ഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക് തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ് ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ് തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ് തന്നെ ഇവര്‍ക്ക് ടിക്കറ്റ് എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക് നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക് ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി, യു.എ.ഇ.
how can we help them? any contact details?
[…] […]