ദുബായ് : പ്രശസ്ത കവിയും ചലച്ചിത്ര ഗാന രചയിതാവുമായ പി. കെ. ഗോപിയുമായി കവിതാ, സാഹിത്യ, ദാര്‍ശനിക ചര്‍ച്ചകളുമായി ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ദുബായില്‍ ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് 8 മണി മുതല്‍ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടിലുള്ള പാര്‍ട്ടി ഹാളില്‍ പി. കെ. ഗോപിയുമായി സംവദിക്കാനുള്ള വേദി ഒരുക്കിയത് ഫുഡ് കോര്‍ട്ടില്‍ തന്നെയുള്ള സല്‍ക്കാര റെസ്റ്റോറന്‍റ്റും ചില സുഹൃത്തുക്കളും ചേര്‍ന്നാണ്. തികച്ചും അനൌപചാരികമായ ഒരു സൌഹൃദ കൂട്ടായ്മയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പി. കെ. ഗോപിയോടൊപ്പം പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്സന്‍, ക്ലോസ് അപ്പ് മാന്ത്രികനും, നാടന്‍ പാട്ട് – പുല്ലാങ്കുഴല്‍ കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവരും പങ്കെടുക്കും. കവിതാ സംഗീത മാന്ത്രിക പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്ന ഈ കൂട്ടായ്മ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും യു. എ. ഇ. യിലെ പ്രവാസി മലയാളികള്‍ക്ക് സമ്മാനിക്കുക.

നാടന്‍ പാട്ടിന്റെ മാസ്മരിക താളത്തില്‍ എല്ലാം മറന്ന് ആസ്വദിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം. ബാലചന്ദ്രന്‍ കൊട്ടോടി പാടുന്ന നാടന്‍ പാട്ടിനോടൊപ്പം താളമടിച്ച് ചേര്‍ന്നു പാടുന്ന ഒട്ടേറെ പേരോടൊപ്പം എം. എ. ജോണ്സന്‍, പി. കെ. ഗോപി എന്നിവരെയും ചിത്രത്തില്‍ കാണാം. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഈ ദൃശ്യം.
ടിക്കറ്റ് എടുക്കാതെ ഇത്തരമൊരു സാംസ്കാരിക സംഗമത്തില്‍ പങ്കെടുക്കാനുള്ള അവസരം അപൂര്‍വ്വമായി ലഭിക്കുന്ന പ്രവാസി മലയാളികളെ ഏവരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി അറിയിക്കുന്നു. രാത്രി 8 മണി മുതല്‍ 12 മണി വരെ സംഗമം ഉണ്ടായിരിക്കും.


അബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ് 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ് വര്‍ഗ്ഗീസ് ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.
റിയാദ് : ഒളിച്ച് വെക്കാനുള്ളതല്ല വിളിച്ച് പറയാനുള്ളതാണ് കവിതയെന്ന് കവി മുരുകന്‍ കാട്ടാക്കട. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാരെ സ്വീകരിക്കാനുള്ള വിമുഖത കാണിക്കുന്ന പ്രവണത മലയാള മുഖ്യാധാരാ സാഹിത്യത്തിലുണ്ടെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്‍റ് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, എസ്. എന്‍. ചാലക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.



















