Friday, March 23rd, 2012

പാലക് മട്ടണ്‍

palak-mutton-epathram
എന്തിന്റെ കൂടെ ആണെങ്കിലും അല്‍പ്പം ഇറച്ചിയോ മീനോ ഉണ്ടെങ്കില്‍ അത് അകത്താക്കാന്‍ വിഷമമില്ല എന്നാണു അരുണിന്റെ അഭിപ്രായം. പാലക് മാര്‍കെറ്റില്‍ നിന്നും വാങ്ങുമ്പോള്‍ തന്നെ ആള്‍ക്ക് പേടിയാണ്.. :-) സാധാരണ പാലക് ദാല്‍ ആണ് വയ്ക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു ചെയ്ഞ്ചിന് അല്പം മട്ടണ്‍ കൂടി എടുത്തു. പാലക് മട്ടണ്‍ എന്ന ഒരു ആശയം തലയില്‍ കയറിയിട്ടുണ്ട്. എന്റെ ഓഫീസിലെ ഒരു ഹൈദരാബാദുകാരന്‍ ഇയ്യിടെ കല്യാണം കഴിച്ചു. ഭര്‍ത്താവിനു പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കുക എന്നതാണ് കക്ഷിയുടെ ഭാര്യയുടെ പ്രാധാന പരിപാടി. പുള്ളിയുടെ ലഞ്ച് ബോക്സില്‍ ആണ് ഈ ഐറ്റം ആദ്യമായി കണ്ടത്. അന്നേ ഉറപ്പിച്ചു, അടുത്ത തവണ പാലക് എടുക്കുമ്പോള്‍ ഇത് തന്നെ ഉണ്ടാക്കണം. ഏതായാലും നന്നായിരുന്നു. രുചികരവും അതില്‍ കൂടുതല്‍ പാലക് ഉള്ളില്‍ ചെന്നല്ലോ എന്ന സമാധാനവും കിട്ടി. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
മട്ടണ്‍ – അര കിലോ ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

മട്ടണ്‍ കഴുകി വൃത്തിയാക്കി വെള്ളം വാര്‍ന്നു കളയുക. ഇത് ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 10 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ലതാണ്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine