മീന്‍ കറിയെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറും. വീട്ടില്‍ പലതരത്തിലുള്ള മീന്‍ കറികള്‍ ഉണ്ടാക്കാറുണ്ട്. തേങ്ങാ അരച്ചും, കുടമ്പുളി ഇട്ടും, തക്കാളി ചേര്‍ത്തും ഒരു പാട് രീതിയില്‍ മീന്‍ വയ്ക്കാം. എന്നാല്‍ ഫിഷ് മോളി ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ഫിഷ് കറിയാണ്. വളരെ നേര്‍ത്ത രുചിയുള്ള അധികം മസാലയും എരിവും ഇല്ലാത്ത ഒരു കറിയാണ് ഇത്. മാത്രവുമല്ല ഇത് ചോറിന്റെ കൂടെ സാധാരണ കഴിക്കാറില്ല. അപ്പം, പുട്ട്, ഇടിയപ്പം, ബ്രെഡ് ഇവയൊക്കെയാണ് ബെസ്റ്റ് കോമ്പിനേഷന്‍സ്. എനിക്ക് ഏതായാലും അപ്പത്തിന്റെ കൂടെ ഫിഷ് മോളി കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം. ഇതു തയ്യാറാക്കാന്‍ റെഡിയായിക്കോളൂ
ചേരുവകള്‍
മീന്‍ – ഒരു കിലോ (നെയ് മീന്‍, കരിമീന്‍, ഹമ്മൂര്‍ ഇവയില്‍ എതെങ്കിലും)
സവാള – 3 വലുത് നേര്‍മയായി അരിഞ്ഞത്
പച്ച മുളക് – 50 ഗ്രാം നെടുകെ കീറിയത്
ഇഞ്ചി ചതച്ചത് – 25 ഗ്രാം
മഞ്ഞള്‍ പൊടി – അര റ്റീസ്പൂണ്‍
കുരുമുളക് പൊടി – അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ – 100 മില്ലി
കറിവേപ്പില – 2 തണ്ട്
തേങ്ങാ – ഒന്ന്
വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍
കിസ്മിസ് – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മീന്‍ ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി മുറിച്ചു വയ്ക്കുക.തേങ്ങയുടെ ഒന്നാമത്തെയും രണ്ടാമത്തെയും പാല്‍ വെവ്വേറെ എടുത്തു വയ്‌ക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അരിഞ്ഞു വച്ച സവാള, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് മഞ്ഞള്‍ പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് രണ്ടാം പാല്‍ ഒഴിക്കണം. പാകത്തിന് ഉപ്പും വിനാഗിരിയും ചേര്‍ക്കുക. കഷണങ്ങളാക്കിയ മീന്‍ ഇതിലേക്ക് ഇട്ടു മൂടി വച്ച് 10-15 മിനിറ്റ് വേവിക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായൊന്ന് തിളപ്പിച്ച് അടുപ്പില്‍ നിന്നെടുക്കുക. മീന്‍ വെന്തു കഴിഞ്ഞാല്‍ പിന്നെ സ്പൂണ്‍ കൊണ്ട് ഇളക്കരുത് . കഷ്ണങ്ങള്‍ ഉടയും. പത്രം ചെറുതായി ഒന്ന് ചുറ്റിച്ചു മാത്രം എടുക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്സ്മിസ്സും വറുത്തെടുത്ത് ഫിഷ് മോളിക് മുകളില്‍ തൂവുക. അപ്പം, പുട്ട്, ഇടിയപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.