പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ശ്രീജിത വിനയന്‍

May 25th, 2009

kerala-girl-suicide
 
ചിറകൊടിഞ്ഞു പോയ ഒരു പക്ഷിക്കും
അമ്മ ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനും വേണ്ടി ഉറങ്ങാതെ കിടന്നു കരഞ്ഞിട്ടുള്ള ഒരു പെണ്‍കുട്ടി
 
അക്കാലത്ത് പ്രണയം അവള്‍ക്ക് തേന്‍ പോലെ മധുരിക്കുന്ന ഒന്നായിരുന്നു
കവിതകളിലും പാട്ടിലും കഥകളിലും പ്രണയം മയിലിനെ പ്പോലെ ഏഴു വര്‍ണ്ണങ്ങളും നിറച്ചു നിന്നാടി
ആ കാറ്റില്‍ ആ മഴയില്‍ കണ്ണില്‍ നിറച്ചും സ്വപ്നങ്ങളുമായി
 
ആ പാവാടക്കാരി ചുണ്ടില്‍ ഒരു മൂളി പ്പാട്ടുമായി
നിറച്ചും പച്ചപ്പുള്ള ഇടവഴികളിലൂടെ
ആരെയും പേടിക്കാതെ നടന്നു പോയി
ലോകത്തെ നോക്കി സ്നേഹത്തോടെ ചിരിച്ചാല്‍ ആ ചിരി നമ്മള്‍ക്കു തിരിച്ചു കിട്ടുമെന്നായിരുന്നു അവള്‍ വായിച്ച പുസ്തകങ്ങളിലെല്ലാം
 
പക്ഷേ പിന്നെ പിന്നെ അവള്‍ക്കു ചിരിക്കാന്‍ തന്നെ പേടി ആയിത്തുടങ്ങി
അനുഭവങ്ങള്‍ അവള്‍ക്ക് വേദനകള്‍ മാത്രം നല്‍കി… ഒഴുക്കില്‍ മുങ്ങി പ്പോവാതെ പിടിച്ചു നില്‍ക്കാന്‍
നെഞ്ചു പിടയുമ്പോഴും പണ്ടത്തെ പ്പോലെ ചിരിക്കാന്‍ അവള്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു
 
യാഥാര്‍ഥ്യങ്ങള്‍ ശീലമായി ത്തുടങ്ങിയ തായിരുന്നു. പക്ഷേ പെട്ടെന്നൊരു ദിവസം
‘നിന്നെ എന്തേ ഞാന്‍ നേരത്തെ കണ്ടുമുട്ടിയില്ല’? എന്നു കണ്ണു നീരു വരുത്തി ഒരാള്‍ ചോദിച്ചപ്പൊ
മഞ്ഞു പോലെ അലിഞ്ഞ് അവള്‍ ഇല്ലാതെ ആയി
 
പിന്നീട് ഇത്തിരി നേരത്തേക്ക് അവള്‍ക്കു ലോകം നിറങ്ങളുടേതായിരുന്നു.
വളരെ ക്കുറച്ച് സമയത്തേക്ക്
 
അതിനു ശേഷം ഒരു മരണക്കുറിപ്പു എല്ലാവര്‍ക്കും വായിച്ച് രസിക്കാന്‍ എറിഞ്ഞു കൊടുത്ത് അവള്‍ എങ്ങോട്ടോ പോയി..
 
 
 
പ്രണയത്തിനു ഒരാളെ തീയിലെന്ന പോലെ
ദഹിപ്പിക്കാനും സാധിക്കും
ആ തീയില്‍ മെഴുകുതിരി പോലെ ഉരുകി ഇല്ലാതായവളാണു ഞാന്‍
 
27 വര്‍ഷം മതിയാവുമൊ എന്തിനെങ്കിലും?
സ്നേഹിക്കാനും… സ്നേഹിക്കപ്പെടാനും…
ഹൃദയം കൊത്തിനുറുക്കുന്ന വേദന തിരികേ തന്നിട്ട്
എന്റെ എല്ലാ സ്നേഹവും പിടിച്ച് വാങ്ങി ജീവിതം ചവിട്ടി മെതിച്ച് കടന്നു കളഞ്ഞു ഒരാള്‍…
ഈ ലോകം എനിക്കു പറ്റിയതല്ല എന്ന് എന്നെ വീണ്ടും വീണ്ടും പഠിപ്പിച്ച്
എന്റെ സ്നേഹത്തിനും ജീവിതത്തിനും ഒരു പുല്‍ക്കൊടിയുടെ വില പോലുമില്ല എന്ന് മനസ്സിലാക്കി ത്തന്ന്…
അങ്ങനെ ആ കഥ കണ്ണീര്‍മഴയില്‍ കുതിര്‍ന്നേ പോയ്
യഥാര്‍ഥ പ്രണയം എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?
അതു പങ്കു വെക്കലാണോ?
അല്ലെങ്കില്‍ പരസ്പരം സന്തോഷിപ്പിക്കലാണോ
അതൊ സ്വന്തമാക്കലാണോ?
എനിക്കിന്നും അറിയില്ല
അറിയാം എന്ന് ഭാവിച്ചിരുന്നു
പ്രണയം മധുരമാണു എന്ന് കവികളോടൊത്ത് ഞാനും പാടി
അതിനു ജീവന്‍ എടുക്കാനും സാധിക്കുന്നത്ര മധുരമുണ്ട് എന്നറിഞ്ഞതു വൈകിയിട്ടാണു.
 
ഒരു തുമ്പി പാറിവന്നിരുന്നാല്‍ മുറിവേല്‍ക്കുന്ന അത്രയും മൃദുലമായിരുന്നു എന്റെ മനസ്സ്
 
അത്രയും മൃദുത്വം ഈ ലോകത്തിനു ചേരില്ല
എന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നു
ഇനിയും ഒരാളെയും ഇങ്ങനെ സൃഷ്ടിക്കരുത് എന്നു ദൈവത്തിനോട്
നേരിട്ട് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ പോവുകയാണു
പാഠങ്ങള്‍ പറഞ്ഞു തന്നവര്‍ക്കെല്ലാം നന്ദി.
 
ശ്രീജിത വിനയന്‍
 
 

- ജെ.എസ്.

വായിക്കുക:

8 അഭിപ്രായങ്ങള്‍ »

ഞാനും നീയും – സുജീഷ് നെല്ലിക്കാട്ടില്‍

May 4th, 2009

sujeesh-nellikattil
 
നിന്‍റെ മൌനമെന്നില്‍
ചുറ്റിപ്പടരുമ്പോള്‍ ഞാന്‍
ഘനീഭവിച്ച ജലം.
 
നിന്‍റെ മൊഴികളെന്നില്‍
പൂത്തുലയുമ്പോള്‍
ഞാനലിഞ്ഞീടുന്നു.
 
ഒടുവില്‍ നിന്‍റെ
വേരുകള്‍ ഞാന്‍
പറിച്ചെറിയുന്വോള്‍
എന്‍റെ ജലജഢത്തിലൊരു
വരവരച്ചു നീ മായുന്നു.
 
ഈ വര തലവരയാക്കി
ഞാനൊഴുകുന്നു.
 
നിന്‍റെ ഓര്‍മകള്‍
കൊഴിയുമ്പോള്‍ ഞാന്‍
അന്തര്‍ദ്ധാനം ചെയ്യുന്നു.
 
സുജീഷ് നെല്ലിക്കാട്ടില്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

എത്ര കാലം കഴിഞ്ഞിട്ടും – ഹരിയണ്ണന്‍

March 31st, 2009

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി, പ്രണയത്തിന്‍
ചൂടു ചേര്‍ത്തെന്നുയിരേറ്റി
ക്കാത്തു വച്ച പെണ്ണൊരുത്തി!
 

എത്ര കാലം കഴിഞ്ഞിട്ടും
എത്ര വാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

സ്വച്ഛമായന്നെന്റെയുള്ളില്‍
കൂടൊരുക്കി, പ്രണയത്തിന്‍
ചൂടു ചേര്‍ത്തെന്നുയിരേറ്റി
ക്കാത്തു വച്ച പെണ്ണൊരുത്തി!!
 

കണ്ടു ഞാനാക്കൊടുങ്കാട്ടില്‍
ചുട്ടു നീറും പുളിനത്തില്‍
വറ്റിയോടും പുഴയോടും
കാവലാളാം കൊറ്റിയോടും
മനസ്സിന്റെ കണക്കാര്‍ദ്രം
കെട്ടഴിക്കും പെണ്ണൊരുത്തി!!
 

മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!
 

പുഴക്കൊപ്പം കാലമേറേ
വേഗമേറ്റിക്കുതിക്കുമ്പോള്‍
അനാഥത്വക്കൊടുങ്കാട്ടില്‍
അവളൊറ്റക്കലഞ്ഞപ്പോള്‍
താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരു കൊച്ചു തോണിയില്‍ ഞാന്‍
ദിക്കു നോക്കാതൊഴുകിപ്പോയ്!
 

താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!
 

കല്ലു കൊണ്ടെന്‍ ഹൃദയത്തെ
കെട്ടിയുള്ളില്‍ തളച്ചിട്ടെ-
ന്നുത്സവക്കൊടിയേറ്റുമ്പോ-
ളെങ്ങു നിന്നോ കനപ്പെട്ടാ-
പിന്‍‌വിളിക്കാറ്റണയുമ്പോള്‍
കേട്ടു ഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
 

കേട്ടു ഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമെന്നും!!
 

ഇന്നു ഞാനീക്കൊടും വേനല്‍
ക്കാട്ടിനുള്ളില്‍ ഉരുകുമ്പോള്‍
ഉള്ളിലെങ്ങോ നിന്റെയൊപ്പം
തിളക്കുന്നെന്‍ മനസ്സേറെ!!
 

എത്ര കാലം കഴിഞ്ഞിട്ടും
എത്ര വാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

വിട്ടു പോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍ നിന്നുമൊട്ടും!
 

ഹരിയണ്ണന്‍
കവിയുടെ ബ്ലോഗ് : ബ്രഹ്മി

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

അന്തിക്കാട്ടെ മഴ

March 10th, 2009

മഴക്കെന്നും പ്രണയത്തിന്റെ ഭാവമാണ്‌. പ്രണയത്തിന്റെ ആര്‍ദ്രതയും ഭ്രാന്തമായ അഭിനിവേശവും എല്ലാം മഴയ്ക്കു പ്രകടിപ്പിക്കുവാന്‍ ആകും. അത്തരം ഒരു മഴക്കാലത്തെ അനുഭവം …

പുള്ളിനും മഞ്ഞക്കരക്കും ഇടയില്‍ വിശാലമായ അന്തിക്കാടന്‍ കോള്‍പ്പാടത്തെ വെള്ളം വിഴുങ്ങിയ ഒരു മഴക്കാലം. മഴയൊന്നു തോര്‍ന്നപ്പോള്‍ മോഹനേട്ടന്റെ വലിയ വഞ്ചിയില്‍ കയറി കോളിലേക്ക്‌ പുറപ്പെട്ടു. ഇളം കാറ്റില്‍ ഓളം തല്ലുന്ന വെള്ളം ചുറ്റിനും. നടുവില്‍ ഒരു വഞ്ചിയുടെ തലക്കലേക്ക്‌ തലയും വച്ച്‌ വര്‍ഷ കാല മേഘങ്ങള്‍ സൃഷ്ടിച്ച വിചിത്രമായ രൂപങ്ങളാല്‍ നിറഞ്ഞ ആകാശം നോക്കി പ്രണയിനിയെയും ഓര്‍ത്തു കിടന്നു.

ഇടക്കെപ്പോഴോ ഓളപ്പരപ്പിലെ ആ വലിയ വഞ്ചിയില്‍ ഞാനും അവളും പരസ്പരം കണ്ണില്‍ നോക്കി ഇരിക്കുന്നു. പ്രണയത്തിന്റെ ശക്തമായ ഭാഷ മൗനം ആണെന്ന് പറഞ്ഞത്‌ ആരാണെന്ന് അറിയില്ല. പ്രണയിക്കുന്നവരുടെ കണ്ണുകള്‍ പരസ്പരം പറയുന്ന നിശ്ശബ്ദമായ കഥകള്‍ ഒരു പക്ഷെ ഇതു വരെ ഈ പ്രപഞ്ചത്തില്‍ എഴുതപ്പെട്ടതും പറയപ്പെട്ടതുമായ പ്രണയ കഥകളേക്കാള്‍ എത്രയോ മടങ്ങ്‌ മനോഹരം ആയിരിക്കും?

“നീ എന്താ കണ്ണും തുറന്ന് സ്വപ്നം കണ്ട്‌ കിടക്കാണോടാ” അങ്ങേ തലക്കല്‍ നിന്നു കൊണ്ട്‌ കഴുക്കോല്‍ ഒന്നു കൂടെ അമര്‍ത്തി ഊന്നി ക്കൊണ്ട്‌ മോഹനേട്ടന്‍ ചോദിച്ചു. സ്വപ്നം ഇടക്ക്‌ മുറിഞ്ഞു … അവള്‍ എന്നെ തനിച്ചാക്കി അന്തരീക്ഷത്തില്‍ എവിടേയോ മറഞ്ഞു.

“അതേ മോഹനേട്ടോ … ഇങ്ങനെ സ്വപ്നം കണ്ട്‌ കിടക്കാന്‍ ഒരു സുഖം”

“നീ അധികം സ്വപ്നം കാണാണ്ടെ ആ പെണ്‍കുട്ടിയെ കെട്ടാന്‍ നോക്കെട … എന്തിനാ ഇങ്ങനെ നീട്ടി ക്കൊണ്ടോണേ?” മോഹനേട്ടന്‍ കഴുക്കോല്‍ ഒന്നു കൂടേ ആഞ്ഞു കുത്തി. വെള്ളപ്പരപ്പിനു മുകളിലൂടെ പൊങ്ങി നില്‍ക്കുന്ന പുല്ലിനേയും, അങ്ങിങ്ങായുള്ള ചണ്ടിയേയും വകഞ്ഞു മാറ്റി വഞ്ചി വീണ്ടും മുന്നോട്ട്‌.

“ഇതു ഒരു സുഖം ഉള്ള കാര്യാമാ എന്റെ മോഹനേട്ടോ … ജീവിതകാലം മുഴുവന്‍ പ്രണയിക്കുക എന്നത്‌. അതു പറഞ്ഞാല്‍ മോഹനേട്ടനു അറിയില്ല” വെള്ളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന് പുല്‍നാമ്പുകളെ വെറുതെ പിഴുതെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

“വേണ്ട്രാ മോനെ … അലൂക്കാനേ സ്വര്‍ണ്ണ ക്കച്ചോടം പഠിപ്പണ്ട്രാ … “സ്വത സിദ്ധമായ തൃശ്ശൂര്‍ ശൈലിയില്‍ മോഹനേട്ടന്റെ മറുപടി. കറുത്തു തടിച്ച്‌ കപ്പടാ മീശയും വച്ച്‌ നടക്കുന്ന ഈ കുറിയ മനുഷ്യന്‍ നിരവധി നാടന്‍ പ്രണയ കഥകളിലെ നായകനാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ ആളെ നേരില്‍ അറിയാത്തവര്‍ ആരും വിശ്വസിക്കില്ല.

വഞ്ചി കുറച്ചു ദൂരം കൂടെ ചെന്നപ്പോള്‍ മോഹനേട്ടന്‍ കഴുക്കോല്‍ ചെളിയില്‍ താഴ്ത്തി. എന്നിട്ട്‌ വഞ്ചി അതില്‍ കെട്ടി നിര്‍ത്തി. ഞാന്‍ എഴുന്നേറ്റിരുന്നു. ചുറ്റും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ളം. ഇടക്കിടെ ചില തുരുത്തുകള്‍. അതില്‍ തെങ്ങുകള്‍ ഇട തിങ്ങി നില്‍ക്കുന്നു. വര്‍ഷ ക്കാലത്ത്‌ ഈ തുരുത്തില്‍ വന്നു താമസിച്ചാലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. അത്രക്ക്‌ മനോഹമാണവ.

“നീ ആലോചി ച്ചോണ്ടിരുന്നോ … ഞാന്‍ ചേറെടുക്കാന്‍ നോക്കട്ടേ …”

അതും പറഞ്ഞ്‌ കക്ഷി വലിയ ഒരു മുള വടിയുടെ അറ്റത്തുള്ള കോരി വെള്ളത്തിലിട്ടു കഴുക്കോലില്‍ പിടിച്ച്‌ ഊര്‍ന്നിറങ്ങി, അല്‍പം കഴിഞ്ഞപ്പോള്‍ കോരിയില്‍ നിറയെ ചെളിയുമായി മോഹനേട്ടന്‍ പൊന്തി വന്നു. അതു വഞ്ചിയിലേക്ക്‌ ഇട്ടു.

ചേറിന്റെ ഇടയില്‍ കുടുങ്ങിയ ഒരു കൊഞ്ചന്‍. മോഹനേട്ടന്‍ അതിനെ തിരികെ വെള്ളത്തിലേക്ക്‌ ഇട്ടു കൊണ്ട്‌ പറഞ്ഞു.
“ഇ പ്രാവശ്യം നല്ല മീന്‍ ഉണ്ടെന്നാ തോന്നുന്നേ …”

മോഹനേട്ടന്‍ വീണ്ടും തന്റെ ജോലിയിലേക്ക്‌ തിരിഞ്ഞു. വഞ്ചിയുടെ വശങ്ങളി
ല്‍ ഓളങ്ങള്‍ നിരന്തരം തട്ടിക്കൊട്ടിരുന്നു. ഞാന്‍ വഞ്ചിയുടെ തലക്കല്‍ ഇരുന്നു ചുറ്റും നോക്കി. വടക്കു കാഞ്ഞാണിയിലേയും കിഴക്ക്‌ പുള്ളിലേയും ബണ്ടിലൂടെ വാഹനങ്ങള്‍ പോകുന്നത്‌ കാണാം.

വിശാലമായ ഓളപ്പരപ്പില്‍ നിശ്ശബ്ദതയെ ഭംഗം വരുത്തുവാന്‍ കുഞ്ഞോളങ്ങളും, കാറ്റും പിന്നെ വല്ലപ്പോഴും പറന്നു പോകുന്ന കിളികളും മാത്രം. ഇങ്ങനെ ഉള്ള അന്തരീക്ഷത്തില്‍ കഴിച്ചു കൂട്ടുക ഒരു സുഖകരമായ അനുഭവം തന്നെ ആണ്‌. മനസ്സിനു വല്ലാത്ത ഒരു സന്തോഷം പകരുന്ന അവാച്യമായ ഒരു അനുഭൂതിയാണത്‌.

പതിവുപോലെ കയ്യില്‍ കരുത്തിയ നോട്ടു പുസ്തകത്തില്‍ ഞാന്‍ എന്തൊക്കെയോ കുറിച്ചു കൊണ്ടിരുന്നു. വിശാലമായ കോളില്‍ വഞ്ചിയില്‍ ഇരുന്നു എഴുതുക എന്നത്‌ ഒരു രസമാണ്‌. വര്‍ഷങ്ങള്‍ക്കു മുമ്പേ കിട്ടിയ ഒരു ശീലം.

മോഹനേട്ടന്‍ പലതവണ കഴുക്കോലിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക്‌ ഊര്‍ന്നു പോയും പൊന്തി വന്നും തന്റെ ജോലിയില്‍ വ്യാപൃതനായി. അതിനനുസരിച്ച്‌ വഞ്ചിയിലെ ചേറിന്റെ അളവ്‌ കൂടിക്കൊണ്ടിരുന്നു. ചേറു കോരിയിടുമ്പോള്‍ ഇടക്കിടെ വഞ്ചി ഉലയും. നമ്മള്‍ കരുതും വഞ്ചി ഇപ്പോള്‍ മുങ്ങും എന്ന് പക്ഷെ അങ്ങിനെ സംഭവിക്കാ തിരിക്കുവാന്‍ അതിനു സ്വന്തമായി ഒരു ബാലന്‍സ്‌ ഉണ്ടെന്ന് പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.

വഞ്ചിയില്‍ ചേറു നിറഞ്ഞിരിക്കുന്നു. മോഹനേട്ടന്‍ പണി നിര്‍ത്തി. വഞ്ചിയുടേ പടിയില്‍ ഇരുന്നു വലിയ ചോറ്റു പാത്രത്തില്‍ നിന്നും കട്ടന്‍ ചായ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. ചൂടുള്ള ചായ മൊത്തി ക്കുടിക്കുന്ന തിനിടയില്‍ പറഞ്ഞു.

“നീ പ്രേമലേഖനം എഴുതാ … ഇപ്പോള്‍ത്തെ കാലത്ത്‌ ആരാടാ ഇതൊക്കെ എഴുതുക? ഒക്കെ മൊബെയില്‍ അല്ലേ … ഞാനിന്നേവരെ ഒരു പെണ്ണിനും പ്രേമ ലേഖനം എഴുതീട്ടില്ല”

” ഈ വായേലെ നാവുള്ളോ ടത്തോളം അതിന്റെ ആവശ്യം ഇല്ലല്ലോ? .. എന്റെ മോഹനേട്ടാ ഇതിന്റെ ഒരു സുഖം അതു എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മാത്രേ അറിയൂ …”

“ഉം പിന്നെ പണ്ടു ഒരെണ്ണം എഴുതിയതിന്റെ സുഖം നീ അറിഞ്ഞതല്ലേ?”

“അതു വല്ലവര്‍ക്കും വേണ്ടി എഴുതിയതല്ലേ? ഇതിപ്പോ അവനവനു വേണ്ടിയാ”

“ടാ അടുത്ത മഴക്കുള്ള കോളുണ്ട്‌ … ഇമ്മള്‍ക്ക്‌ തിരിച്ചു പോയാലോ?”

“ഹേയ്‌ മഴ വരട്ടെ….ഇവിടത്തെ കാറ്റിലും മഴയിലും പ്രണയം ഉണ്ട്‌ മോഹനേട്ടാ … ആ മരുഭൂമിയില്‍ ഇതൊന്നും ഇല്ല” പുസ്തകം മടക്കി പ്ലാസ്റ്റിക്ക്‌ കവറില്‍ ഇടുന്നതി നിടയില്‍ ഞാന്‍ പറഞ്ഞു.

“മരുഭൂയില്‍ പോണത്‌ പ്രേമിക്കാനല്ല കാശുണ്ടാക്കാനാ … ദാ ഈ തൊപ്പി തലയില്‍ വച്ചോ എന്നിട്ട്‌ പനി വരാണ്ടെ നോക്കിക്കോ”

“വല്ലപ്പോഴും മഴ കൊണ്ട്‌ ഒരു പനി വരുന്നതും പൊട്യേരി ക്കഞ്ഞി കുടിക്കണതും ആശുപത്രീല്‍ പോണതും ഒക്കെ ഒരു രസമല്ലേ?”

“പിന്നെ … പനി പിടിച്ച്‌ അന്തിക്കാ ടാശുപത്രീല്‍ കിടന്നാല്‍ അവള്‍ ഓറഞ്ചുമായി വരും എന്ന് കരുതീട്ടാവും, നീ ആളു കൊള്ളാടാ മോനെ” മോഹനേട്ടന്റെ കളിയാക്കലിനു മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ മുകളീലേക്ക്‌ നോക്കി.

ആകാശത്തെ മഴക്കാറുകള്‍ കനം വെക്കുവാന്‍ തുടങ്ങി. അധികം വൈകാതെ മഴത്തുള്ളികള്‍ വീഴും. അകലെ നിന്നും കേട്ടു കൊണ്ടിരുന്ന മഴയുടെ ആരവം അടുത്തു വരുന്നു. മഴത്തുള്ളികള്‍ മുഖത്തു പതിച്ചു. ചുറ്റും ഉള്ള വെള്ളത്തില്‍ തുള്ളികള്‍ വീണു ചെറിയ വലയങ്ങള്‍ സൃഷ്ടിച്ചു. അവയുടെ എണ്ണം കാണക്കാണെ കൂടുവാന്‍ തുടങ്ങി.

വഞ്ചിയുടെ അങ്ങേ തലക്കല്‍ തലയില്‍ ഒരു പ്ലാസ്റ്റിക്ക്‌ തൊപ്പിയുമായി നിന്ന് കഴുക്കോല്‍ ശക്തമായി ഊന്നുന്ന മോഹനേട്ടന്റെ രൂപം മെല്ലെ മെല്ലെ അവ്യക്തമാകുവാന്‍ തുടങ്ങി … മഴയുടെ പ്രണയ ഗീതത്തില്‍ ഞാന്‍ സ്വയം അലിയുന്നതായി എനിക്ക്‌ തോന്നി …

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബണ്ട് പൊട്ടി പ്പോകുമ്പോള്‍ – രാജു ഇരിങ്ങല്‍

February 9th, 2009

പുറപ്പെടും മുമ്പ് ഗോഷ്ടി കാണിച്ചത്
ആദ്യത്തെ ചുംബനത്തിന്
എനിക്കറിയാം
ഇടയ്ക്കൊരു ചാറ്റല്‍ മാത്രമായിരിക്കും
മിന്നല്‍ പോലെ ആകാശത്തിലോരു
പങ്കായം കണ്ടെക്കാം
വിളിക്കുന്നുണ്ട്
രാത്രിയും പകലും
പെയ്യാനൊന്നുമല്ല
വെറുതെ ശൃംഗരിക്കാന്‍ മാത്രം

ഇരുളിലൊന്നാഞ്ഞ്
നൂ‍ല്‍ പാലമിട്ട്
ഓടിയും ചാടിയും
കെട്ടി മറിഞ്ഞ്
ചളിക്കണ്ടത്തില്‍ വീണത് എത്ര പെട്ടെന്നാണ്.

ചിരിത്തുമ്പത്തെ
ചളിത്തലപ്പില്‍
ഒഴുകി യിറങ്ങി
തിരിച്ച് കയറുമ്പോള്‍
കരഞ്ഞ്
നിലവിളിച്ച്
തോടും പുഴയും നിറഞ്ഞു കവിഞ്ഞത്
നെഞ്ച് പിളര്‍ന്ന നിന്‍റെ
സ്നേഹമാണെന്നറിഞ്ഞ്
എന്‍റെ ദൈവേന്ന് നീട്ടി വിളിച്ചത്
നിനക്ക് വേണ്ടി മാത്രമായിരുന്നു.
അല്ലെങ്കില്‍
ബണ്ട് പൊട്ടിപ്പോകുന്ന…
എന്‍റേത് മാത്രമാകേണ്ട നീ…
എന്‍റെ ദൈവേ…

– രാജു ഇരിങ്ങല്‍



- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

5 of 9« First...456...Last »

« Previous Page« Previous « ഞാന്‍ നിന്റേതു മാത്രമാ കണമെങ്കില്‍ – സുനില്‍ ജോര്‍ജ്
Next »Next Page » അന്തിക്കാട്ടെ മഴ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine