Monday, November 21st, 2011

പാലക് പയര്‍ കറി

palak lobia curry-epathram

കേരളത്തിലെ ചീരയുമായി വളരെ സാദൃശ്യമുള്ള ഈ സസ്യം ഉത്തരേന്ത്യന്‍ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാലക് ദാലും പാലക്‌ പനീറും പാലക് മട്ടറുമെല്ലാം ഉത്തരേന്ത്യക്കാരുടെ പ്രിയവിഭവങ്ങളാണ്. എന്നാല്‍ നമ്മള്‍ മലയാളികള്‍ ഈ ഇലക്കറിയില്‍ അധികം കൈ വയ്ക്കാറില്ല എന്ന് തോന്നുന്നു. കാരണം നമ്മുടെ നാട്ടിലെ ചീരയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതിനു അത്രയും സ്വാദ് പോര. മാത്രവുമല്ല ജലാംശം കൂടുതല്‍ ഉള്ളത് കൊണ്ട് തോരന്‍ വച്ചാല്‍ കുഴഞ്ഞു ഇരിക്കും.

palak-epathram

പോഷക സമൃദ്ധമായ പാലക് നൂറ് ഗ്രാമില്‍ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയായ പാലക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭിണികളുടെ പോഷകാഹാരത്തിനും പാലക് ഉള്‍പ്പെടുത്താവുന്നതാണ്.

blackeyedpeas-epathram

ഓക്കേ ഓക്കേ .. പാലക് പുരാണം അവിടെ നില്‍ക്കട്ടെ. ഇത്രയും സവിശേഷതകള്‍ ഉള്ള ഈ പച്ചക്കറിയെ നാവിന് രുചികരമായ രീതിയില്‍ എങ്ങനെ തയ്യാറാക്കാം എന്ന് പലവിധ ഗവേഷണങ്ങള്‍ നടത്തി വരികയാണ് ഞാന്‍. :-) പാലക് ദാല്‍, പാലക് ആലൂ, പാലക് പനീര്‍ ഇവയൊക്കെ ഉണ്ടാക്കി നോക്കി. എന്നാല്‍ എനിക്കും വീട്ടില്‍ എല്ലാവര്ക്കും ഇഷ്ടമായത് പാലകിന്റെ കൂടെ കാബൂളി ചന അല്ലെങ്കില്‍ ഉണങ്ങിയ വെള്ളപയര്‍ (ഹിന്ദിയില്‍ ഇതിനെ ലോബിയ എന്നും ഇംഗ്ലീഷില്‍ ബ്ലാക്ക്‌ എയ്ഡ്‌ പീ എന്നുമാണ് പറയുക) ചേര്‍ത്ത് ഉണ്ടാക്കിയ കറിയാണ്. ഇതൊന്നു വച്ച് നോക്കു. നിങ്ങളും പാലക് ഫാന്‍ ആകും. :-)

ചേരുവകള്‍

പാലക് – ഒരു കെട്ട്
വെള്ളപ്പയര്‍ അല്ലെങ്കില്‍ കാബുളി ചന – 2 ഗ്ലാസ്‌ ( കുറഞ്ഞത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതു)
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 2 ഇടത്തരം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചതച്ചത് – ഒരു റ്റീ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു റ്റീ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
മല്ലിപ്പൊടി – ഒരു റ്റീ സ്പൂണ്‍
മുളക് പൊടി – ഒരു റ്റീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 റ്റീ സ്പൂണ്‍
ജീരകപ്പൊടി – 1/4 റ്റീ സ്പൂണ്‍
ഗരം മസാല – ഒരു റ്റീ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- 2 റ്റേബിള്‍ സ്പൂണ്‍
ജീരകം – 1 റ്റീ സ്പൂണ്‍
മല്ലിയില – ഒരു പിടി

പാചകരീതി

കുതിര്‍ന്ന പയര്‍ വേകുവാന്‍ ആവശ്യമുള്ള വെള്ളവും ഒരു സവാളയും ഒരു തക്കാളിയും അരിഞ്ഞതും, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മല്ലിപ്പൊടി, മുളക് പൊടി, ഗരം മസാല പൊടി, പാകത്തിന് ഉപ്പ് എന്നിവയും ചേര്‍ത്ത് ഏകദേശം 20 മിനിറ്റ് കുക്കറില്‍ വേവിക്കുക. കുക്കര്‍ തുറക്കുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക.

പാലക് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം വഴറ്റുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്, 1/2 റ്റീ സ്പൂണ്‍ വീതം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, നെടുകെ പിളര്‍ന്ന പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി ഉടഞ്ഞു കഴിയുമ്പോള്‍ ബാക്കിയുള്ള പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പാലക് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് 5 മിനുറ്റ് വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയര്‍ ഗ്രേവിയോടു കൂടെ ചേര്‍ക്കുക. നന്നായി ഇളക്കി 5 മിനിറ്റ് കൂടി ചെറുതീയില്‍ വയ്ക്കുക. വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കുക. ചപ്പാത്തിക്കും ചോറിനും നല്ല ഒരു കറിയാണ്.

ഇതേ രീതിയില്‍ തന്നെ പയര്‍, ചന എന്നിവയ്ക്ക് പകരം വിവിധയിനം പരിപ്പുകള്‍ ഉപയോഗിച്ചും ഈ കറി തയ്യാറാക്കാം.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine