ഷാര്ജ: യു എ ഇ. വനിതയുടെ ഉടമസ്ഥതയിലുള്ള കാര് വാഷിംഗ് കമ്പനിയില് ജീവനക്കാരനായിരുന്ന കാസര്കോഡ് വടുതല സ്വദേശി അനന്ദനാണ് സാമ്പത്തിക ക്രമക്കേട്,ആജീവനാന്ത വിലക്ക്,ജയില്വാസം എന്നിവയില് നിന്ന് കുറ്റവിമുക്തനായത്.
കാര് വാഷിംഗിന് ഒരു വര്ഷത്തിലധികമായി ലഭിച്ച (1,42000)ഒരു ലക്ഷത്തി നാല്പ്പത്തി രണ്ടായിരം ദിര്ഹംസ് ഉടമയ്ക്ക് കൊടുക്കാതെ തട്ടിച്ചെടുത്തു എന്നതായിരുന്നു അനന്ദനെതിരെ യു.എ ഇ. വനിത നല്കിയ പരാതി.
സാക്ഷികളുടെ അഭാവത്താലും, പോലീസില് നല്കിയ പരാതി രേഖകളുടെ വൈരുദ്ധ്യത്താലും 2009 ജനുവരി 26ന് അനന്ദനെതിരെയുള്ള വിധി ഷാര്ജ കോടതി റദ്ദക്കുകയായിരുന്നു. അനന്ദന് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.ഷാര്ജയിലും ദുബൈയിലുമുള്ള യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നിരന്തര ഇടപെടലാണ് കോടതി വിധി അനന്തന് അനുകൂലമാകാന് കാരണമായത്.
നിസ്സഹായനായ ഒരു മലയാളി പൊതുപ്രവര്ത്തകനായ നിയമ പ്രതിനിധിയുടെ സഹായത്തോടെ നടത്തിയ നിയമ പോരാട്ടത്തിന്റെ വലിയ കഥയാണ് ഇവിടെ പുറത്തു വരുന്നത്.
2006ലാണ് അനന്ദന് തൊഴില് തേടി ഷാര്ജയില് വിസ്സിറ്റ് വിസയില് എത്തുന്നത്.ജോലിയന്വേഷണത്തിനൊടുവില് ഷാര്ജ സ്വദേശിനിയുടെ കാര് വാഷിംഗ് കമ്പനിയില് ജോലി ലഭിക്കുകയും ചെയ്തു. കാര് വാഷിംഗിന് പുറമെ വച്ച്മാനായും അനന്ദന് അധിക ജോലി നോക്കിയിരുന്നു.എന്നാല് മാസങ്ങളോളം ശമ്പളം ലഭിച്ചില്ല.സഹപ്രവര്ത്തകരുടെ സഹായത്താലാണ് ഈ മലയാളി ജീവിതം തള്ളിനീക്കിയത്.അതിനിടെ വിസയുടെ ബങ്ക് ഗ്യാരന്റിയായി (3000)മൂവായിരം ദിര്ഹംസ് കമ്പനി വാങ്ങുകയും ചെയ്തു.വിസ റദ്ദാക്കാനോ നാട്ടില് പോകാനോ കമ്പനി അനുവദിച്ചതുമില്ല.ഈയവസരത്തിലാണ് സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ അനന്ദന് കോടതിയെ സമീപിച്ചത്.ഒന്പതു മാസത്തെയും ഇരുപതു ദിവസത്തെയും ശമ്പളവും ആനുകൂല്യവുമടക്കം (12,320)പന്തീരായിരത്തി മുന്നൂറ്റി ഇരുപതു ദിര്ഹംസു നല്കാന് വിധിച്ചു കൊണ്ട് ഷാര്ജാ കോടതി അനന്ദന് അനുകൂലമായി. യു.എ.ഇ വനിതയ്ക്കെതിരെയുള്ള വിധിയായി മാദ്ധ്യമങ്ങള് ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല് കമ്പനിയുടമ വീണ്ടും പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.അനന്ദന് കമ്പനിയുടെ വന് തുക തിരിമറി നടത്തിയെന്നായിരുന്നു പരാതി.മൂന്നു മാസത്തെ ജയില്വാസവും,നാടുകടത്തലും,ആജീവനാന്ത യു.എ.ഇ വിലക്കുമായിരുന്നു കോടതി വിധി. അതേ സമയം അനന്ദന് അറിയാതെയാണ് കേസ്സുകള് മുഴുവന് നടന്നിരുന്നതും വിധി വന്നതും.
നിരപരാധിയായ തന്നെ മുന് കേസ്സിന്റെ അടിസ്ഥാനത്തില് യു.എ.ഇ വനിത കള്ളക്കേസ്സില് കുടുക്കുകയായിരിന്നുവെന്ന് അനന്ദന് തിരിച്ചറിയുകയായിരുന്നു.വീണ്ടും നിയമ പോരാട്ടത്തിന്റെ വഴികളിലേക്കു തിരിയാന് ഈ മലയാളി നിര്ബന്ധിതനായി. ആദ്യ കേസ്സില് തനിക്ക് നിയമരക്ഷ നേടിത്തന്ന സലാം പാപ്പിനിശ്ശേരി മാത്രമായിരുന്നു ഇത്തവണയും തുണ.യു.എ.ഇ വനിതയ്ക്കെതിരെയുള്ള പരാതിയായതിനാല് ആദ്യ തവണയും മറ്റ് അഡ്വക്കേറ്റ്മാര് അനന്ദനെ കയ്യൊഴിഞ്ഞിരുന്നു.നിയമങ്ങള് അറിയാത്തതിന്റെ പേരില് നിരപരാധികള് ശിക്ഷിക്കപ്പെടുന്ന ഇക്കാലത്ത് തന്റെ നിരപരാധിത്വം തെളിയിക്കാന് കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് അനന്ദന്.നിസ്വാര്ത്ഥമായി കൂടെ നിന്ന് സൌജന്യമായി നിയമ സഹായം ചെയ്തു തന്ന സലാം പാപ്പിനിശ്ശേരിയോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിക്കുന്നു.
പ്രതീഷ് പ്രസാദ്
-