മുട്ടക്കറി

January 28th, 2012

eggcurry-epathram
മുട്ട ഏതു പരുവത്തിലാക്കിയാലും എനിക്ക് ഇഷ്ടമാണ്. മുട്ട റോസ്റ്റ്‌ ഉണ്ടാക്കുന്ന വിധം നേരത്തെ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഈ മുട്ടക്കറി എന്റെ റെസിപ്പി അല്ല. കുസാറ്റില്‍ എന്റെ സീനിയര്‍ ആയി പഠിച്ച ദിവ്യായുടെ റെസിപ്പി ആണ് ഇത്. കക്ഷിയുടെ സ്വന്തം കണ്ടുപിടുത്തമാണ് ഇത്. എന്തായാലും വളരെ സ്വാദിഷ്ടമായ ഒരു കറിയാണ്.

ചേരുവകള്‍

മുട്ട പുഴുങ്ങി നെടുകെ മുറിച്ചത് – 4 എണ്ണം
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
മുളക്പൊടി – 2 ടീസ്പൂണ്‍ നികക്കെ
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി –  1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. തീ ഓഫ്‌ ആക്കുക. ഇത് തണുത്തു കഴിയുമ്പോള്‍, തേങ്ങാ ചുരണ്ടിയത് ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. സവാള വഴറ്റിയ അതെ പാനിലേക്ക് അരപ്പ് ചേര്‍ത്ത് കുറച്ചു നേരം വഴറ്റുക. എണ്ണ തെളിഞ്ഞു വരണം. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്ന് കൂടെ തിളപ്പിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ടയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. 5 മിനുറ്റ് കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.

അയച്ചു തന്നത് – ദിവ്യാ പ്രമോദ്‌

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

മുട്ട റോസ്റ്റ്‌

November 15th, 2011

egg roast-epathram

മുട്ട എങ്ങനെ വച്ചാലും എനിക്ക് ഇഷ്ടമാണ്. വീട്ടില്‍ ഒരുപാട് കോഴികള്‍ ഉണ്ടായിരുന്നു. അപ്പൊ മുട്ട എന്നും ബ്രേക്ക്‌ഫാസ്റ്റ്‌നു ഏതെങ്കിലുമൊരു രൂപത്തില്‍ എത്തും. രാവിലെ മുട്ട കറിയാണെങ്കില്‍ വൈകുന്നേരം ഓംലെറ്റ്‌ ആയിട്ടായിരിക്കും. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടം മുട്ട റോസ്റ്റ്‌ ആണ്. ഇടിയപ്പവും മുട്ട റോസ്റ്റും ഒരു അസാധ്യ കോമ്പിനേഷന്‍ തന്നെയാണ് :-) എന്നാലും അപ്പത്തിനും, ചപ്പാത്തിക്കും, പത്തിരിക്കും, പുട്ടിനും ഒക്കെ നല്ലതാണ് കേട്ടോ. ചാറു കുറവാണെങ്കില്‍ എന്താ, അടിപൊളി സ്വാദ്‌ അല്ലെ? താറാവ് മുട്ട ആണെങ്കില്‍ കൂടുതല്‍ നല്ലത്. ഇനി കാട മുട്ട ഉപയോഗിച്ചും ഇത് തയാറാക്കാം. :-)

ചേരുവകള്‍

മുട്ട പുഴുങ്ങി തോട് കളഞ്ഞത് – 4
തക്കാളി – 1 വലുത്‌
സവാള – 2 ഇടത്തരം
ഇഞ്ചി ചതച്ചത് – 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 1 1/2 ടീസ്പൂണ്‍
പച്ചമുളക്‌ – 2 നെറുകെ പിളര്‍ന്നത്
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
വെള്ളം – 1/4 ഗ്ലാസ്സ്‌
വേപ്പില – 1 തണ്ട്‌
എണ്ണ – ആവശ്യത്തിന്‍
ഉപ്പ്‌ – ആവശ്യത്തിന്‍

പാകം ചെയ്യുന്ന വിധം

ചീന ചട്ടി അടുപ്പത്തു വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച്  സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഒന്ന് കൂടെ വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് ഇളക്കുക. അതിലേയ്ക്ക് 1/4ഗ്ലാസ്സ്‌ വെള്ളം ചേര്‍ത്തു തിളപ്പിക്കുക. പുഴുങ്ങിയ മുട്ട ചെറുതായി ഒന്ന് വരഞ്ഞു കറിയിലേക്ക് ചേര്‍ത്തു ഒന്ന് കു‌ടി വഴറ്റുക, കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെയ്ക്കുക .മുട്ട റോസ്റ്റ് റെഡി.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« മാങ്ങയിട്ട മീന്‍കറി
അവിയല്‍ »പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine