വീട്ടില്‍ പെട്ടന്നൊരു ഗസ്റ്റ് വന്നുവെന്ന് ഇരിക്കട്ടെ, എനിക്ക് ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് നെയ്ച്ചോറും ചിക്കന്‍ കറിയും. നൊടിയിടയില്‍ കാര്യം നടക്കും. :-) ഒരു പരിധി വിട്ടു മോശം ആകുകയും ഇല്ലാ. ഇനി ചിക്കന്‍ കറി ഇല്ലെങ്കില്‍ തന്നെ, പപ്പടം, സാലഡ്, അച്ചാര്‍ കൂട്ടി കഴിക്കുകയും ചെയ്യാം.. അധികം മെനക്കെടാതെ കാര്യം നടക്കും. നിങ്ങള്‍ ഉണ്ടാക്കുന്ന നെയ്‌ചോറില്‍ താഴെ പറയുന്ന ചില ചേരുവകളില്‍ ചിലത് ഉണ്ടാവില്ല. ഞാനും അങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ അല്പം ഇഞ്ചി വെളുത്തുള്ളി ചേര്‍ത്തപ്പോള്‍, നെയ്ച്ചോറ് ആകെ ഒന്ന് ഉഷാറായി. :-) സ്വാദ് കൂടിയിട്ടുണ്ട്. അടുത്ത തവണ നെയ്ച്ചോറ് ഉണ്ടാക്കുമ്പോള്‍ ഇതൊന്നു പരീക്ഷിച്ചു നോക്ക്.
ചേരുവകള്‍
ബസ്മതി അരി- 2 കപ്പ്
സവാള- 3 വലുത് നേര്‍മ്മയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
നെയ് – 6 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു-4 എണ്ണം
കറുവ പട്ട- 4 കഷ്ണം
ഏലയ്ക്ക- 4 എണ്ണം
കശുവണ്ടി – 2 ടേബിള്‍സ്പൂണ്‍
കിസ്മിസ്- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
വെള്ളം – 4 കപ്പ്
പാചകം ചെയുന്ന വിധം
അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പാനില്‍ നെയ് ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അരി ഇട്ടു ഇളക്കുക. അരി ചെറുതായി ചെറുതീയില്‍ വറക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല്‍ നെയ്ച്ചോര്‍ റെഡി. നെയ്യില്‍ വറുത്ത സവാള, കശുവണ്ടി, കിസ്മിസ് എന്നിവ ചേര്‍ത്ത് അലങ്കരിക്കുക.
ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്, ബീഫ് റോസ്റ്റ് എന്നിവയ്ക്കൊപ്പം വിളമ്പാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളാ സ്പെഷ്യല്‍, ചോറ്, ലിജി