എപ്പോ നോക്കിയാലും ഒരു വെണ്ടയ്ക്കാ മെഴുക്കുപുരട്ടി, അതാണെങ്കില്‍ ആകെ കുഴഞ്ഞു കുഴ കുഴാന്ന് ഇരിക്കും..എന്റെ ഒരു ഇഷ്ട്ടക്കാരിയായ വേണ്ടയ്ക്കയെ കുറിച്ചാണ് അരുണ്‍ന്റെ ഈ അപവാദം..:-( എങ്ങനെ പറയാതിരിക്കും എന്റെ വെണ്ടയ്ക്കാ മെഴുക്കുപുരട്ടി കഴിക്കുമ്പോള്‍ എനിക്ക് തന്നെ വേണ്ടയ്ക്കയോട് സഹതാപം തോന്നും. അത്രയ്ക്ക് ‘ഹോപ്പ് ലെസ്സ്’ ആണ് സംഗതി. പക്ഷെ കുക്കിംഗില്‍ എന്റെ ഗുരുക്കന്മാരായ അമ്മയ്ക്കും അമ്മായിയമ്മയ്ക്കും ഒക്കെ നല്ല വെണ്ടയ്ക്കാ മെഴുക്കുപുരട്ടി വയ്ക്കാന്‍ അറിയാം കേട്ടോ.. പിന്നെ ഞാന്‍ എന്റെ മമ്മിയില്‍ നിന്നും ഒരു സംഗതി മനസ്സിലാക്കി നല്ല പോലെ എണ്ണ ഒഴിച്ച് ചെറുതീയില്‍ കുറച്ചു അധികം നേരം വരട്ടി എടുത്താല്‍ വേണ്ടയ്ക്കയ്ക്ക് നല്ല സ്വാദാണ്, അല്പം തൈര് ചേര്‍ത്താല്‍ കുഴയുകയുമില്ല. വേണ്ട, വേണ്ട അങ്ങനെ അധികം എണ്ണ ഉപയോഗിച്ചുള്ള സ്വാദ് വേണ്ട.. അത് കൊണ്ട് ഞാന്‍ തന്നെ ഒരു പുതിയ കറി അങ്ങ് പരീക്ഷിച്ചു. വെണ്ടയ്ക്കാ മസാല. എന്റെ പാചക പണിപ്പുരയില്‍ രൂപം കൊണ്ട ‘ലേറ്റസ്റ്റ് ഐറ്റം’ ആണ്. എന്തായാലും എല്ലാര്‍ക്കും ഇഷ്ടമായി. ഇനി വെണ്ടയ്ക്കാ അടിക്കടി വാങ്ങാന്‍ ഒരു കാരണമായല്ലോ. ചപ്പാത്തിക്കും ഇത് ഒരടിപൊളി കറിയാണ്.. :-)
ചേരുവകള്‍
വെണ്ടയ്ക്ക ഒരിഞ്ചു നീളത്തില്‍ നുറുക്കിയത് – അര കിലോ
സവാള – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
തക്കാളി – ഒരു വലുത് നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5-6 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
മുളകു പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെജിടബില്‍/എഗ്ഗ്/മീറ്റ് മസാല – ഒരു ടീസ്പൂണ്‍ (ഉണ്ടെങ്കില്‍ / വേണമെങ്കില്‍ മാത്രം)
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍ സ്റ്റിക് പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്നു കഴിയുമ്പോള്‍ പൊടികളും മസാലയും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക. മുറിച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്കാ ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി, (കുഴയരുത്) മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി തുറന്നു വച്ച്, ചെറുതീയില്‍ 5 മിനുറ്റ് കൂടി വഴറ്റി എടുക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.