ഞണ്ട് അധികം പരീക്ഷണ വിധേയമാകാത്ത ഒരു സീഫുഡ് ആണെന്നാണ് എനിക്ക് തോന്നാറ്. കാരണം അധികം പേര്‍ക്കും ഇത് വൃത്തിയാക്കേണ്ടത് എങ്ങനെ എന്ന് അറിയില്ല. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഞണ്ട് കഴിച്ചത് ഒരിക്കല്‍ മാത്രമാണ് എന്നാണ് എന്റെ ഓര്മ. ഏതായാലും ദുബായില്‍ എത്തിയതിനു ശേഷം ഞാന്‍ നല്ല ഞണ്ട് റോസ്റ്റ് കഴിച്ചു. ദൈറ ഫിഷ് മാര്‍ക്കെറ്റില്‍ പോയാല്‍ നല്ല വലിയ ഞണ്ട് വൃത്തിയാക്കി കിട്ടും. മാത്രവുമല്ല എന്റെ അമ്മായിയമ്മ ഒരു അടിപൊളി കുക്ക് ആണ്. ഇത് മമ്മിയുടെ സ്പെഷ്യല്‍ ഞണ്ട് റോസ്റ്റ് റെസിപി ആണ്.
ചേരുവകള്‍
മസാല 1:
തേങ്ങ-അര മുറി
ചുവന്നുള്ളി 5 അല്ലി
വെളുത്തുള്ളി 2 അല്ലി
കറിവേപ്പില 2 തണ്ട്
ഇഞ്ചി 1 ചെറിയ കഷ്ണം
ഇതെല്ലാം ഒരുമിച്ച് ഇട്ട് ചുവക്കെ വറുക്കുക. വെള്ളം തൊടാതെ പൊടിച്ചെടുക്കുക.
മസാല 2:
ഞണ്ട് – 1 കിലോ
ഇഞ്ചി – ഒരു വലിയ കഷ്ണം
കാശ്മീരി മുളകുപൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
പച്ചമുളക് നെടുവേ കീറിയത് – 8 എണ്ണം
വെളുത്തുള്ളി ചതച്ചെടുത്തത് – 16 അല്ലി
സവാള – 5 എണ്ണം
തക്കാളി – 4 എണ്ണം
കറിവേപ്പില – 3 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഞണ്ട് കഴുകി വൃത്തിയാക്കി വെള്ളം കളയാന്‍ വെക്കുക. 3 ടേബിള്‍സ്പൂണ്‍ എണ്ണയില്‍ സവാള വഴറ്റുക. പച്ചമുളക് കറിവേപ്പില ചേര്‍ത്ത് വഴറ്റുക. വഴന്നു കഴിയുമ്പോള്‍ ഇഞ്ചി ചേര്‍ക്കുക, ബ്രൌണ്‍ നിറമാവുമ്പോള്‍ വെളുത്തുള്ളി ചേര്‍ക്കുക. ലൈറ്റ് ബ്രൌണ്‍ ആവുമ്പോള്‍ മുളക് പൊടി ചേര്‍ക്കുക. മഞ്ഞള്‍ പൊടി ചേര്‍ക്കുക. പൊടികള്‍ മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുക. എണ്ണ തെളിയുമ്പോള്‍ ഞണ്ട് ചേര്‍ക്കുക. വീണ്ടും ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. 15 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വെയ്ക്കുക. വെള്ളം വറ്റി ഞണ്ട് റോസ്റ്റ് ആയി വരും. ഇടയ്ക്ക് ഇളക്കി വെള്ളം മുഴുവന്‍ വറ്റിക്കുക. നേരത്തെ തയ്യാറാക്കിയ തെങ്ങ വറുത്ത് ചേര്‍ക്കുക. ഞണ്ട് റോസ്റ്റ് റെഡി !!