വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കി വോട്ട് പിടിത്തം

December 16th, 2010

ദുബായ്‌ : ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സംഘടനയുടെ ഫണ്ടിലെ പണം ഉപയോഗിച്ച് വോട്ടര്‍മാരുടെ വ്യക്തിപരമായ പേരില്‍ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു.

നിലവിലെ ഭരണ സമിതിയുടെ കാലാവധി 2010 നവംബര്‍ 21ന് അവസാനിച്ച സാഹചര്യത്തില്‍ വന്‍ തുക ചിലവഴിച്ച് ഇത്തരമൊരു നീക്കം നടത്തുന്നതിന് ഭരണ സമിതിക്ക്‌ അധികാരമില്ല എന്ന് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും വോട്ട് ലക്ഷ്യമാക്കി പണ വിതരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

സംഘടനക്ക് പത്ര സമ്മേളനങ്ങള്‍ നടത്തുന്ന ഇനത്തില്‍ ഫീസായി ലഭിക്കുന്ന തുകയാണ് ഇത്തരത്തില്‍ വഴി വിട്ട് ചിലവഴിക്കുവാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കാല സമിതികള്‍ കൈമാറിയ തുകയും കൂടി ചേര്‍ത്താല്‍ ഇതൊരു ഭീമമായ തുക തന്നെയുണ്ടാവും. ഇത് മൊത്തമായി അംഗങ്ങളുടെ സ്വകാര്യ പേരുകളില്‍ നിക്ഷേപിക്കുന്നതോടെ സംഘടനയുടെ ഫണ്ട് കാലിയാവും. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സമിതിക്ക്‌ ശൂന്യമായ ഒരു ഖജനാവാവും കൈമാറാന്‍ ഉണ്ടാവുക.എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ല എന്നാണ് ഭാരവാഹികളുടെ പക്ഷം.

ഭരണ സമിതിയുടെ കാലാവധി കഴിയുമ്പോള്‍ ഖജനാവിലെ പണം അടുത്ത സമിതിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കൈമാറ്റം ചെയ്യണം എന്ന് സംഘടനയുടെ ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. ആ നിലയ്ക്ക് സംഘടനയുടെ പണം അംഗങ്ങള്‍ തമ്മില്‍ വീതിച്ചെടുത്ത്‌ ഫോറം ഒരു ചിട്ടിക്കമ്പനിയായി അധപതിക്കരുത് എന്ന് ഭരണ സമിതിയിലെ തന്നെ ചില അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വോട്ട് ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ കളര്‍ ടി.വി. സമ്മാനമായി നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പോലെ ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത ഇത്തരം വില കുറഞ്ഞ നടപടികള്‍ സമൂഹത്തിന് മാതൃകയാവേണ്ട ഒരു സംഘടന കൈക്കൊള്ളരുത് എന്നാണ് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരുടെയും അഭിപ്രായം.

free-tv-for-voters-epathram

വോട്ടിന് പകരം സമ്മാനമായി ടി.വി.

കാലാവധി കഴിഞ്ഞ ഒരു ഭരണ സമിതി, എക്സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും സ്ഥലത്തില്ലാത്ത സമയം നോക്കി അടിയന്തിരമായി കോറം തികയാതെ യോഗം ചേരുകയും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. കാലാവധി കഴിഞ്ഞ ഒരു സമിതി വന്‍ പണച്ചിലവു വരുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് സൊസൈറ്റീസ്‌ ആക്റ്റ്‌ (1860) പ്രകാരം സാധുതയില്ല. മാത്രമല്ല, ഇപ്രകാരം അധികാരമൊഴിയുന്ന ഭരണ സമിതി, സംഘടനയുടെ പണം അംഗങ്ങളുടെ പേരിലേക്ക് കൈമാറ്റം ചെയ്യുന്നതിനെതിരെ വ്യക്തമായ വിലക്കുകളും ഈ ആക്റ്റില്‍ അനുശാസിക്കുന്നുണ്ട്. പണം വഴി മാറി ചിലവഴിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥകള്‍.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക്‌ നേരിട്ട് പണം വിതരണം ചെയ്യുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് കടക വിരുദ്ധമാണ് എന്നത് ഏതൊരു ഇന്ത്യാക്കാരനും അറിയാം എന്നിരിക്കെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ഇത്തരമൊരു നീക്കം നടത്തുന്നത് ആശാസ്യമല്ല എന്ന് ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ e പത്രത്തോട് പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിമിനല്‍ കേസില്‍ കുടുക്കിയ തൊഴിലാളിയെ കുറ്റവിമുക്തനാക്കി

October 31st, 2010

salam-pappinisseri-epathram

ഷാര്‍ജ : ശമ്പളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പിന് പരാതി നല്‍കിയ തൊഴിലാളിയെ ക്രിമിനല്‍ കേസ് നല്‍കി കുടുക്കിയ കേസില്‍ ഷാര്‍ജ കോടതി തൊഴിലാളിയെ കുറ്റവിമുക്തനാക്കി. “സത്യ വിശ്വാസികളെ, അധിക ഊഹങ്ങള്‍ പാപമാണ്, അത് നിങ്ങള്‍ ഉപേക്ഷിക്കുക” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ആധാരമാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ ലഭിച്ചത് യുനൈറ്റഡ്‌ അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി യുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്.

hakeem-sheikh-hamsa-epathram

ഹക്കീം ശൈഖ് ഹംസ

ഷാര്‍ജയിലെ ഒരു പ്രിന്റിംഗ് പ്രസില്‍ ജോലി ചെയ്തു വന്ന പാലക്കാട്‌ ഒലവക്കോട്‌ സ്വദേശി ഹക്കീം ശൈഖ് ഹംസയാണ് മാസങ്ങളോളം ശമ്പളം കിട്ടാതായപ്പോഴാണ് തൊഴില്‍ വകുപ്പില്‍ പരാതിപ്പെട്ടത്. മലയാളികളായ കമ്പനി ഉടമകള്‍ ഹാജരാവാഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എന്നാല്‍ കോടതിയില്‍ കേസ്‌ തങ്ങള്‍ക്ക് പ്രതികൂലമാവും എന്ന് മനസിലാക്കിയ കമ്പനി ഉടമകള്‍ ഹക്കീമിനെതിരെ വഞ്ചന, പണം തിരിമറി, മോഷണം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കേസ് കൊടുത്തു. ആറു ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു കേസ്‌.

കേസിന്റെ നടത്തിപ്പില്‍ ഉടനീളം ഹക്കീമിന് തുണയായി നിന്ന സലാം പാപ്പിനിശേരിയുടെ ശ്രമഫലമായി ഒടുവില്‍ ഹക്കീമിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വെറും ഊഹത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കുറ്റം ചുമത്താന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.

കമ്പനി ഉടമകളും തൊഴിലാളികളും തമ്മില്‍ കോടതിക്ക് വെളിയില്‍ വെച്ച് തന്നെ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അടുത്ത കാലത്തായി കോടതിയില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. തൊഴിലാളികളും തൊഴില്‍ ഉടമകളും എടുക്കുന്ന നിലപാടുകളും കടുംപിടുത്തവും ഇവിടത്തെ കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ പ്രവാസികളായ മലയാളികള്‍ക്ക്‌ തന്നെ ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ പുതിയ തൊഴില്‍ തട്ടിപ്പ്‌

October 27th, 2010

job-hunter-epathram
ഷാര്‍ജ : തൊഴില്‍ അന്വേഷകര്‍ സൂക്ഷിക്കുക. പുതിയ തരം തൊഴില്‍ തട്ടിപ്പ്‌ സംഘം ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളികളാണ് സംഘത്തില്‍ ഉള്ളവര്‍. ഇവരുടെ കെണിയില്‍ പെട്ടതും മിക്കവാറും മലയാളികള്‍ തന്നെ. തൊഴില്‍ അന്വേഷിച്ച് നാട്ടില്‍ നിന്നും വന്ന പാവം തൊഴില്‍ അന്വേഷകരുടെ കയ്യിലുള്ള അല്‍പ്പം പണം കൂടി തട്ടിയെടുക്കുകയാണ് സംഘത്തിന്റെ പരിപാടി.

ഇതിനായി ഇവര്‍ പത്രങ്ങളിലും മറ്റും റിക്രൂട്ട്മെന്റ് കമ്പനിയുടെ പേരില്‍ പരസ്യം നല്‍കും. തൊഴില്‍ അന്വേഷകന്‍ ഇവരെ ബന്ധപ്പെട്ടാല്‍ ഏതു ജോലിയാണ് തേടുന്നത് എന്ന് ചോദിക്കുകയും ഏതു ജോലി പറഞ്ഞാലും അത് ലഭ്യമാണ് എന്ന് പറയുകയും ചെയ്യും. തൊഴിലുടമയുമായി ഇന്റര്‍വ്യു തരപ്പെടുത്തി തരാം എന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഇന്റര്‍വ്യുയില്‍ പാസായാല്‍ ജോലി ഉറപ്പാണ് എന്നും ഇവര്‍ പറയുന്നതോടെ തൊഴില്‍ അന്വേഷകന്‍ ഇവരുടെ വലയില്‍ വീഴുന്നു. ഇത്രയും ഞങ്ങള്‍ ചെയ്യുന്നത് സൌജന്യമായാണ്. എന്നാല്‍ ഇന്റര്‍വ്യു പാസായാല്‍ നിങ്ങള്‍ക്ക്‌ ജോലി ഉറപ്പാണ് എന്നതിനാല്‍ പാസായാല്‍ ഞങ്ങളുടെ ഫീസായ 200 ദിര്‍ഹം നല്‍കണം എന്ന ഇവരുടെ ആവശ്യം ന്യായമായി തോന്നിയേക്കാം.

എന്നാല്‍ ഇന്റര്‍വ്യു ഇവര്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ വെച്ചാണ് നടത്തുന്നത്. ഇതില്‍ എല്ലാവരും പാസാകുകയും ചെയ്യും. പാസായ ഉടന്‍ തന്നെ ഇവര്‍ ജോലി നിങ്ങള്‍ക്ക്‌ ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും മറ്റ് വിസ, തൊഴില്‍ കരാര്‍, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതോടെ തൊഴില്‍ അന്വേഷകന് തനിക്ക്‌ ജോലി ലഭിച്ച പ്രതീതി ലഭിക്കുന്നു. തിരികെ പോവുന്നതിനു മുന്‍പ്‌ തന്നെ ഇത്രയും സഹായിച്ച നല്ലവരായ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഫീസായ 200 ദിര്‍ഹം ഇയാള്‍ കൃതജ്ഞതയോടെ നല്‍കുകയും ചെയ്യുന്നു.

സന്തോഷത്തോടെ പണവും വാങ്ങി തൊഴില്‍ ദാതാവിനെ യാത്രയാക്കുന്ന ഇവര്‍ പിന്നീട് നിങ്ങളുടെ മൊബൈല്‍ നമ്പരില്‍ നിന്നുമുള്ള ഫോണ്‍ എടുക്കില്ല. നിയമനം സംബന്ധിച്ച് ആരായാന്‍ നിങ്ങള്‍ എത്ര തവണ വിളിച്ചാലും ഇത് തന്നെയാവും ഫലം. വേറെ ഏതെങ്കിലും നമ്പരില്‍ നിന്നും വിളിച്ചാല്‍ ഇവര്‍ ഫോണ്‍ എടുക്കും. വിസയും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്ന് മറുപടിയും ലഭിക്കും. ഫലത്തില്‍ ആഴ്ചകളോളം ഇങ്ങനെ പണവും നല്‍കി കാത്തിരിക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസിലാക്കിയിട്ടുണ്ട്.

ദിവസം പത്തു പേരെ പറ്റിച്ചാല്‍ തന്നെ കയ്യില്‍ വരുന്നത് 24000 ത്തോളം രൂപയാണ്. രണ്ടു മാസത്തെ വിസിറ്റ് വിസയില്‍ എത്തുന്ന സംഘം രണ്ടു മാസം കൊണ്ട് എല്ലാ ചിലവും കഴിച്ച് പത്തു ലക്ഷത്തോളം രൂപ സമ്പാദിച്ചു തിരികെ പോവുന്നതോടെ ഇവരെ പിന്നീട് പിടി കൂടാനും കഴിയില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിമാനദുരന്തം – എയര്‍ ഇന്ത്യയുടെ വഞ്ചന ഇന്ത്യയ്ക്ക്‌ അപമാനം: കെ. എം. സി. സി.

September 21st, 2010

air-india-maharaja-epathramദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ്‌ കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച്‌ അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന്‌ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട്‌ എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന്‌ തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത്‌ ഇന്ത്യയ്ക്ക്‌ അപമാനമാണെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട്‌ പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന്‌ വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട്‌ വരണമെന്നും യോഗം ആവശ്യപ്പെട്ടു.

1999 മെയ്‌ 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ്‌ നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത്‌ എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്‌, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ എയര്‍ ഇന്ത്യ ശ്രമിക്കുന്നത്‌.

മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ്‌ എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.

മണ്ഡലം പ്രസിഡന്റ്‌ മഹ്മൂദ്‌ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ്‌ ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട്‌ കടവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷരീഫ്‌ പൈക നന്ദിയും പറഞ്ഞു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിസാ തട്ടിപ്പ്‌ പുതിയ രൂപത്തില്‍

July 6th, 2010

visa-racket-epathramഒട്ടേറെ ശാഖകളുള്ള ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ നല്ല ശമ്പളവും പ്രൊമോഷന്‍ സാദ്ധ്യതകളും ഉള്ള ഒരു ജോലി. ഇതായിരുന്നു ഏറണാകുളത്തെ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ വാഗ്ദാനം. ഇത് കണ്ടു തൊഴില്‍ അന്വേഷിച്ചെത്തിയ യുവാക്കളോട് അറബി നാട്ടില്‍ നിന്നുമെത്തിയ മലയാളിയായ കമ്പനി മാനേജര്‍ റിക്രൂട്ട്മെന്റ് ഫീസ്‌ എന്നും പറഞ്ഞ് 50,000 മുതല്‍ 75,000 രൂപ വരെ എണ്ണി വാങ്ങിയപ്പോഴും സ്വപ്ന ഭൂമിയിലേയ്ക്കുള്ള യാത്ര മനസ്സില്‍ കണ്ടവരാരും രണ്ടാമതൊന്നും ചിന്തിച്ചില്ല. മാത്രമല്ല, വിസയും തൊഴില്‍ കരാറും എല്ലാം സര്‍ക്കാര്‍ പരസ്യങ്ങളില്‍ കണ്ടതു പോലെ നിയമാനുസൃതവും. പിന്നെന്തു ചിന്തിക്കാന്‍?

വിമാനം കയറി സ്വപ്ന ഭൂമിയിലെത്തി. പ്രതീക്ഷിച്ചത് പോലെ സുന്ദരമല്ല തൊഴില്‍ സ്ഥലം. മരുഭൂമിയില്‍ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് മേല്‍ക്കൂര യായുള്ള ഒരു ഷെഡില്‍ പെയിന്റിംഗും മറ്റുമാണ് ജോലി. എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണം. മാസാവസാനം കൈയ്യില്‍ ശമ്പളം എത്തിയതോടെ മറ്റെല്ലാം മറക്കാനും പൊറുക്കാനും അവര്‍ തയ്യാറുമായി.

അദ്ധ്വാനിച്ചു തൊഴില്‍ ചെയ്‌താല്‍ ഈ നാട്ടില്‍ ഉയര്‍ച്ച ലഭിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതിനാല്‍ കഠിനമായി തന്നെ അദ്ധ്വാനിക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ അദ്ധ്വാനമല്ലാതെ ശമ്പളം ഒന്നും തന്നെ ഇവര്‍ക്ക്‌ ലഭിച്ചില്ല.

നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ അവര്‍ അധികൃതരോട് പരാതിപ്പെട്ടു. പരാതി പറഞ്ഞു തിരികെ താമസ സ്ഥലത്തെത്തിയ ഇവരെ രാത്രിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ട് പോയി മര്‍ദ്ദിച്ചു.

stranded-labourers-epathram

തട്ടിപ്പിനിരയായ തൊഴിലാളികള്‍

കമ്പനിയിലെ പണം കാണാതായി എന്നും പറഞ്ഞ് ഇറ്റലിക്കാരന്‍ കമ്പനി മുതലാളിയും മലയാളി മാനേജരും ചേര്‍ന്ന് ഇവരുടെ പെട്ടികളും സാധനങ്ങളും മുറികളില്‍ നിന്നും എടുത്തു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. അരിശം തീരാതെ ഇവരുടെ സാധനങ്ങളുടെ മേല്‍ വെള്ളം കോരി ഒഴിക്കുകയും ചെയ്തു. 6 പേരെ കള്ളക്കേസില്‍ കുടുക്കി ഉപദ്രവിക്കുകയും ഇവരെ പോലീസ്‌ കൈയ്യാമം വെച്ച് കൊണ്ട് പോകുകയും ചെയ്തു. വളരെ ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്ക്‌ ഏല്‍ക്കേണ്ടി വന്നു.

താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതോടെ പെരുവഴിയിലായ (പെരുവഴിയൊന്നും അവിടെങ്ങുമില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരുഭൂമിയിലാണ് ആയത്) ഇവര്‍ ഫ്രീസോണ്‍ അധികൃതരുടെ എടുത്തെത്തി. തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനി ഉടമയും നാട്ടുകാരനായ മലയാളി മാനേജരും കാണിക്കാത്ത അനുകമ്പയും ഉത്തരവാദിത്വവും ഫ്രീസോണ്‍ അധികൃതര്‍ കാണിച്ചു. അധികൃതര്‍ ഇവരെ ഫ്രീസോണ്‍ അതോറിറ്റിയുടെ കെട്ടിടത്തില്‍ പാര്‍പ്പിച്ചു.

താമസ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും ഭക്ഷണത്തിന് ഒരു വഴിയും ഇല്ലായിരുന്നു ഇവരുടെ മുന്‍പില്‍. സംഭവം അറിഞ്ഞെത്തിയ നല്ലവരായ ഏതാനും മലയാളികള്‍ ഇവര്‍ക്ക്‌ ഭക്ഷണം എത്തിച്ചു കൊടുത്തതോടെയാണ് പട്ടിണിയിലായ ഇവര്‍ രണ്ടു നേരം ആഹാരം കഴിച്ചു തുടങ്ങിയത്.

ഫ്രീസോണ്‍ അധികൃതരുടെ മദ്ധ്യസ്ഥ ശ്രമത്തിനു കമ്പനി വഴങ്ങാതായത്തോടെ തൊഴിലാളികള്‍ ഇന്ത്യന്‍ അസോസിയേഷനെ സമീപിച്ചു. അസോസിയേഷന്‍ ഏര്‍പ്പാടാക്കിയ വക്കീല്‍ വഴി കേസ്‌ കോടതിയിലെത്തി. ജൂലൈ 4 നു ഇരു വിഭാഗത്തിന്റെയും സമ്മത പ്രകാരം കേസ്‌ നേരത്തെ ഒത്തുതീര്‍പ്പാക്കാം എന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അന്ന് കോടതിയില്‍ ഹാജരായ കമ്പനി അധികൃതര്‍ നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്കു സമ്മതമല്ല എന്ന് അറിയിക്കുകയാണ് ചെയ്തത്. കേസില്‍ വിധി വരുമെന്നും തങ്ങളുടെ ദുരിതത്തിന് അറുതി വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന തൊഴിലാളികളോട് “നിങ്ങളൊക്കെ ഒരു മാസം പട്ടിണി കിടന്നാലേ പാഠം പഠിക്കൂ” എന്ന് ഇവരുടെ മാനേജര്‍ ഇവരെ ഭീഷണിപ്പെടുത്തിയത്‌ പോലെ കോടതി കേസ്‌ ജൂലൈ 29 വരെ വിധി പറയാന്‍ മാറ്റി വെച്ചു. അടുത്ത മൂന്നാഴ്ച എങ്ങനെ കഴിച്ചുകൂട്ടും എന്ന അങ്കലാപ്പിലാണ് ഇവര്‍ ഇപ്പോള്‍. തങ്ങളെ ഇപ്പോള്‍ സഹായിക്കുന്ന വ്യക്തികള്‍ക്ക് ഈ സഹായം ഇത്രയും നാള്‍ തുടരാന്‍ ആവില്ല എന്ന് ഇവര്‍ക്കറിയാം.

കമ്പനിയുടെ പ്രധാന ബിസിനസ് എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണമാണ്. ഇത് വര്‍ഷത്തില്‍ 6 മാസം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ 6 മാസത്തേയ്ക്ക് കമ്പനി കേരളത്തില്‍ പോയി അന്‍പതോളം പേരെ റിക്രൂട്ട് ചെയ്തു വരും. ഒരു മാസം ശമ്പളം കൊടുക്കും. 6 മാസം കഴിയുമ്പോഴേക്കും ശമ്പളം ലഭിക്കാതെ വലയുന്ന തൊഴിലാളികള്‍ കിട്ടുന്ന തുകയും കൈപ്പറ്റി സ്വയം ഒഴിഞ്ഞു പോവാന്‍ തയ്യാറാവും. കഴിഞ്ഞ വര്‍ഷവും അന്‍പതോളം പേര്‍ ഇങ്ങനെ പോയതാണ്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ പോയവരുടെ പക്കല്‍ നിന്നും വിസാ ചിലവിനെന്നും പറഞ്ഞ് 50,000 രൂപയോളം വാങ്ങിയെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിലേയ്ക്കായി പണം ചിലര്‍ നാട്ടില്‍ നിന്നും വരുത്തിയാണ് കമ്പനിയില്‍ അടച്ചത്. പണം കൊടുക്കാനില്ലാഞ്ഞ ചിലര്‍ക്ക് മറ്റു തൊഴിലാളികള്‍ ജാമ്യം നില്‍ക്കുകയും, അവരുടെ ശമ്പളത്തില്‍ നിന്നും ഈ തുക പിടിക്കുകയും ചെയ്തു. ഈ തുക പിന്നീട് നാട്ടിലെത്തിയവര്‍ അവരുടെ വീടുകളില്‍ ചെന്ന് കൊടുത്തു തീര്‍ക്കുകയാണ് ചെയ്തത് എന്നും ഇവര്‍ അറിയിക്കുന്നു. വിസാ ചിലവിനു പണം പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം ക്രൂരതകളാണ് തങ്ങളോട് കമ്പനി ചെയ്തത് എന്ന് തൊഴിലാളികള്‍ പറയുന്നു.

വര്‍ഷാവര്‍ഷം ഇത് പോലെ അന്‍പതോളം പേരെ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്‌താല്‍ മാനേജര്‍ക്ക് ലഭിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. കമ്പനിയ്ക്ക് സൌജന്യ നിരക്കില്‍ തൊഴിലാളികളെയും. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ വലച്ചാല്‍ കിട്ടിയ തുകയും കൊണ്ട് പ്രശ്നമൊന്നുമുണ്ടാക്കാതെ ഇവര്‍ തിരികെ പൊയ്ക്കൊള്ളും എന്നതാണ് കമ്പനിയുടെ കണക്ക്‌ കൂട്ടല്‍.

എറണാകുളം പോലീസ്‌ കമ്മീഷണര്‍ക്ക് ഈ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഒരു പരാതിയും തൊഴിലാളികള്‍ ഫാക്സായി അയച്ചിട്ടുണ്ട്. നിയമത്തെ മാറി കടന്നുള്ള ഈ വിസാ – നിയമന തട്ടിപ്പ്‌ ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. സ്വപ്ന ഭൂമിയിലേയ്ക്ക് വിമാനം കയറാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക്‌ ഒരു മുന്നറിയിപ്പാവണം ഇത്തരം ദുരനുഭവങ്ങള്‍. ഒപ്പം ഇവരെ തടയാന്‍ നമ്മുടെ നാട്ടിലെ നിയമപാലകര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ഇവര്‍ ഗള്‍ഫില്‍ നിന്നും ഫാക്സായി അയച്ച പരാതി അതിനു സഹായകരമാവും എന്നാണ് ഇവരുടെ പ്രതീക്ഷ.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « സമാജം സമ്മര്‍ ക്യാമ്പ്
Next Page » സമാജം ഒരുക്കുന്ന ‘സമ്മര്‍ ഇന്‍ മുസഫ’ »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine