അബുദാബി : ഈ വര്‍ഷത്തെ “മയില്‍പ്പീലി” പുരസ്കാര ജേതാക്കളില്‍ ഒരു പ്രവാസിയും. അബുദാബിയില്‍ ജോലി ചെയ്യുന്ന കവിയും ഗാന രചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് മങ്ങാടിനാണ് അഖില ഭാരത ഗുരുവായൂരപ്പ സമിതിയുടെ മികച്ച ഭക്തി ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഹരി പ്രസാദ് ഒറ്റപ്പാലം സംഗീത സംവിധാനം നിര്‍വഹിച്ച “ശ്യാമ വര്‍ണ്ണന്‍” എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ നേടിയ സമ്മാനമാണ് ഇത്തവണ പ്രശാന്തിനെ തേടിയെത്തിയത്. പാലക്കാട് ജില്ലയില നെന്മാറ സ്വദേശിയായ ഇദ്ദേഹം എന്‍. എം. സി. ഗ്രൂപ്പിലെ “നിയോ ഫാര്‍മ” യുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ പതിനേഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജില്‍ നിന്ന് പ്രശാന്ത് സ്വീകരിക്കും.
പ്രശാന്തിനെ കൂടാതെ രമേശ് നാരായണന്‍ (സംഗീത സംവിധാനം), മധു ബാലകൃഷ്ണന്‍ (ഗായകന്‍), രവി മേനോന്‍ (ഗാന നിരൂപണം), ഹരി പ്രസാദ് ഒറ്റപ്പാലം (യുവ സംഗീത പ്രതിഭ), ആര്‍. കെ. ദാമോദരന്‍ (സമഗ്ര സംഭാവന) എന്നിങ്ങനെ മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.
- pma