ഇന്ന് എന്താ കറി വയ്ക്കുക എന്ന് ഓര്‍ത്ത് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ അത് കാലിയായി ഇരിക്കുന്നു. മാര്‍ക്കറ്റില്‍ പോവാനുള്ള മടി കാരണം പച്ചക്കറികള്‍ ഒന്നും ഇല്ല വീട്ടില്‍ ..:-( നോക്കുമ്പോ അതാ ഒരു കഷ്ണം ചേന ആരും കാണാതെ പാത്തു പതുങ്ങി ഇരിക്കുന്നു. ഹോ രക്ഷപ്പെട്ടു. ഇന്ന് ഇവനെ വച്ച് കാര്യം സാധിക്കാം..:-) പക്ഷെ പുറത്തെടുത്തു നോക്കിയപ്പോള്‍ ചേനയുടെ ഒരു വശം ചീഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച അവിയല്‍ വയ്ക്കാന്‍ മേടിച്ചതിന്റെ ബാക്കി ഇരുന്നതാ.. പാവം.. ഇനി എന്ത് ചെയ്യും? ഈ ചെറിയ ഒരു കഷ്ണം ചേന കൊണ്ട് കാര്യം നടക്കില്ല.. ഒരു കറിക്ക് തികയില്ല. എന്റെ കണ്ണുകള്‍ അടുക്കളയിലെ അലമാരികള്‍ പരതി. വളരെ കാലത്തിനു ശേഷം ബുദ്ധി വര്‍ക്ക് ചെയ്യിപ്പിച്ചു. ചേനയുടെ കൂടെ പറ്റിയ പല പല കോമ്പിനേഷന്‍സ് ആലോചിച്ചു. സാധാരണ എന്റെ വീട്ടില്‍ ചേനയും വന്‍പയറും ഇട്ടു എരിശ്ശേരി ഉണ്ടാക്കാറുണ്ട്. അതേ ഞാന്‍ കഴിച്ചിട്ടുള്ളു. ഏതായാലും ചുവന്ന പയര്‍ ഇനി ഇട്ടു കുതിര്‍ത്തു എടുക്കുമ്പോഴേക്കും ചേന മൊത്തം ചീയും..:-) അപ്പൊ ചെറുപയര്‍ ആയാലോ.. യുറേക്കാ.. :-) ചേന ചെറുപയര്‍ മെഴുക്കുപുരട്ടി!!! ഇന്ന് അങ്ങനെയൊരു സംഗതി ആവട്ടെ. വച്ച് നോക്കി. കൊള്ളാം.. കഞ്ഞിക്ക് പറ്റിയ കറിയാണ്. :-) അപ്പൊ ഇന്ന് ചോറും കാച്ചിയ മോരും, മെഴുക്കുപുരട്ടിയും.. ..:-)
ചേരുവകള്‍
ചെറുപയര്‍ – ഒരു കപ്പ് 3-4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്
ചേന – ഒരു കപ്പ് – ചെറുതായി നുറുക്കിയത്
ചുവന്നുള്ളി – 15 എണ്ണം
വെളുത്തുള്ളി – 7-8 അല്ലി
വറ്റല്‍മുളക് – 5 എണ്ണം
കറിവേപ്പില – 2 തണ്ട്
കുരുമുളക്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുപയറും ചേനയും ഉപ്പിട്ട് നികക്കെ വെള്ളമൊഴിച്ചു പ്രഷര്‍കുക്കറില്‍ രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ നന്നായി ചതച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചതച്ച ചേരുവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന ചേന പയര്‍ കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. 3-4 മിനുട്ടിന് ശേഷം തീ ഓഫു ചെയ്യുക.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lentils, side dishes, vegetarian, കറി, ചോറ്