സോയാ വെജിറ്റബിള്‍ മിക്സ്

October 25th, 2011

soyabean-epathram
സോയാ ഗ്രാന്യുള്‍സ് , സോയാമില്‍ക്ക്, സോയ ചങ്ക്‌സ്, സോയാപനീര്‍, സോയാ മില്‍ക്ക് – ഇങ്ങനെ സോയാബീന്‍ ഒരുപാട് തരത്തില്‍ നമ്മുടെ മുന്നില്‍ എത്തുന്നുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനു നല്ലതാണ് സോയാബീന്‍ ഉല്പന്നങ്ങള്‍. രുചിയും ഉണ്ട്.

വളരെ പോഷക സമൃദ്ധവും ചിക്കന്റെ രുചി നല്‍കുന്നതുമായ ഈ സോയാബീന്‍ കറി ചപ്പാത്തി , നെയ്‌ ചോറ് എന്നിവയ്ക്ക്  മികച്ച ഒരു കോമ്പിനേഷന്‍ ആണ്. മാംസാഹാരങ്ങള്‍ക്ക് ഒരു നല്ല പകരക്കാരന്‍ കൂടിയാണ്. ഒന്ന് ട്രൈ ചെയ്യൂ. :-)

ചേരുവകള്‍

സോയാബീന്‍ ഗ്രാന്യുള്‍സ് – 1  കപ്പ്
സവാള – 1വലുത്
തക്കാളി – 1വലുത്
ഉരുളകിഴങ്ങ് – 1
ഗ്രീന്‍പീസ് – അര കപ്പ്‌
ബീന്‍സ്‌  – 5 – 6 എണ്ണം
ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം
വെളുത്തുള്ളി – 5 – 6 അല്ലി
പച്ച മുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
ഗരം മസാല – 1 ടീസ്പൂണ്‍
മീറ്റ്‌ മസാല – 1 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മല്ലിയില – പൊടിയായി അരിഞ്ഞത് – അര കപ്പ്‌
എണ്ണ – 2-3 ടേബിള്‍സ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2 കപ്പ്‌ വെള്ളം ചൂടാക്കി സോയാബീന്‍ അതില്‍ ഇട്ടു 10 മിനിറ്റ് വയ്ക്കുക. അതിനു ശേഷം നന്നായീ  കൈ കൊണ്ട് പിഴിഞ്ഞ് വെള്ളം നീക്കം ചെയ്യണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറം ആകുന്നത്‌ വരെ വഴറ്റുക. ഇതിലേക്ക് ഗരം മസാല, മീറ്റ്‌ മസാല, മുളക് പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് അല്പം ഉടയുന്നത് വരെ ഇളക്കുക. ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഉരുളകിഴങ്ങ്, ബീന്‍സ്‌ എന്നിവയും ഗ്രീന്‍പീസും ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത്  വേകുവാന്‍ വേണ്ട വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം. വെള്ളം വറ്റി പച്ചക്കറി വെന്തു കഴിയുമ്പോള്‍ സോയാബീന്‍ ചേര്‍ത്ത് ഇളക്കുക. 5 മിനിറ്റ് മൂടി വച്ച് വേവിക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. മല്ലിയില ചേര്‍ത്തിളക്കി വാങ്ങാം.  ആവശ്യമെങ്കില്‍ അര ടീസ്പൂണ്‍ ഗരംമസാലയും കൂടി ചേര്‍ക്കാം.

കുറിപ്പ്‌: ഞാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീന്‍പീസ് ഫ്രോസണ്‍ ആണ്. അതിനാല്‍ ബാക്കി പച്ചക്കറികളുടെ കൂടെ വേകും. ഉണക്കിയ ഗ്രീന്‍പീസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ കുറഞ്ഞത് 6-8 മണിക്കൂറെങ്കിലും കുതിര്‍ത്തു കുക്കറില്‍ വേവിച്ചു കറിയില്‍ ചേര്‍ക്കുക. മേല്‍പ്പറഞ്ഞ പച്ചക്കറികള്‍ക്കു പുറമേ കാരറ്റ്‌, കോളിഫ്ലവര്‍ എന്നിവയും ചേര്‍ക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ചീര തോരന്‍
പനീര്‍ തക്കാളി മസാല »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine