Thursday, May 24th, 2012

പ്രഷര്‍കുക്കര്‍ ബിരിയാണി

cooker biriyani-epathram
ബിരിയാണി ഒരു താരം തന്നെയാണ്. എപ്പോ തന്നാലും കഴിക്കാന്‍ തോന്നും. ഞാന്‍ ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട് എന്റെ ബിരിയാണി കൊതിയെ കുറിച്ചും എന്നാല്‍ ഉണ്ടാക്കാനുള്ള മടിയെ കുറിച്ചും. മടി മറ്റൊന്നും കൊണ്ടല്ല. സവാള കുന്നു പോലെ അരിയുക, ചിക്കന്‍ ഉണ്ടാക്കുക, അരി വേവിക്കുക, ഇനി ലയെര്‍ ചെയ്യുക, ഒക്കെ കഴിഞ്ഞു സിങ്കില്‍ ഉള്ള ഒരു കുന്നു പാത്രവും കഴുകുക. അങ്ങനെ ബിരിയാണി എന്ന് ഓര്‍ക്കുമ്പോ തന്നെ ‘നിന്റെ വിയര്‍പ്പ് കൊണ്ട് ഭക്ഷിക്കുക’ എന്ന ദൈവ വചനം ഓര്‍മ്മ വരും. ദൈവം തമ്പുരാന്‍ മുന്നേ കണ്ട് അറിഞ്ഞു ഉണ്ടാക്കിയ വചനമാണ് ഇതെന്നു തോന്നും. ബിരിയാണി മൂക്ക് മുട്ടെ തിന്നണമെങ്കില്‍ നന്നായി വിയര്‍പ്പോഴുക്കണം.

പക്ഷെ ഇയ്യിടെ ഞാന്‍ ഒരു ഇന്‍സ്റ്റന്റ് ബിരിയാണി പരീക്ഷിച്ചു. ആയിരം പാത്രവും പതിനായിരം ‘പ്രോസീജ്യേഴ്സും’ ഇല്ല. ഒരു പ്രഷര്‍കുക്കറില്‍ എല്ലാം കൂടെ ‘ഡിം’. :-) ഉള്ളി അരിഞ്ഞു തരാന്‍ എനിക്ക് അരുണ്‍ ഉണ്ടല്ലോ പിന്നെ എന്താ!! സംഗതികള്‍ എല്ലാം കൂടെ കുക്കറില്‍ ആക്കി, എല്ലാ പാചക ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കുക്കര്‍ അടച്ചു. പ്രാര്‍ത്ഥന തുടങ്ങി. ആ അഞ്ചു മിനുറ്റ് അഞ്ചു കൊല്ലം പോലെ തോന്നി. അവസാനം കുക്കറിന്റെ പ്രഷര്‍ പോയപ്പോഴേക്കും എന്റെ പ്രഷര്‍ കുറഞ്ഞത് 200 എങ്കിലും ആയിട്ടുണ്ടാവും.. :-) തുറക്കുന്ന സമയത്ത് ഉറപ്പിച്ചു, മോളെ, ഇത് ചിക്കന്‍ ഖിച്ടി എന്ന് പറഞ്ഞു അരുണ്‍നു വിളമ്പാം. അതാണ്‌ ഈ ബിരിയാണി, കഞ്ഞിപ്പരുവം ആയാലുള്ള അറ്റകൈപ്രയോഗം. ഏതായാലും തുറന്നപ്പോള്‍ ഗംഭീര മണം. നോക്കുമ്പോ ഉണ്ട് വെള്ളം അല്‍പ്പം പോലും കൂടിയിട്ടില്ല. ചോറിനും ചിക്കനും പാകം വേവ്.. :-) അടിപൊളി സ്വാദും. ഞാന്‍ ഒരു പുലി തന്നെ!! സ്വയം പ്രഖ്യാപിച്ചു… :-) അപ്പൊ ഇനി ”നിന്റെ വിയര്‍പ്പ് കൊണ്ട് ബിരിയാണി ഭക്ഷിക്കുക” എന്ന ദൈവ വചനം മാറ്റാം.. ;-)

ചേരുവകള്‍

ബിരിയാണി അരി : 2 ഗ്ലാസ്‌ (ജീരകശാലയാണ് ബെസ്റ്റ്‌)
ചിക്കന്‍ : അര കിലോ
ഗരം മസാല : ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍.
മുളക്പൊടി : ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി : അര ടീസ്പൂണ്‍
സവാള : 2 എണ്ണം (വലുത്)
തക്കാളി : വലുത് ഒരെണ്ണം
പച്ചമുളക് : 2 എണ്ണം നെടുകെ പിളര്‍ന്ന്
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 4 അല്ലി.
മല്ലിയില : ചെറുതായി അരിഞ്ഞത് അര കപ്പ്.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍
എണ്ണ : 2 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് : 5-6 എണ്ണം
ഉപ്പ് :പാകത്തിന്
വെള്ളം :3 ഗ്ലാസ്‌ തിളപ്പിച്ചത്

തയ്യാറാക്കുന്ന വിധം

അരി കഴുകി വാലാന്‍ വയ്ക്കുക. ചിക്കന്‍ വൃത്തിയാക്കി മഞ്ഞള്‍ പൊടി, മുളക്പൊടി, കുരുമുളക് പൊടി എന്നിവ അര ടീസ്പൂണ്‍ വീതവും, മുളക് പോടി ഒരു ടേബിള്‍സ്പൂണും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കുക. ഇത് ഏകദേശം ഒരു മണിക്കൂര്‍ ഇരിക്കട്ടെ.

സവാള, തക്കാളി എന്നിവ നേര്‍മ്മയായി അരിഞ്ഞു എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു എടുക്കുക. കുറഞ്ഞത് 3.5 ലിറ്റര്‍ ഉള്ള പ്രഷര്‍ കുക്കര്‍ ഗ്യാസില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണയും നെയ്യും ഒഴിക്കുക. ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അല്‍പ്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തക്കാളി ചേര്‍ത്ത് ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5-6 മിനുറ്റ് നന്നായി ഇളക്കി കൊണ്ടിരിക്കുക. ചിക്കന്‍ ഉടയരുത്. ചെറുതായി ഒന്ന് ഫ്രൈ ആയി കിട്ടിയാല്‍ മതി. അടിയില്‍ പിടിക്കാതെ സൂക്ഷിക്കുക. എന്നാല്‍ വെള്ളം ചേര്‍ക്കുകയും അരുത്.

കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. 3 ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ നല്ല ചൂടോടു കൂടി ഇതിലേക്ക് ചേര്‍ക്കുക. കുക്കര്‍ അടയ്ക്കുക. ആവി വരുമ്പോള്‍ വിസില്‍ ഇടുക. വെയിറ്റ് ഇട്ടതിനു ശേഷം കൃത്യം 5 മിനുറ്റ് ഇടത്തരം തീയില്‍ പാകം ചെയ്യുക. വിസില്‍ ശ്രദ്ധിക്കേണ്ടതില്ല.  5 മിനുറ്റ് കഴിയുമ്പോള്‍ തീ ഓഫാക്കുക. ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. തുറക്കുമ്പോള്‍ തന്നെ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. ഒരു ഫോര്‍ക്ക് കൊണ്ട് ഇളക്കുക. വേണമെങ്കില്‍ സവാള വറുത്തതും കശുവണ്ടിയും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം. സാലഡ്‌, അച്ചാര്‍, പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ to “പ്രഷര്‍കുക്കര്‍ ബിരിയാണി”

  1. PUshparaj P says:

    എനിക്ക് ഈ സ്റ്റൈല്‍ ഇഷ്ട്പെട്ടില്ല കാരണം ബിരിയാണി നാം ദിവസും ഉണ്ടാക്കുന്ന സാധനം അല്ല . അപ്പോള്‍ അത് അതിന്റേതായ സ്റ്റൈലിൽ ഉണ്ടാക്കുക …. കുക്കറില്‍ വെക്കുമ്പോള്‍ ഭയങ്കര റിസ്ക്‌ ആണ്… ബിരിയാണി ഏറ്റവും എളുപ്പമുള്ള ഫുഡ്‌ ആണ്… സാധാരണ രിതിയില്‍ വെക്കുമ്പോഴാണ് ബിരിയാണിക്ക് കുടുതല്‍ ടേസ്റ്റ് വരുന്നത്… ഓക്കേ..

  2. afni.... says:

    ലിജി… എനിക്ക് ഈ സ്റ്റൈല്‍ ഇഷ്ട്പെട്ടില്ല കാരണം ബിരിയാണി നാം ദിവസും ഉണ്ടാക്കുന്ന സാധനം അല്ല . അപ്പോള്‍ അത് അതിന്റേതായ സ്റ്റൈലിൽ ഉണ്ടാക്കുക …. കുക്കറില്‍ വെക്കുമ്പോള്‍ ഭയങ്കര റിസ്ക്‌ ആണ്… ബിരിയാണി ഏറ്റവും എളുപ്പമുള്ള ഫുഡ്‌ ആണ്… സാധാരണ രിതിയില്‍ വെക്കുമ്പോഴാണ് ബിരിയാണിക്ക് കുടുതല്‍ ടേസ്റ്റ് വരുന്നത്… ഓക്കേ..

  3. Sandhya says:

    thankalude reciepe assalayittunde. Pls post – How to prepare Paneer curry?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine