മുട്ട ഏതു പരുവത്തിലാക്കിയാലും എനിക്ക് ഇഷ്ടമാണ്. മുട്ട റോസ്റ്റ് ഉണ്ടാക്കുന്ന വിധം നേരത്തെ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഈ മുട്ടക്കറി എന്റെ റെസിപ്പി അല്ല. കുസാറ്റില്‍ എന്റെ സീനിയര്‍ ആയി പഠിച്ച ദിവ്യായുടെ റെസിപ്പി ആണ് ഇത്. കക്ഷിയുടെ സ്വന്തം കണ്ടുപിടുത്തമാണ് ഇത്. എന്തായാലും വളരെ സ്വാദിഷ്ടമായ ഒരു കറിയാണ്.
ചേരുവകള്‍
മുട്ട പുഴുങ്ങി നെടുകെ മുറിച്ചത് – 4 എണ്ണം
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
മുളക്പൊടി – 2 ടീസ്പൂണ്‍ നികക്കെ
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. തീ ഓഫ് ആക്കുക. ഇത് തണുത്തു കഴിയുമ്പോള്‍, തേങ്ങാ ചുരണ്ടിയത് ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. സവാള വഴറ്റിയ അതെ പാനിലേക്ക് അരപ്പ് ചേര്‍ത്ത് കുറച്ചു നേരം വഴറ്റുക. എണ്ണ തെളിഞ്ഞു വരണം. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്ന് കൂടെ തിളപ്പിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ടയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. 5 മിനുറ്റ് കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.
അയച്ചു തന്നത് – ദിവ്യാ പ്രമോദ്
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: breakfast, egg, side dishes, കേരളാ സ്പെഷ്യല്‍
ഹെല്പ് ഫഉല്ല്