കോട്ടയം സ്റ്റൈൽ പെപ്പർ ചിക്കൻ കറി

April 14th, 2020

kottayam-pepper-chicken-curry-epathram

ചേരുവകൾ:

സവാള – 3 എണ്ണം വലുതായി അരിഞ്ഞത്
വെളുത്തുള്ളി – 5 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 എണ്ണം ചെറുതായി അരിഞ്ഞത്
കറി വേപ്പില – 2 തണ്ട്
പച്ച മുളക് – 4 എണ്ണം നടുവേ കീറിയത്
നാടൻ ചിക്കൻ – 1 കിലോ ചെറുതായി മുറിച്ചത്
മല്ലി പൊടി – 3 ടീസ്പൂൺ
മുളക് പൊടി – 1 1 / 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1 1/2 ടീസ്പൂൺ
പെരുംജീരക പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ചൂട് വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, ഇഞ്ചി, കറി വേപ്പില, എന്നിവയുടെ കൂടെ ഉപ്പും ചേർത്ത് വഴറ്റുക. ഇളം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്കു മുളക് പൊടി, മഞ്ഞ പൊടി, മല്ലി പൊടി, കുരുമുളക് പൊടി, ചേർത്ത് ഒന്നുകൂടി വഴറ്റുക. തീ ചെറുതായി വെച്ച് വേണം വഴറ്റാൻ. പൊടികളുടെ പച്ച മണം മാറുന്ന വരെ വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക.10-15 മിനിറ്റ് വേവിച്ച ശേഷം മൂടി മാറ്റി ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് ഇളക്കിയതിന് ശേഷം ഒന്ന് കൂടി മൂടി വെച്ച് വേവിക്കുക.ചിക്കൻ അധികം വെന്ത് പോകാതെ സൂക്ഷിക്കണം. തിളച്ചു വരുമ്പോൾ അതിലേക്ക് പൊടിച്ചു വെച്ച കുരുമുളകും പെരുംജീരകവും ചേർക്കുക. ഉപ്പു ആവശ്യത്തിന് ചേർത്ത് 5 മിനിറ്റ് കഴിയുമ്പോൾ സ്‌റ്റോവ് ഓഫ് ചെയ്യുക. രുചികരവും സ്വാദിഷ്ടവുമായ പേപ്പർ ചിക്കൻ കറി തയ്യാർ.

– യാമിക

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രഷര്‍കുക്കര്‍ ബിരിയാണി

May 24th, 2012

cooker biriyani-epathram
ബിരിയാണി ഒരു താരം തന്നെയാണ്. എപ്പോ തന്നാലും കഴിക്കാന്‍ തോന്നും. ഞാന്‍ ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട് എന്റെ ബിരിയാണി കൊതിയെ കുറിച്ചും എന്നാല്‍ ഉണ്ടാക്കാനുള്ള മടിയെ കുറിച്ചും. മടി മറ്റൊന്നും കൊണ്ടല്ല. സവാള കുന്നു പോലെ അരിയുക, ചിക്കന്‍ ഉണ്ടാക്കുക, അരി വേവിക്കുക, ഇനി ലയെര്‍ ചെയ്യുക, ഒക്കെ കഴിഞ്ഞു സിങ്കില്‍ ഉള്ള ഒരു കുന്നു പാത്രവും കഴുകുക. അങ്ങനെ ബിരിയാണി എന്ന് ഓര്‍ക്കുമ്പോ തന്നെ ‘നിന്റെ വിയര്‍പ്പ് കൊണ്ട് ഭക്ഷിക്കുക’ എന്ന ദൈവ വചനം ഓര്‍മ്മ വരും. ദൈവം തമ്പുരാന്‍ മുന്നേ കണ്ട് അറിഞ്ഞു ഉണ്ടാക്കിയ വചനമാണ് ഇതെന്നു തോന്നും. ബിരിയാണി മൂക്ക് മുട്ടെ തിന്നണമെങ്കില്‍ നന്നായി വിയര്‍പ്പോഴുക്കണം.

പക്ഷെ ഇയ്യിടെ ഞാന്‍ ഒരു ഇന്‍സ്റ്റന്റ് ബിരിയാണി പരീക്ഷിച്ചു. ആയിരം പാത്രവും പതിനായിരം ‘പ്രോസീജ്യേഴ്സും’ ഇല്ല. ഒരു പ്രഷര്‍കുക്കറില്‍ എല്ലാം കൂടെ ‘ഡിം’. :-) ഉള്ളി അരിഞ്ഞു തരാന്‍ എനിക്ക് അരുണ്‍ ഉണ്ടല്ലോ പിന്നെ എന്താ!! സംഗതികള്‍ എല്ലാം കൂടെ കുക്കറില്‍ ആക്കി, എല്ലാ പാചക ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്‌ കുക്കര്‍ അടച്ചു. പ്രാര്‍ത്ഥന തുടങ്ങി. ആ അഞ്ചു മിനുറ്റ് അഞ്ചു കൊല്ലം പോലെ തോന്നി. അവസാനം കുക്കറിന്റെ പ്രഷര്‍ പോയപ്പോഴേക്കും എന്റെ പ്രഷര്‍ കുറഞ്ഞത് 200 എങ്കിലും ആയിട്ടുണ്ടാവും.. :-) തുറക്കുന്ന സമയത്ത് ഉറപ്പിച്ചു, മോളെ, ഇത് ചിക്കന്‍ ഖിച്ടി എന്ന് പറഞ്ഞു അരുണ്‍നു വിളമ്പാം. അതാണ്‌ ഈ ബിരിയാണി, കഞ്ഞിപ്പരുവം ആയാലുള്ള അറ്റകൈപ്രയോഗം. ഏതായാലും തുറന്നപ്പോള്‍ ഗംഭീര മണം. നോക്കുമ്പോ ഉണ്ട് വെള്ളം അല്‍പ്പം പോലും കൂടിയിട്ടില്ല. ചോറിനും ചിക്കനും പാകം വേവ്.. :-) അടിപൊളി സ്വാദും. ഞാന്‍ ഒരു പുലി തന്നെ!! സ്വയം പ്രഖ്യാപിച്ചു… :-) അപ്പൊ ഇനി ”നിന്റെ വിയര്‍പ്പ് കൊണ്ട് ബിരിയാണി ഭക്ഷിക്കുക” എന്ന ദൈവ വചനം മാറ്റാം.. ;-)

ചേരുവകള്‍

ബിരിയാണി അരി : 2 ഗ്ലാസ്‌ (ജീരകശാലയാണ് ബെസ്റ്റ്‌)
ചിക്കന്‍ : അര കിലോ
ഗരം മസാല : ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍.
മുളക്പൊടി : ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി : അര ടീസ്പൂണ്‍
സവാള : 2 എണ്ണം (വലുത്)
തക്കാളി : വലുത് ഒരെണ്ണം
പച്ചമുളക് : 2 എണ്ണം നെടുകെ പിളര്‍ന്ന്
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 4 അല്ലി.
മല്ലിയില : ചെറുതായി അരിഞ്ഞത് അര കപ്പ്.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍
എണ്ണ : 2 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് : 5-6 എണ്ണം
ഉപ്പ് :പാകത്തിന്
വെള്ളം :3 ഗ്ലാസ്‌ തിളപ്പിച്ചത്

തയ്യാറാക്കുന്ന വിധം

അരി കഴുകി വാലാന്‍ വയ്ക്കുക. ചിക്കന്‍ വൃത്തിയാക്കി മഞ്ഞള്‍ പൊടി, മുളക്പൊടി, കുരുമുളക് പൊടി എന്നിവ അര ടീസ്പൂണ്‍ വീതവും, മുളക് പോടി ഒരു ടേബിള്‍സ്പൂണും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കുക. ഇത് ഏകദേശം ഒരു മണിക്കൂര്‍ ഇരിക്കട്ടെ.

സവാള, തക്കാളി എന്നിവ നേര്‍മ്മയായി അരിഞ്ഞു എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു എടുക്കുക. കുറഞ്ഞത് 3.5 ലിറ്റര്‍ ഉള്ള പ്രഷര്‍ കുക്കര്‍ ഗ്യാസില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണയും നെയ്യും ഒഴിക്കുക. ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അല്‍പ്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തക്കാളി ചേര്‍ത്ത് ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5-6 മിനുറ്റ് നന്നായി ഇളക്കി കൊണ്ടിരിക്കുക. ചിക്കന്‍ ഉടയരുത്. ചെറുതായി ഒന്ന് ഫ്രൈ ആയി കിട്ടിയാല്‍ മതി. അടിയില്‍ പിടിക്കാതെ സൂക്ഷിക്കുക. എന്നാല്‍ വെള്ളം ചേര്‍ക്കുകയും അരുത്.

കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. 3 ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ നല്ല ചൂടോടു കൂടി ഇതിലേക്ക് ചേര്‍ക്കുക. കുക്കര്‍ അടയ്ക്കുക. ആവി വരുമ്പോള്‍ വിസില്‍ ഇടുക. വെയിറ്റ് ഇട്ടതിനു ശേഷം കൃത്യം 5 മിനുറ്റ് ഇടത്തരം തീയില്‍ പാകം ചെയ്യുക. വിസില്‍ ശ്രദ്ധിക്കേണ്ടതില്ല.  5 മിനുറ്റ് കഴിയുമ്പോള്‍ തീ ഓഫാക്കുക. ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. തുറക്കുമ്പോള്‍ തന്നെ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. ഒരു ഫോര്‍ക്ക് കൊണ്ട് ഇളക്കുക. വേണമെങ്കില്‍ സവാള വറുത്തതും കശുവണ്ടിയും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം. സാലഡ്‌, അച്ചാര്‍, പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

പെപ്പര്‍ ചിക്കന്‍

February 8th, 2012

pepper chicken-epathram

എല്ലായ്പ്പോഴും ചിക്കന്‍ വയ്ക്കുമ്പോ ഒരേ സ്വാദ്. ഒരു വ്യത്യസ്തത ഇല്ല.. :( പെപ്പര്‍ ചിക്കന്‍ പലപ്പോഴും ഹോട്ടലില്‍ നിന്നും കഴിച്ചിട്ടുണ്ട്. ഇത് വരെ വച്ച് നോക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ആദ്യമായിട്ട് പെപ്പര്‍ ചിക്കന്‍ ട്രൈ ചെയ്തു. പല റെസിപ്പികള്‍ റെഫര്‍ ചെയ്തു. എന്റേതായ ചില മാറ്റങ്ങള്‍ ഒക്കെ വരുത്തി. വച്ച് കഴിഞ്ഞപ്പോള്‍ വളരെ ഇഷ്ടമായി. വളരെ ഈസിയായി വയ്ക്കാം.. കേരള പൊറോട്ട ഉണ്ടാക്കി അതിന്റെ കൂടെ കഴിച്ചു.. :-)

ചേരുവകള്‍

ചിക്കന്‍ – അര കിലോ
സവാള – രണ്ടു വലുത്
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് കീറിയത് – മൂന്ന്‍ എണ്ണം
തക്കാളി – ഒരു വലുത്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക്പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആയി മുറിക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ നേര്‍മ്മയായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. സവാള ഒന്ന് വഴന്നു കഴിയുമ്പോള്‍, അതിലേക്കു ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് എന്നിവ ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അഞ്ചു മിനുറ്റ് മൂടി വച്ച് വേവിക്കുക. ഇതിലേക്ക് മല്ലിപ്പൊടി, കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി ഇളക്കി അര കപ്പ്‌ വെള്ളവും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക. ചിക്കന്‍ പാതി വേവ് ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും, ഗരംമസാലയും ചേര്‍ത്ത് ഇളക്കുക. ഗ്രേവി പാകത്തിന് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. വേണമെങ്കില്‍ അല്‍പ്പം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. പൊറോട്ട, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ നല്ലതാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ചിക്കന്‍ ഫ്രൈ വിത്ത്‌ റ്റൊമാറ്റോ

November 18th, 2011

chicken-with tomato-epathram

ഇതാദ്യമായാണ് ഞാന്‍ ഒരു ചിക്കെന്‍ റെസിപ്പി പോസ്റ്റ്‌ ചെയ്യുന്നത്. സാധാരണ ചിക്കന്‍ റെസിപ്പികളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്. വളരെ എളുപ്പം തയ്യാറാക്കാം. കുത്തിയിരുന്ന് സവാള അരിഞ്ഞു കരയണ്ട. :-) കാരണം ഇത് ‘സവാള ഫ്രീ’ ആണ്. കുറച്ചു പൊടികളും തക്കാളിയും ഉണ്ടെങ്കില്‍ ചുരുങ്ങിയ സമയത്തില്‍ തയ്യാറാക്കാം. ബാച്ചലെഴ്സിനു പറ്റിയ ഒരു ചിക്കന്‍ കറി ആണ്.
ചേരുവകള്‍

ഇളം ചിക്കന്‍ – അര കിലോ
മുളക്പൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ – അര ടീസ്പൂണ്‍
തക്കാളി – മൂന്ന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 100 മില്ലി
കറിവേപ്പില – ഒരു തണ്ട്
വെള്ളം – അര കപ്പ്‌

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആക്കുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ അതിലേക്കു ചേര്‍ത്ത് ഇളക്കി ചിക്കന്‍ വേകുവാന്‍ മാത്രം വേണ്ടത്ര വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. ഗ്രേവി അധികം ആകരുത്.ചിക്കന്‍ പകുതി വേവാകുമ്പോള്‍ ഇടത്തരം കഷണങ്ങള്‍ ആക്കിയ തക്കാളി ഇതിലേക്ക് ചേര്‍ത്ത് വരട്ടി എടുക്കുക. തക്കാളി നന്നായി വെന്തുടഞ്ഞു ചിക്കന്‍ കഷ്ണങ്ങളില്‍ പിടിക്കണം. വെള്ളം വറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഗ്രേവി കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം. ചപ്പാത്തി ചോറ് എന്നിവയുടെ കൂടെ വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തലശ്ശേരി ബിരിയാണി

October 18th, 2011

thalasherry biriyani-epathram

ബിരിയാണിയോട് എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം വീട്ടില്‍ ബിരിയാണി എന്നും ‘സ്പെഷ്യല്‍’ ആയിരുന്നു ..വിശേഷാവസരങ്ങളില്‍ മാത്രം വയ്ക്കുന്ന ഒരു വിഭവം. അത് പിറന്നാള്‍ ആവാം, ക്രിസ്തുമസ്സ് ആവാം ഇനി ഇവ ഒന്നുമല്ലെങ്കില്‍ ഒരു ഹര്‍ത്താല്‍ ആയാലും മതി. എല്ലാവരും വീട്ടില്‍ ഉണ്ടാകുമല്ലോ. പലതരം ബിരിയാണി ഞാന്‍ കഴിച്ചിട്ടുണ്ട്. എങ്കിലും കൂട്ടത്തില് ഏറ്റവും എളുപ്പം തയ്യാറാക്കാവുന്നതും, രുചിയുള്ളതും പിന്നെയും പിന്നെയും കഴിക്കാന്‍ തോന്നുന്നതുമായ ബിരിയാണി തലശ്ശേരി ബിരിയാണിയാണ് എന്നാണ് എനിക്ക് തോന്നുന്നത്.  ഈ ബിരിയാണി ഒഴിച്ച്, കണ്ണൂര്‍ ജില്ലയില്‍പ്പെട്ട തലശ്ശേരിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല.

തലശ്ശേരി ബിരിയാണി ഒന്ന് പരീക്ഷിച്ചു നോക്കു, ഇനി മറ്റൊരു ബിരിയാണിയും നിങ്ങള്ക്ക് ഇഷ്ടമാവില്ല എന്ന് ഞാന്‍ ഉറപ്പു തരാം. ;-)

ചേരുവകള്‍

1. കോഴി ഇറച്ചി- ഒരു കിലോ
2. ബിരിയാണി അരി- 3 കപ്പ്‌
3. നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
4. വെജിറ്റബിള്‍ ഓയില്‍ – 5 ടേബിള്‍ സ്പൂണ്‍
5. വെളുത്തുള്ളി- 8 വലിയ അല്ലി
6. പച്ചമുളക്- 12 എണ്ണം ( എരിവ് അനുസരിച്ച്)
7. ഇഞ്ചി- 2 ഇഞ്ച് കഷ്ണം
8. തക്കാളി- 3 വലുത്
9. സവാള- 5 വലുത്
10. പുതിനയില- 3 തണ്ട്
11. മല്ലിയില – ഒരു കപ്പ്‌
12. ഗരം മസാല- ഒന്നര ടേബിള്‍ സ്പൂണ്‍
13. കറുവപ്പട്ട- 6
14. ഏലയ്ക്ക- 10
15. തക്കോലം – 3
16. ഗ്രാമ്പൂ- 10 ഗ്രാം
17. കുരുമുളക് – ഒരു ടീസ്പൂണ്‍
18. ചെറുനാരങ്ങ- ഒരെണ്ണം
19. ഉപ്പ്- പാകത്തിന്
20. ഉണക്കമുന്തിരി- 20 ഗ്രാം
21. അണ്ടിപ്പരിപ്പ്- 25 ഗ്രാം

പാകം ചെയ്യുന്ന വിധം

മസാല തയ്യാറാക്കാന്‍: ഒരു നോണ്‍ സ്റ്റിക് പാത്രത്തില്‍ എണ്ണ ഒഴിച്ച് ചുടാക്കിയതിലേക്ക് ചെറുതായി അരിഞ്ഞ 4 സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ കഷ്ണങ്ങളാക്കിയ തക്കാളിയും ചേര്‍ത്തിളക്കുക. തക്കാളി നന്നായി വെന്തുടയുമ്പോള്‍ അതിലേക്ക് മല്ലിയിലയും പുതിനയും ചേര്‍ത്ത് ഇളക്കി കഷ്ണങ്ങളാക്കിയ കോഴിയിറച്ചി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വേവിക്കുക. കോഴിയിറച്ചി മുക്കാലും വെന്തതിനുശേഷം അര ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക്  എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു സവാള അരിഞ്ഞതു ചേര്‍ത്ത് വഴറ്റുക. കഴുകി വെള്ളം വാര്‍ന്ന അരി ഇതിലേക്ക് ഇട്ടു ഒന്ന് വറക്കുക. 6 കപ്പ്‌ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് വെള്ളം വറ്റി തീരുന്നത് വരെ വേവിക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയും റൈസും 2-3 ലയെര്‍ ആയി സെറ്റ്‌ ചെയ്തു അര മണിക്കൂര്‍ ദം ചെയ്‌തെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള  എന്നിവ മുകളില്‍ വിതറി അലങ്കരിക്കുക.

കുറിപ്പ്  : ഞാന്‍ ബിരിയാണി അരി ജീരകശാല ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളം വറ്റിച്ച് വേവിക്കുന്നതിനാല്‍ ഇത് കുഴഞ്ഞു പോകാതെ ഇരിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »


« ഞണ്ട് റോസ്റ്റ്‌
ദാല്‍ ഫ്രൈ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine