ഷാര്‍ജ : തൊഴില്‍ അന്വേഷകര്‍ സൂക്ഷിക്കുക. പുതിയ തരം തൊഴില്‍ തട്ടിപ്പ് സംഘം ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളികളാണ് സംഘത്തില്‍ ഉള്ളവര്‍. ഇവരുടെ കെണിയില്‍ പെട്ടതും മിക്കവാറും മലയാളികള്‍ തന്നെ. തൊഴില്‍ അന്വേഷിച്ച് നാട്ടില്‍ നിന്നും വന്ന പാവം തൊഴില്‍ അന്വേഷകരുടെ കയ്യിലുള്ള അല്‍പ്പം പണം കൂടി തട്ടിയെടുക്കുകയാണ് സംഘത്തിന്റെ പരിപാടി.
ഇതിനായി ഇവര്‍ പത്രങ്ങളിലും മറ്റും റിക്രൂട്ട്മെന്റ് കമ്പനിയുടെ പേരില്‍ പരസ്യം നല്‍കും. തൊഴില്‍ അന്വേഷകന്‍ ഇവരെ ബന്ധപ്പെട്ടാല്‍ ഏതു ജോലിയാണ് തേടുന്നത് എന്ന് ചോദിക്കുകയും ഏതു ജോലി പറഞ്ഞാലും അത് ലഭ്യമാണ് എന്ന് പറയുകയും ചെയ്യും. തൊഴിലുടമയുമായി ഇന്റര്‍വ്യു തരപ്പെടുത്തി തരാം എന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഇന്റര്‍വ്യുയില്‍ പാസായാല്‍ ജോലി ഉറപ്പാണ് എന്നും ഇവര്‍ പറയുന്നതോടെ തൊഴില്‍ അന്വേഷകന്‍ ഇവരുടെ വലയില്‍ വീഴുന്നു. ഇത്രയും ഞങ്ങള്‍ ചെയ്യുന്നത് സൌജന്യമായാണ്. എന്നാല്‍ ഇന്റര്‍വ്യു പാസായാല്‍ നിങ്ങള്‍ക്ക് ജോലി ഉറപ്പാണ് എന്നതിനാല്‍ പാസായാല്‍ ഞങ്ങളുടെ ഫീസായ 200 ദിര്‍ഹം നല്‍കണം എന്ന ഇവരുടെ ആവശ്യം ന്യായമായി തോന്നിയേക്കാം.
എന്നാല്‍ ഇന്റര്‍വ്യു ഇവര്‍ തന്നെ തങ്ങളുടെ ആള്‍ക്കാരെ വെച്ചാണ് നടത്തുന്നത്. ഇതില്‍ എല്ലാവരും പാസാകുകയും ചെയ്യും. പാസായ ഉടന്‍ തന്നെ ഇവര്‍ ജോലി നിങ്ങള്‍ക്ക് ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും മറ്റ് വിസ, തൊഴില്‍ കരാര്‍, ശമ്പളം, ആനുകൂല്യങ്ങള്‍ എന്നീ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതോടെ തൊഴില്‍ അന്വേഷകന് തനിക്ക് ജോലി ലഭിച്ച പ്രതീതി ലഭിക്കുന്നു. തിരികെ പോവുന്നതിനു മുന്‍പ് തന്നെ ഇത്രയും സഹായിച്ച നല്ലവരായ റിക്രൂട്ട്മെന്റ് കമ്പനിയുടെ ഫീസായ 200 ദിര്‍ഹം ഇയാള്‍ കൃതജ്ഞതയോടെ നല്‍കുകയും ചെയ്യുന്നു.
സന്തോഷത്തോടെ പണവും വാങ്ങി തൊഴില്‍ ദാതാവിനെ യാത്രയാക്കുന്ന ഇവര്‍ പിന്നീട് നിങ്ങളുടെ മൊബൈല്‍ നമ്പരില്‍ നിന്നുമുള്ള ഫോണ്‍ എടുക്കില്ല. നിയമനം സംബന്ധിച്ച് ആരായാന്‍ നിങ്ങള്‍ എത്ര തവണ വിളിച്ചാലും ഇത് തന്നെയാവും ഫലം. വേറെ ഏതെങ്കിലും നമ്പരില്‍ നിന്നും വിളിച്ചാല്‍ ഇവര്‍ ഫോണ്‍ എടുക്കും. വിസയും മറ്റും തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്ന് മറുപടിയും ലഭിക്കും. ഫലത്തില്‍ ആഴ്ചകളോളം ഇങ്ങനെ പണവും നല്‍കി കാത്തിരിക്കുന്ന നിരവധി പേര്‍ ഇപ്പോള്‍ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസിലാക്കിയിട്ടുണ്ട്.
ദിവസം പത്തു പേരെ പറ്റിച്ചാല്‍ തന്നെ കയ്യില്‍ വരുന്നത് 24000 ത്തോളം രൂപയാണ്. രണ്ടു മാസത്തെ വിസിറ്റ് വിസയില്‍ എത്തുന്ന സംഘം രണ്ടു മാസം കൊണ്ട് എല്ലാ ചിലവും കഴിച്ച് പത്തു ലക്ഷത്തോളം രൂപ സമ്പാദിച്ചു തിരികെ പോവുന്നതോടെ ഇവരെ പിന്നീട് പിടി കൂടാനും കഴിയില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി