പോര്‍ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അയ്യേ എന്ന് പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. എന്നാലും സത്യം പറയാമല്ലോ, ഇത്രേം സ്വാദുള്ള മറ്റൊരു മാംസാഹാരം ഉണ്ടാവില്ല. എന്റെ സ്വന്തം നാടായ വാഴക്കുളത്തു നല്ല ബീഫും പോര്‍ക്കും കിട്ടും. പണ്ടൊക്കെ വീട്ടില്‍ പോര്‍ക്ക് വയ്ക്കുമ്പോള്‍ അതിലെ നെയ്‌കഷ്ണങ്ങള്‍ കഴിക്കാനാണ് എല്ലാവര്ക്കും താല്‍പ്പര്യം.. അതിനു വല്ലാത്ത ഒരു സ്വാദ് തോന്നിയിരുന്നു. പോര്‍ക്കിന്റെ സവിശേഷതയും അത് തന്നെയാണെന്ന് തോന്നുന്നു. പോര്‍ക്ക് അറബി നാടുകളില്‍ പലയിടത്തും നിഷിദ്ധമാണ്. എങ്കിലും ദുബായില്‍ നല്ല പോര്‍ക്ക് കിട്ടും.
ഓഫീസില്‍ എനിക്ക് ധാരാളം ഫിലിപ്പിനോ സുഹൃത്തുക്കള്‍ ഉണ്ട്. ഫിലിപ്പീന്സുകാര്‍ക്കാണെങ്കില്‍ പോര്‍ക്ക് ദേശീയ ഭക്ഷണമാണ്. അവര്‍ തയ്യാറാക്കുന്ന പോര്‍ക്ക് നമ്മള്‍ മലയാളികള്‍ക്ക് പിടിച്ചെന്നു വരില്ല. എരിവും പുളിയും ഇല്ലാ. അത് തന്നെ കാരണം. എങ്കിലും പോര്‍ക്കില്‍ തേങ്ങാപ്പാലും, നിറയെ പച്ചമുളകും, ഇഞ്ചിയും ഒക്കെ ചേര്‍ത്ത അവരുടെ ഒരു കറി ഞാന്‍ ഒരിക്കല്‍ കഴിക്കുകയുണ്ടായി. ബീക്കോള്‍ എക്സ്പ്രെസ്സ് എന്നാണു അതിന്റെ പേര്. പേര് കേട്ടാല്‍ ഇന്റര്‍ സ്റ്റേറ്റ് ഓടിക്കൊണ്ടിരിക്കുന്ന പോര്‍ക്ക് ആണെന്ന് തോന്നും അല്ലെ? :-) എന്നാല്‍ ഫിലിപ്പിന്‍സിലെ ഒരു പ്രവിശ്യയാണ് ബീക്കോള്‍. അവിടുത്തെ സ്പെഷ്യല്‍ ഐറ്റം ആണ് ഇത്..
ഓക്കേ.. ഓക്കേ.. അതൊക്കെ അവിടെ നില്‍ക്കട്ടെ.. ഏതായാലും ഞാന്‍ വല്യ പോര്‍ക്ക് എക്സ്പേര്‍ട്ട് അല്ല.(നല്ല ചാന്‍സ് കിട്ടിയില്ല, അല്ലെങ്കില്‍ ഞാന്‍ കാണിച്ചു തന്നേനെ.. :-)) ഈ റെസിപ്പി നമ്മുടെ എഡിറ്റര്‍ സാറിന്റെ സുഹൃത്ത് മൂര്‍ത്തിയുടെതാണ്. മൂര്‍ത്തി എന്ന പേര് കേള്‍ക്കുമ്പോള്‍, പട്ടര്‍ക്ക് പോര്‍ക്ക് വഴങ്ങുമോ എന്ന് നിങ്ങളില്‍ പലരും ചിന്തിക്കാം. എന്നാല്‍ അത്ഭുതപ്പെടേണ്ട.. കക്ഷി ഒന്നാന്തരം ഒരു നോണ്‍ വെജ് കുക്കാണ്. ഈ പോര്‍ക്ക് റോസ്റ്റ് കഴിക്കുമ്പോള്‍ അത് പിടികിട്ടും. :-)
പോര്‍ക്ക് – കിലോ
വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
ഇഞ്ചി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് ചതച്ചത് – 15 എണ്ണം
മഞ്ഞള്‍പ്പൊടി – 3 ടീസ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
ചെറിയ ഉള്ളി നെടുകെ അരിഞ്ഞത് – 3 കപ്പ്
തേങ്ങാക്കൊത്ത് – ഒരു പിടി
കറിവേപ്പില – ഒരു പിടി
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പോര്‍ക്ക് കഴുകി വൃത്തിയാക്കി, ഒരിഞ്ചു കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. എല്ലാ കഷണങ്ങളിലും തോലും ഇറച്ചിയും ഉണ്ടാവണം. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും, രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഇളക്കി 45 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക്പൊടി എന്നിവയും ബാക്കിയുള്ള ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു പാന്‍ ചൂടാക്കി അതില്‍ ഒന്ന് വറുത്തെടുക്കുക. പോര്‍ക്ക് വെന്തു കഴിയുമ്പോള്‍ ഈ മസാലയും, തേങ്ങാക്കൊത്തും, കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ പത്തു മിനുറ്റ് വേവിക്കുക.
മറ്റൊരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി നന്നായി വഴറ്റി എടുക്കുക. ഇത് പോര്‍ക്കിലേക്ക് ചേര്‍ത്ത് ഇളക്കുക. പോര്‍ക്ക് റോസ്റ്റ് റെഡി ചോറ്, ചപ്പാത്തി, നെയ്ചോര്‍ എന്നിവയുടെ കൂടെ കഴിക്കാം.
അയച്ചു തന്നത് – അനന്തശയനം തിരു മൂര്‍ത്തി
ഫോട്ടോ – ജിഷി സാമുവേല്‍