ഗ്രില്ഡ് ഫിഷ്‌

February 1st, 2012

grilled-fish-epathram
നല്ല നെയ്മീന്‍ കിട്ടുമ്പോ, കുടംപുളി ഒക്കെ ഇട്ടു നല്ല ‘തറവാടി മീന്‍കറി’ വയ്ക്കുന്നതിനു പകരം എരിവും പുളിയും ഇല്ലാത്ത ഗ്രില്ഡ് ഫിഷ്‌ തന്നെ ഉണ്ടാക്കണോ?? :-) ഫിഷ്‌ ഗ്രില്‍ ചെയ്യാം എന്ന് പറയുമ്പോള്‍ വീട്ടുകാരുടെ റെസ്പോണ്‍സ് ഇങ്ങനെയാണ്.. അവരെ തെറ്റ് പറയാന്‍ പറ്റില്ല.. ഇതിനു മുന്‍പൊക്കെ ബാര്‍ബിക്ക്യു പാര്‍ട്ടികള്‍ക്ക് പോയി ഞങ്ങള്‍ ചുട്ട മല്‍സ്യം കഴിച്ചിട്ടുണ്ട്. അങ്ങ് കഴിക്കാം എന്നല്ലാതെ അതിനു പറയത്തക്ക രുചി ഉള്ളതായി തോന്നിയിരുന്നില്ല. എന്തായാലും വനിതയുടെ ഏതോ ഒരു ലക്കത്തില്‍ ഗ്രില്ഡ് ഫിഷ്‌ റെസിപ്പി കണ്ടു. പിന്നത്തെ പ്രാവശ്യം നെയ്മീന്‍ വാങ്ങിയപ്പോള്‍ വെറും 3-4 പീസ്‌ ഞാന്‍ മാറ്റി വച്ചു. ഗ്രില്ഡ് ഫിഷ്‌ ഒന്ന് ചെയ്തു നോക്കാം എന്ന് വച്ചു. റെസിപ്പി എന്റെ ഇഷ്ടത്തിനു ഞാന്‍ ഒന്ന് മോഡിഫൈ ചെയ്തിട്ടുണ്ട്. എനിക്ക് വീട്ടില്‍ ഗ്രില്‍ ചെയ്യാനുള്ള സംവിധാനം ഇല്ല. ഈ റെസിപ്പി അനുസരിച്ച് ഗ്യാസില്‍ ഉണ്ടാക്കാം. അത് കണ്ടപ്പോ എന്റെ ആഗ്രഹം കലശലായി. സാധാരണ ഗ്രില്‍ ഫിഷില്‍ എണ്ണ ചേര്‍ക്കാറില്ല. ഗ്യാസില്‍ ഉണ്ടാക്കുന്നത്‌ കാരണം അല്പം എണ്ണ ചേര്‍ക്കാതെ പറ്റില്ല.  അങ്ങനെ ആയതുകൊണ്ട് ഇനി ഇതിനെ ഗ്രില്ഡ് ഫിഷ്‌ എന്ന് വിളിക്കാന്‍ നിങ്ങള്ക്ക് വിഷമം ഉണ്ടെങ്കില്‍ വേറെ എന്തെങ്കിലും വിളിക്കാം.. :-) എന്തായാലും ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഒട്ടുമുക്കാലും കഴിച്ചത് എന്റെ കുഞ്ഞിപ്പെണ്ണ് ഹയാ ആണ്… :-) എല്ലാവരും അവള്‍ടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ചു തിന്നേണ്ടി വന്നു… വളരെ സിമ്പിള്‍ ആയ ഈ ഗ്രില്ഡ് ഫിഷ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കു..

ചേരുവകള്‍

മുള്ളില്ലാത്ത മല്‍സ്യം – 250 ഗ്രാം (കിംഗ്‌ ഫിഷ്‌, ഹമ്മൂര്‍ എന്നിവയാണ് നല്ലത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂണ്‍
കുരുമുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ചെറുതായി അരിഞ്ഞത് – അര കപ്പ്
ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി 3 ഇഞ്ചു കഷണങ്ങളായി കനം കുറഞ്ഞു മുറിക്കുക. ഇതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു മണിക്കൂര്‍ നേരത്തേക്ക് ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു നോണ്‍ സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്കു അര ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ചു ചുറ്റിക്കുക. അത് ചൂടാകുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ പാനില്‍ നിരത്തുക. തീ വളരെ കുറച്ചു വച്ചു പാത്രം മൂടി വയ്ക്കുക. ഇരു വശവും മൊരിഞ്ഞ് കഴിയുമ്പോള്‍ വാങ്ങാം. പുഴുങ്ങിയ പച്ചക്കറികള്‍ (ഉരുളകിഴങ്ങ്, ബീന്‍സ്‌, കാരറ്റ്‌, ബ്രോക്കൊളി) ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്കൊപ്പം വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ചൂരക്കറി

January 3rd, 2012


tuna-curry-epathram

എന്റെ വീട്ടില്‍ അധികം മേടിക്കാത്ത ഒരു മീനാണ് ചൂര. അതിന്റെ കറുപ്പ് നിറം കാണുമ്പോ മേടിക്കാന്‍ തോന്നാറില്ല. എന്നാല്‍ വളരെ അധികം പോഷക ഗുണമുള്ള ഒരു മീനാണ് ചൂര. വെള്ള ചൂര കിട്ടും, അത് കൊണ്ട് ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്ക്…

ചെറിയ കഷണങ്ങളാക്കിയ ചൂര അരക്കിലോ
മുളക്‌പൊടി രണ്ട് ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് മൂന്ന് ടീസ്പൂണ്‍
കുടംപുളി രണ്ട്
ഉലുവപ്പൊടി കാല്‍ ടീസ്പൂണ്‍

അരകപ്പ് ഉപ്പുവെള്ളത്തില്‍ കുടംപുളി കുതിര്‍ത്തുവെയ്ക്കുക. മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും കുഴമ്പാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഒരു കതിര്‍പ്പ് കറിവേപ്പിലയിടുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. അരിഞ്ഞ ചെറിയ ഉള്ളി ചേര്‍ത്ത് ബ്രൗണ്‍ നിറമാവും വരെ വറുക്കുക. മുളക്-മഞ്ഞള്‍ പേസ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുംവരെ ഇളക്കുക. അരക്കപ്പ് വെള്ളവും കുടംപുളി ജ്യുസും ചേര്‍ക്കണം. ഒരു മിനുട്ട് തിളപ്പിച്ചശേഷം മീന്‍കഷ്ണങ്ങള്‍ ചേര്‍ക്കാം. ശേഷം ഉലുവപ്പൊടി ചേര്‍ത്ത് പത്തുമിനുട്ട് ചെറുതീയില്‍ വേവിക്കണം. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ക്കാം. അടുപ്പില്‍ നിന്ന് വാങ്ങുന്നതിന് മുന്‍പ് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ക്കുക. കുറച്ച് നേരം അടച്ച് വെച്ചിട്ട് വേണം വാങ്ങാന്‍. മണ്‍ചട്ടിയില്‍ പാകം ചെയ്ത് ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുമ്പോഴാണ് സ്വാദ്.

റെസിപ്പി അയച്ചു തന്നത് – കെ. പി. കുമാര്‍

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചെമ്മീന്‍ റോസ്റ്റ്

December 16th, 2011

easy-prawns-roast1-epathram

ഇവിടെ ദൈറ ഫിഷ്‌ മാര്‍കെറ്റില്‍ നല്ല പ്രോണ്‍സ് കിട്ടും. പല വലുപ്പത്തിലും നിറത്തിലും ഉള്ളവ. വില അല്പം കൂടുതല്‍ ആണ്. എങ്കിലും വല്ലപ്പോഴും സ്പെഷ്യല്‍ ഐറ്റം ആയി പ്രോണ്‍സ് വാങ്ങാറുണ്ട്. കഴിഞ്ഞ ആഴ്ച അരുണിന്റെ മൂത്ത സിസ്റ്റര്‍ വിജി ചേച്ചി ആന്‍ഡ്‌ ഫാമിലി ദുബായ് സന്ദര്‍ശനത്തിന് വന്നിരുന്നു. അവര്‍ക്ക് സ്പെഷ്യല്‍ ആയി, ചെമ്മീന്‍ ഫ്രൈ ഉണ്ടായിരുന്നു. മമ്മിയുടെ വക. അതിന്റെ ബാക്കി അല്പം ചെമ്മീന്‍ ഫ്രീസറില്‍ ഇരിപ്പുണ്ടായിരുന്നു. അപ്പൊ ഈ ആഴ്ച അത് വച്ച് എന്റെ വക ഒരു സ്പെഷ്യല്‍.. ;-) വളരെ എളുപ്പത്തില്‍ ഒരു ചെമ്മീന്‍ റോസ്റ്റ്‌.

easy-prawns-roast2-epathram

ചേരുവകള്‍

വൃത്തിയാക്കിയ ചെമ്മീന്‍ -അര കിലോ
സവാള നീളത്തില്‍ അരിഞ്ഞത് – 4 വലുത്
തക്കാളി അരിഞ്ഞത് -3 എണ്ണം
ഇഞ്ചി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരംമസാല -1 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇത് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നല്ല ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. പൊടികള്‍ എല്ലാം കൂടി അല്പം വെള്ളം ചേര്‍ത്ത് കുഴച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഇത് സവാളയിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി ഇളക്കുക, തക്കാളി നന്നായി വെന്തുടയുമ്പോള്‍ ചെമ്മീന്‍, ഉപ്പ്, അല്പം വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കി പത്തു മിനുറ്റ് വേവിച്ചു എടുക്കുക. വെള്ളം വറ്റി ചെമ്മീന്‍ നന്നായി വെന്തിരിക്കണം. വാങ്ങുന്നതിന് മുന്‍പ് അല്പം ഗരം മസാലയും കറിവേപ്പിലയും കൂടെ ചേര്‍ത്ത് ഇളക്കുക. ചോറിനും ചപ്പാത്തിക്കും നല്ല ഒരു സൈഡ് ഡിഷ്‌ ആണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

അയല വറുത്തത്

December 12th, 2011

Mackerel-fry-epathram

മീന്‍ വറുത്തതിനു എന്താ ടേസ്റ്റ്.. :-) സാധാരണ എന്റെ വീട്ടില്‍ മീന്‍ കറിയുടെ പരിപാടി മാത്രമേയുള്ളൂ.. നമ്മള്‍ ആരോഗ്യത്തിനു ആണല്ലോ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌.. :-) എന്നാല്‍ കഴിഞ്ഞ ആഴ്ച വല്ലാത്ത പ്രലോഭനം, ഒരു ഫിഷ്‌ ഫ്രൈ അടിക്കാന്‍.. ജീവിതം ഒന്നല്ലെയുള്ളൂ?? ആഗ്രഹം തോന്നുന്നത് അങ്ങ് സാധിക്കുക അത്ര തന്നെ. പിന്നെ ഒന്നും ആലോചിച്ചില്ല ഫ്രിഡ്ജ്‌ തുറന്നു ഫ്രീസറില്‍ നിന്നും നല്ല കുഞ്ഞു അയല മീനുകളെ പുറത്തെടുത്തു. പത്തു മിനുട്ടിനുള്ളില്‍ കഴുകി വൃത്തിയാക്കി, അരപ്പ് പുരട്ടി വച്ചു. ഇടയ്ക്കു ആരോഗ്യ ചിന്തയെങ്ങാനും വന്നു പദ്ധതി പാളിപ്പോയാലോ.. :-) ഏതായാലും ഊണ് കുശാലായി. നല്ല കുത്തരി ചോറ്, മീന്‍ വറുത്തത്, പാവയ്ക്കാ മെഴുക്കുപുരട്ടി (ആരോഗ്യത്തെ അങ്ങനെ കൈവിട്ടു എന്ന് വേണ്ടാ.. :-) ) പിന്നെ സാമ്പാറും.

fishfry-lunch-epathram

ചേരുവകള്‍

അയല : 10 എണ്ണം
മുളക് പൊടി : ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി : അര ടീസ്പൂണ്‍
കുരുമുളക് പൊടി : ഒരു ടീസ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് :അര ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്

fish-fry-marinated-epathram

പാചകരീതി:

മീന്‍ വെട്ടി കഴുകി വൃത്തിയാക്കി, വരഞ്ഞു വയ്ക്കുക. ബാക്കിയുള്ള എല്ലാ ചേരുവകളും അല്പം വെള്ളം ഒഴിച്ച് നന്നായി യോചിപ്പിച്ചതിനു ശേഷം മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വച്ചതിന്‌ ശേഷം പാനില്‍ എണ്ണ ചൂടാക്കി, ഇരു വശവും മൊരിച്ച് വറുത്തെടുക്കുക.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

മാങ്ങയിട്ട മീന്‍കറി

November 14th, 2011

meencurry-with-mangoes-epathram

മീനും മാങ്ങയും എന്ന് പറയുമ്പോള്‍ എനിക്ക് എന്റെ അമ്മവീട് ആണ് ഓര്‍മ്മ വരിക. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നില്‍ ആണ് എന്റെ മമ്മിയുടെ വീട്. അവിടെ മീന്‍ ഇല്ലാത്ത ഒരൊറ്റ ഉച്ചയൂണ് പോലും എനിക്ക് ഓര്‍മ്മയില്ല. വേനലവധി എന്ന് പറഞ്ഞാല്‍ പുളിങ്കുന്നില്‍ പോവാമല്ലോ എന്ന ഒറ്റ ചിന്തയാണ് അന്നൊക്കെ. വീടിനു ചുറ്റും ആറും, തോടും, വയല്‍ പരപ്പുകളുമാണ്. മീന്‍ സുലഭമായി ലഭിക്കും. കരിമീന്‍, വാള, ചേറു മീന്‍ എന്നിങ്ങനെ മീനുകളുടെ ലിസ്റ്റ് നീളും. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങള്‍ കുട്ടികളുടെ വക ചൂണ്ടയിട്ടു പിടിച്ച ചെറു മീനുകളും കാണും. കസിന്‍സ്‌ ഒക്കെ അവധിക്കു എത്തും. എല്ലാവരും കൂടി ചൂണ്ടയുമെടുത്തു രാവിലെ ഇറങ്ങുകയായി. പാടവക്കത്തും, തോടരുകിലും ഒക്കെ കൂട്ടം കൂടി ഇരുന്നു മീന്‍ പിടുത്തം തന്നെ വിനോദം.  പള്ളത്തി, പരല്‍, ചെമ്പല്ലി.. ഇവരൊക്കെയാണ് ഞങ്ങളുടെ ചൂണ്ടയില്‍ പെടുന്നവര്‍. മീന്‍ പിടിച്ചു ഉടനെ തന്നെ ഓടി കൊണ്ട് പോയി അമ്മച്ചിയുടെ (മമ്മിയുടെ അമ്മ) കയ്യില്‍ കൊടുക്കും. അതിനെ അപ്പോള്‍ തന്നെ വെട്ടി വൃത്തിയാക്കി കറി വച്ച് ഉച്ചക്ക് ഊണ് മേശയില്‍ എത്തിച്ചിരുന്നു അമ്മച്ചി. മീന്‍ വറുത്തത്, പീര വച്ചത്, പുളിയിട്ടു വറ്റിച്ചത്, ഇനി ഇതൊന്നുമല്ലെങ്കില്‍ മുറ്റത്തെ മാവില്‍ നിന്നും ഒരു മാങ്ങാ പറിച്ചു മീന്‍ അങ്ങ് മാങ്ങാ ഇട്ടു വയ്ക്കും. ഇനി മാങ്ങയുടെ കാര്യം പറഞ്ഞാലോ, എന്തൊക്കെ വിധം മാങ്ങകള്‍ ആയിരുന്നു.. കിളിച്ചുണ്ടന്‍, നീലം, മൂവാണ്ടന്‍.. അപ്പൊ മീനും മാങ്ങയും എന്ന് പറഞ്ഞാല്‍ അന്ന് അത് സ്പെഷ്യല്‍ ആയിരുന്നില്ല. നമ്മുടെ ചുറ്റുവട്ടത്തു സുലഭമായി ലഭിക്കുന്ന സംഗതികള്‍ കൊണ്ടുള്ള ഒരു കറി. സുഖമുള്ള ഓര്‍മ്മകള്‍.

ഇവിടെ ദുബായില്‍ വന്നപ്പോ മീനും മാങ്ങയും ഒക്കെ വല്ലപ്പോഴും വയ്ക്കുന്ന സ്പെഷ്യല്‍ ഐറ്റംസ് ആയി. ഏതായാലും നല്ല നാടന്‍ രുചിയുള്ള ഒരു മീന്‍ കറി ആണ് ഇത്. ഇനി മീന്‍ മേടിക്കുമ്പോള്‍ ഇത് ഒന്ന് ട്രൈ ചെയ്യൂ. ഞാന്‍ ഇതില്‍ നെയ്മീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ചേരുവകള്‍

മീന്‍ – 1 കിലോ (കഷ്ണം മീനുകള്‍ കൂടുതല്‍ നന്നായിരിക്കും)
മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത്  വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക.
ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത്
ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 11/2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാ – ഒരു മുറി
വെളിച്ചെണ്ണ – 1ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങാ അരച്ച് ഒന്നും രണ്ടും പാല്‍ ഓരോ വലിയ ഗ്ലാസ്‌ വീതം എടുക്കുക. മാങ്ങാ, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ഒരു മണ്‍ചട്ടിയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി,  മീന്‍ കഷ്ണങ്ങള്‍ ഇട്ടു അടുപ്പത്തു വയ്ക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. ഉലുവയും കടുകും കറിവേപ്പിലയും അല്പം ചെറിയ ഉള്ളിയും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് മുകളില്‍ ഒഴിക്കുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « പുട്ട്
Next Page » മുട്ട റോസ്റ്റ്‌ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine