ഏറ്റവും തീവ്രമെന്നു തോന്നിയേ ക്കാവുന്ന പ്രണയ ലേഖനം – സുജീഷ് നെല്ലിക്കാട്ടില്‍

July 21st, 2009

I
 
നിലാവിന്‍റെ സാന്ദ്രകന്യകേ,
നിന്‍റെ കണ്ണിലെ സ്ഫടികസ്വപ്നം
എന്നെ കുറിച്ചുള്ളതല്ലേ?
ഏതു കണ്ണാടിക്കാവും സഖീ
നിന്‍റെ സൌന്ദര്യം പകര്‍ത്തുവാന്‍
ഏതു കവിതയ്ക്കാവും തോഴീ
എന്‍റെ പ്രണയം പകരുവാന്‍ .
നിന്‍റെ ചുണ്ടിലെ മധുരം നുണയുക
എന്‍റെ ചുണ്ടല്ലാതെ മറ്റെന്താണ്.
നിന്‍റെ പ്രണയത്തിന്‍റെ
ജലകണ്ണാടിയില്
എന്നെ ഞാനൊന്ന് കാണട്ടെ.
മടിയില്‍ തലചായ്ച്ച് ഞാന്‍ നിന്‍
മാറിടങ്ങളെ തഴുകീടട്ടെ.
നമ്മുടെ ആദ്യരാത്രി
കായലിനൊപ്പമായിരിക്കണ,മവിടെ
നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍
ഈ കരശയ്യയിലുറക്കാം നിന്നെ.
 
 
II
 
മിന്നാമിനുങ്ങുകളെ
കുസൃതികുഞ്ഞുങ്ങള്‍ ചില്ലു-
കൂട്ടിലടയ്ക്കുന്നത് പോലെ
കന്യകേ,നിന്നെ ഞാനെന്നും
കരവലയത്തിലാക്കില്ല.
എങ്കിലും,വസന്തത്തില്‍ നിന്‍റെ
ഗന്ധ,നിറങ്ങളെനിക്കു വേണം ,
വേനലില്‍ നിന്‍റെ ഹിമശരീരവും
ശൈത്യത്തില്‍ ഹൃദയക്കനലും
എനിക്ക് മാത്രം വേണം .
 
 
III
 
എന്‍റെ നെഞ്ചില്‍ നീ
അധരത്താല്‍
അനുരാഗചിത്രം
നെയ്യുമ്പോള്‍,
എന്‍റെ കരങ്ങള്‍
നിന്‍റെ മുടിനൂലുകളില്‍
കൊര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍.
 
 
IV
 
എന്‍റെ കണ്ണുകളില്‍
കൊളുത്തി വെച്ചത്
കാമാഗ്നിയാണെന്നു
തോന്നാമെങ്കിലും
പ്രണയത്തിന്‍റെ
നിലവിളക്ക് മാത്രമാണത്.
ഞാന്‍ പാകിയ വിത്ത്
നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ്
നിനക്കു ഞാന്‍ നല്‍കുന്ന
എന്‍റെ ഏറ്റവും വലിയ
പ്രണയോപഹാരം.
 
 
V
 
നീയൊരു ഭാഗ്യമാണ്.
എന്‍റെ ചുണ്ടും കണ്‍പോളകളും
മറ്റു പെണ്‍കുട്ടികള്‍ക്ക്
മുന്നില്‍
അടഞ്ഞ ജാലകമാകുന്നതും
കരങ്ങളില്‍ തീ കണ്ടു പിന്തിരിയുന്ന
വിരലുകളുണ്ടാകുന്നതും
നിന്‍റെ മാത്രം ഭാഗ്യമാണ്.
 
സുജീഷ് നെല്ലിക്കാട്ടില്‍
 
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

ഞാനും നീയും – സുജീഷ് നെല്ലിക്കാട്ടില്‍

May 4th, 2009

sujeesh-nellikattil
 
നിന്‍റെ മൌനമെന്നില്‍
ചുറ്റിപ്പടരുമ്പോള്‍ ഞാന്‍
ഘനീഭവിച്ച ജലം.
 
നിന്‍റെ മൊഴികളെന്നില്‍
പൂത്തുലയുമ്പോള്‍
ഞാനലിഞ്ഞീടുന്നു.
 
ഒടുവില്‍ നിന്‍റെ
വേരുകള്‍ ഞാന്‍
പറിച്ചെറിയുന്വോള്‍
എന്‍റെ ജലജഢത്തിലൊരു
വരവരച്ചു നീ മായുന്നു.
 
ഈ വര തലവരയാക്കി
ഞാനൊഴുകുന്നു.
 
നിന്‍റെ ഓര്‍മകള്‍
കൊഴിയുമ്പോള്‍ ഞാന്‍
അന്തര്‍ദ്ധാനം ചെയ്യുന്നു.
 
സുജീഷ് നെല്ലിക്കാട്ടില്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« എത്ര കാലം കഴിഞ്ഞിട്ടും – ഹരിയണ്ണന്‍
പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ശ്രീജിത വിനയന്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine