അബുദാബി : പത്മശ്രീ. ഓ. എന്‍. വി. യുടെ ജ്ഞാനപീഠ ലബ്ധിയില്‍, അദ്ദേഹത്തിനു പ്രണാമ മായി അര്‍പ്പിച്ചു കൊണ്ട് ഓ. എന്‍. വി. യുടെ കവിതകളും ചലച്ചിത്ര ഗാനങ്ങളും കോര്‍ത്തിണക്കി യുവകലാ സാഹിതി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ ‘ഇന്ദ്രനീലിമ’ മലയാളത്തിന്‍റെ പ്രിയ കവിക്കുള്ള മറുനാടിന്‍റെ സ്‌നേഹാഞ്ജലിയായി.
മലയാള ഭാഷയോടും സാഹിത്യത്തോടും എക്കാലവും ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്ന ജന സമൂഹ മാണ് പ്രവാസികള്‍ എന്നും അത് പലപ്പോഴും നേരിട്ട് അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ് താനെന്നും ‘ഇന്ദ്രനീലിമ’ ക്ക് നല്‍കിയ ടെലിഫോണ്‍ സന്ദേശത്തില്‍ ഒ. എന്‍. വി. പറഞ്ഞു. തന്‍റെ കവിതകളും ഗാനങ്ങളും മലയാളി കളുടെ ഹൃദയ ത്തില്‍ ചെന്ന് ലയിച്ചതിന്‍റെ ഉദാഹരണ മായാണ് അവ കോര്‍ത്തിണക്കി തയ്യാറാക്കി യിരിക്കുന്ന ‘ഇന്ദ്രനീലിമ’ യെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഒ. എന്‍. വി. ക്ക് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ഇ. ആര്‍. ജോഷി രചിച്ച് ഫ്രെഡ്ഡി മാസ്റ്റര്‍ സംഗീതം നല്‍കി യുവകലാ സാഹിതി ഗായക സംഘം അവതരിപ്പിച്ച ‘ഉണരുവാന്‍ ഉയരുവാന്‍ അടരാടുവാന്‍’ എന്ന സംഘഗാന ത്തോടെ യാണ് ‘ഇന്ദ്രനീലിമ’ തുടങ്ങിയത്. കൃഷ്ണ പക്ഷത്തിലെ പാട്ട്, ഗോതമ്പു മണികള്‍, കുഞ്ഞേടത്തി, ഭൂമിക്കൊരു ചരമ ഗീതം, പാഥേയം എന്നീ ഓ. എന്‍. വി. കവിത കളുടെ അവതരണമായ “കാവ്യയാനം” എന്ന പരിപാടിയില്‍ രാജി ഉദയശങ്കര്‍, വികാസ്, ജോഷി, അനന്ത ലക്ഷ്മി, ഷാഹിധനി വാസു, അപര്‍ണ സുരേഷ്, സിന്ധു ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
ഒ. എന്‍. വി. യുടെ നാടക-ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഗാനമേള യില്‍ ഷാജി സിംഫണി, അപര്‍ണ സുരേഷ്, യൂനുസ്, രഘുനാഥ്, സുരേഷ്, നിഷ ഷിജില്‍, അശ്വതി, ജയ്‌സി തോമസ്, ഷാഹിധനി വാസു, സിന്ധു ഗോവിന്ദന്‍, റോണി, ലിതിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
‘പൊന്നരിവാളമ്പിളിയില്‍’ എന്ന് തുടങ്ങുന്ന നാടക ഗാനത്തിന്‍റെ നൃത്തശില്‍പം ദേവി അനില്‍ ചിട്ടപ്പെടുത്തി ബാലസാഹിതി അംഗങ്ങള്‍ അവതരിപ്പിച്ചു. കലാപരിപാടി കള്‍ക്ക് ഗൗരി നേതൃത്വം നല്‍കി. ‘ഇന്ദ്രനീലിമ’യിലെ സാംസ്‌കാരിക സമ്മേളനം കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. യുവകലാ സാഹിതി പ്രസിഡന്‍റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. യുവകലാ സാഹിതി വൈസ് പ്രസിഡന്‍റ് ഇ. ആര്‍. ജോഷി സ്വാഗതവും ട്രഷറര്‍ ആസിഫ് സലാം നന്ദിയും പറഞ്ഞു.