ദുബായ് : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ് മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
ചുംബിച്ച് പോലീസ് പിടിയിലായ ഷാര്‍ലറ്റ്
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.


അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി ‘മലബാര്‍ സ്കെച്ചുകള്‍’, യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക് ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് ‘മലബാര്‍ സ്കെച്ചുകള്‍’ പ്രസിദ്ധീകരിക്കുന്നത്.




















