ചില ദിവസം ഭയങ്കര മടിയാണ് എന്തെങ്കിലും ഉണ്ടാക്കാന്‍… എന്തെങ്കിലും കള്ള പണികള്‍ കാണിച്ചു ഡിന്നര്‍ തട്ടിക്കൂട്ടും. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ഉണ്ടാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് തൈര് സാദം… അച്ചാറും പപ്പടവും ഉണ്ടെങ്കില്‍ അടിപൊളി.. വയറിനും മനസ്സിനും സുഖം. മാത്രവുമല്ല നിങ്ങള്‍ ഹെവി ആയി ലഞ്ച് കഴിച്ചതിന്റെ കുറ്റബോധം ഉള്ള ദിവസങ്ങളില്‍ തൈര് സാദം ട്രൈ ചെയ്തു നോക്കൂ.. മനസമാധാനത്തോടെ കിടന്നുറങ്ങാം..:-)
ഇത് എന്റെ കസിന്‍ കുന്ഷിയുടെ റെസിപി ആണ്. റോസ് മേരി എന്നാണ് കക്ഷിയുടെ പേര്. അത് പിന്നീട് കുഞ്ഞു മേരിയും, കുഞ്ഞു മേരി കുന്ഷിയുമായി.. :-) ആളു നല്ലൊരു കുക്ക് ആണ്. ഫേസ്ബുക്കില്‍ തൈര് സാദത്തിന്റെ പടം കണ്ടപ്പോഴേ എനിക്ക് കൊതി പിടിച്ചു. ഉടനെ തന്നെ റെസിപ്പി കൈക്കലാക്കി..
ചേരുവകള്‍
ബസ്മതി അരി – ഒരു കപ്പ്
അധികം പുളി ഇല്ലാത്ത തൈര് – ഒരു കപ്പ് (ആവശ്യാനുസരണം)
ഇഞ്ചി – അര ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1എണ്ണം നെടുകെ പിളര്‍ന്നത്
ചെറിയ ഉള്ളി – 4 എണ്ണം
കടുക് – ഒരു ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വറ്റല്‍മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി. ഉപ്പ് ചേര്‍ത്ത് വേവിച്ചു വാര്‍ത്തെടുക്കുക. അല്പം അധികം വേവ് ആകുന്നതു നന്ന്. ചോറ് അല്‍പ്പം തണുത്തു കഴിയുമ്പോള്‍ എടുത്തു വച്ചിരിക്കുന്ന തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് ചോറിലെയ്ക്ക് ചേര്‍ത്ത് ഇളക്കുക. ചെറുചൂടോടെ കറികള്‍ കൂട്ടിയോ, അല്ലെങ്കില്‍ അച്ചാര്‍, പപ്പടം എന്നിവ കൂട്ടിയോ കഴിക്കാം.
- ലിജി അരുണ്‍
adi poli
കലക്കി…..മോനേ…
തൈര്‍ സാദം റെസിപ്പിക്കു നന്ദി .ഇന്നു ഉച്ചക്ക് അതാണൂ ഭക്ഷണം.