ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.
തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന് സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ് അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.
ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ് മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ് ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഷാര്‍ജ, സംഘടന, സാംസ്കാരികം