ഒട്ടേറെ ശാഖകളുള്ള ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ നല്ല ശമ്പളവും പ്രൊമോഷന്‍ സാദ്ധ്യതകളും ഉള്ള ഒരു ജോലി. ഇതായിരുന്നു ഏറണാകുളത്തെ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ വാഗ്ദാനം. ഇത് കണ്ടു തൊഴില്‍ അന്വേഷിച്ചെത്തിയ യുവാക്കളോട് അറബി നാട്ടില്‍ നിന്നുമെത്തിയ മലയാളിയായ കമ്പനി മാനേജര്‍ റിക്രൂട്ട്മെന്റ് ഫീസ് എന്നും പറഞ്ഞ് 50,000 മുതല്‍ 75,000 രൂപ വരെ എണ്ണി വാങ്ങിയപ്പോഴും സ്വപ്ന ഭൂമിയിലേയ്ക്കുള്ള യാത്ര മനസ്സില്‍ കണ്ടവരാരും രണ്ടാമതൊന്നും ചിന്തിച്ചില്ല. മാത്രമല്ല, വിസയും തൊഴില്‍ കരാറും എല്ലാം സര്‍ക്കാര്‍ പരസ്യങ്ങളില്‍ കണ്ടതു പോലെ നിയമാനുസൃതവും. പിന്നെന്തു ചിന്തിക്കാന്‍?
വിമാനം കയറി സ്വപ്ന ഭൂമിയിലെത്തി. പ്രതീക്ഷിച്ചത് പോലെ സുന്ദരമല്ല തൊഴില്‍ സ്ഥലം. മരുഭൂമിയില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് മേല്‍ക്കൂര യായുള്ള ഒരു ഷെഡില്‍ പെയിന്റിംഗും മറ്റുമാണ് ജോലി. എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണം. മാസാവസാനം കൈയ്യില്‍ ശമ്പളം എത്തിയതോടെ മറ്റെല്ലാം മറക്കാനും പൊറുക്കാനും അവര്‍ തയ്യാറുമായി.
അദ്ധ്വാനിച്ചു തൊഴില്‍ ചെയ്‌താല്‍ ഈ നാട്ടില്‍ ഉയര്‍ച്ച ലഭിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതിനാല്‍ കഠിനമായി തന്നെ അദ്ധ്വാനിക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ അദ്ധ്വാനമല്ലാതെ ശമ്പളം ഒന്നും തന്നെ ഇവര്‍ക്ക് ലഭിച്ചില്ല.
നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ അവര്‍ അധികൃതരോട് പരാതിപ്പെട്ടു. പരാതി പറഞ്ഞു തിരികെ താമസ സ്ഥലത്തെത്തിയ ഇവരെ രാത്രിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ട് പോയി മര്‍ദ്ദിച്ചു.
കമ്പനിയിലെ പണം കാണാതായി എന്നും പറഞ്ഞ് ഇറ്റലിക്കാരന്‍ കമ്പനി മുതലാളിയും മലയാളി മാനേജരും ചേര്‍ന്ന് ഇവരുടെ പെട്ടികളും സാധനങ്ങളും മുറികളില്‍ നിന്നും എടുത്തു പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. അരിശം തീരാതെ ഇവരുടെ സാധനങ്ങളുടെ മേല്‍ വെള്ളം കോരി ഒഴിക്കുകയും ചെയ്തു. 6 പേരെ കള്ളക്കേസില്‍ കുടുക്കി ഉപദ്രവിക്കുകയും ഇവരെ പോലീസ് കൈയ്യാമം വെച്ച് കൊണ്ട് പോകുകയും ചെയ്തു. വളരെ ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നു.
താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതോടെ പെരുവഴിയിലായ (പെരുവഴിയൊന്നും അവിടെങ്ങുമില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരുഭൂമിയിലാണ് ആയത്) ഇവര്‍ ഫ്രീസോണ്‍ അധികൃതരുടെ എടുത്തെത്തി. തൊഴിലാളികളുടെ കാര്യത്തില്‍ കമ്പനി ഉടമയും നാട്ടുകാരനായ മലയാളി മാനേജരും കാണിക്കാത്ത അനുകമ്പയും ഉത്തരവാദിത്വവും ഫ്രീസോണ്‍ അധികൃതര്‍ കാണിച്ചു. അധികൃതര്‍ ഇവരെ ഫ്രീസോണ്‍ അതോറിറ്റിയുടെ കെട്ടിടത്തില്‍ പാര്‍പ്പിച്ചു.
താമസ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും ഭക്ഷണത്തിന് ഒരു വഴിയും ഇല്ലായിരുന്നു ഇവരുടെ മുന്‍പില്‍. സംഭവം അറിഞ്ഞെത്തിയ നല്ലവരായ ഏതാനും മലയാളികള്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തതോടെയാണ് പട്ടിണിയിലായ ഇവര്‍ രണ്ടു നേരം ആഹാരം കഴിച്ചു തുടങ്ങിയത്.
ഫ്രീസോണ്‍ അധികൃതരുടെ മദ്ധ്യസ്ഥ ശ്രമത്തിനു കമ്പനി വഴങ്ങാതായത്തോടെ തൊഴിലാളികള്‍ ഇന്ത്യന്‍ അസോസിയേഷനെ സമീപിച്ചു. അസോസിയേഷന്‍ ഏര്‍പ്പാടാക്കിയ വക്കീല്‍ വഴി കേസ് കോടതിയിലെത്തി. ജൂലൈ 4 നു ഇരു വിഭാഗത്തിന്റെയും സമ്മത പ്രകാരം കേസ് നേരത്തെ ഒത്തുതീര്‍പ്പാക്കാം എന്ന് കരുതിയിരുന്നതാണ്. എന്നാല്‍ അന്ന് കോടതിയില്‍ ഹാജരായ കമ്പനി അധികൃതര്‍ നേരത്തെ ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്കു സമ്മതമല്ല എന്ന് അറിയിക്കുകയാണ് ചെയ്തത്. കേസില്‍ വിധി വരുമെന്നും തങ്ങളുടെ ദുരിതത്തിന് അറുതി വരുമെന്നുമുള്ള പ്രതീക്ഷയിലായിരുന്ന തൊഴിലാളികളോട് “നിങ്ങളൊക്കെ ഒരു മാസം പട്ടിണി കിടന്നാലേ പാഠം പഠിക്കൂ” എന്ന് ഇവരുടെ മാനേജര്‍ ഇവരെ ഭീഷണിപ്പെടുത്തിയത് പോലെ കോടതി കേസ് ജൂലൈ 29 വരെ വിധി പറയാന്‍ മാറ്റി വെച്ചു. അടുത്ത മൂന്നാഴ്ച എങ്ങനെ കഴിച്ചുകൂട്ടും എന്ന അങ്കലാപ്പിലാണ് ഇവര്‍ ഇപ്പോള്‍. തങ്ങളെ ഇപ്പോള്‍ സഹായിക്കുന്ന വ്യക്തികള്‍ക്ക് ഈ സഹായം ഇത്രയും നാള്‍ തുടരാന്‍ ആവില്ല എന്ന് ഇവര്‍ക്കറിയാം.
കമ്പനിയുടെ പ്രധാന ബിസിനസ് എക്സിബിഷന്‍ സ്റ്റാളുകളുടെ നിര്‍മ്മാണമാണ്. ഇത് വര്‍ഷത്തില്‍ 6 മാസം മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ 6 മാസത്തേയ്ക്ക് കമ്പനി കേരളത്തില്‍ പോയി അന്‍പതോളം പേരെ റിക്രൂട്ട് ചെയ്തു വരും. ഒരു മാസം ശമ്പളം കൊടുക്കും. 6 മാസം കഴിയുമ്പോഴേക്കും ശമ്പളം ലഭിക്കാതെ വലയുന്ന തൊഴിലാളികള്‍ കിട്ടുന്ന തുകയും കൈപ്പറ്റി സ്വയം ഒഴിഞ്ഞു പോവാന്‍ തയ്യാറാവും. കഴിഞ്ഞ വര്‍ഷവും അന്‍പതോളം പേര്‍ ഇങ്ങനെ പോയതാണ്. കഴിഞ്ഞ വര്‍ഷം ഇങ്ങനെ പോയവരുടെ പക്കല്‍ നിന്നും വിസാ ചിലവിനെന്നും പറഞ്ഞ് 50,000 രൂപയോളം വാങ്ങിയെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിലേയ്ക്കായി പണം ചിലര്‍ നാട്ടില്‍ നിന്നും വരുത്തിയാണ് കമ്പനിയില്‍ അടച്ചത്. പണം കൊടുക്കാനില്ലാഞ്ഞ ചിലര്‍ക്ക് മറ്റു തൊഴിലാളികള്‍ ജാമ്യം നില്‍ക്കുകയും, അവരുടെ ശമ്പളത്തില്‍ നിന്നും ഈ തുക പിടിക്കുകയും ചെയ്തു. ഈ തുക പിന്നീട് നാട്ടിലെത്തിയവര്‍ അവരുടെ വീടുകളില്‍ ചെന്ന് കൊടുത്തു തീര്‍ക്കുകയാണ് ചെയ്തത് എന്നും ഇവര്‍ അറിയിക്കുന്നു. വിസാ ചിലവിനു പണം പിടിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം ക്രൂരതകളാണ് തങ്ങളോട് കമ്പനി ചെയ്തത് എന്ന് തൊഴിലാളികള്‍ പറയുന്നു.
വര്‍ഷാവര്‍ഷം ഇത് പോലെ അന്‍പതോളം പേരെ കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്‌താല്‍ മാനേജര്‍ക്ക് ലഭിക്കുന്നത് 25 ലക്ഷത്തോളം രൂപയാണ്. കമ്പനിയ്ക്ക് സൌജന്യ നിരക്കില്‍ തൊഴിലാളികളെയും. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ വലച്ചാല്‍ കിട്ടിയ തുകയും കൊണ്ട് പ്രശ്നമൊന്നുമുണ്ടാക്കാതെ ഇവര്‍ തിരികെ പൊയ്ക്കൊള്ളും എന്നതാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍.
എറണാകുളം പോലീസ് കമ്മീഷണര്‍ക്ക് ഈ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള ഒരു പരാതിയും തൊഴിലാളികള്‍ ഫാക്സായി അയച്ചിട്ടുണ്ട്. നിയമത്തെ മാറി കടന്നുള്ള ഈ വിസാ – നിയമന തട്ടിപ്പ് ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. സ്വപ്ന ഭൂമിയിലേയ്ക്ക് വിമാനം കയറാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാവണം ഇത്തരം ദുരനുഭവങ്ങള്‍. ഒപ്പം ഇവരെ തടയാന്‍ നമ്മുടെ നാട്ടിലെ നിയമപാലകര്‍ ജാഗ്രത പുലര്‍ത്തുകയും വേണം. ഇവര്‍ ഗള്‍ഫില്‍ നിന്നും ഫാക്സായി അയച്ച പരാതി അതിനു സഹായകരമാവും എന്നാണ് ഇവരുടെ പ്രതീക്ഷ.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, തൊഴിലാളി