ദുബായ് : നെല്ലറ ഗള്‍ഫ് മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ് മീഡിയ സൊലൂഷന്‍സ്, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ് തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ് നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക് കോക്കൂര്‍, നെല്ലറ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
കണ്ണൂര്‍ ശരീഫ്, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ് കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.
മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്, അനുപമ വിജയ്, ജംഷീര്‍, മുഹമ്മദ് നിയാസ്, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക് ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക് സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-