്കരുത് എന്നു ദൈവത്തിനോട്
നേരിട്ട് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പോവുകയാണു
പാഠങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

8 അഭിപ്രായങ്ങള്‍ »


« ഞാനും നീയും – സുജീഷ് നെല്ലിക്കാട്ടില്‍
പ്രണയദൂരം – എസ്. കുമാര്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine