Friday, June 29th, 2012

കൂണ്‍ തോരന്‍

koon3-epathram

കൂണ്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്കൊക്കെ മനസ്സില്‍ വരിക സൂപ്പര്‍മാര്‍കെറ്റിലെ തണുത്ത സെക്ഷനില്‍ മുഷിഞ്ഞു വിറങ്ങലിച്ചു ഇരിക്കുന്ന ബട്ടണ്‍ മഷ്റൂം അല്ലേ?? എന്റെ ഈ കൂണ്‍ തോരന്‍ ആ ബട്ടണ്‍ മഷ്റൂം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്.. ഇത് എന്റെ നാട്ടില്‍ മഴക്കാലത്ത് ഉണ്ടാവുന്ന അരിക്കൂണ്‍ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഈ കൂണ്‍ ഉണ്ടാവുക. പറമ്പില്‍ പലയിടങ്ങളിലായി ചെറുതും വലുതുമായ പുറ്റുകളില്‍ ഇവ പൊടി പൊടിയായി മൊട്ടിടുന്നു. ഒരു ദിവസം കൊണ്ട് മൂപ്പെത്തുകയും ചെയ്യും. അപ്പോള്‍ തന്നെ ഇത് പറിക്കണം. അല്ലെങ്കില്‍ അടുത്ത മഴയില്‍ ഇവയുടെ ആയുസ്സ്‌ തീരും. ഇനി പറിക്കുന്ന കാര്യം പറഞ്ഞാലോ.. അതൊരു വല്ലാത്ത പണി തന്നെയാണ്.

koon2-epathram

എന്റെ ചാച്ചനു കൂണ്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മണത്ത് അറിയാം എന്നാണ് പറയുന്നത്. :-) അത് കൊണ്ട് കക്ഷി മഴക്കാലത്തും പറമ്പിലൂടെയെല്ലാം റൌണ്ട്സ് അടിക്കാറുണ്ട്. വിവിധ തരം ഭക്ഷ്യയോഗ്യമായ കൂണുകള്‍ കിട്ടുകയും ചെയ്യും. അരിക്കൂണ്‍ കിട്ടിയാല്‍ ഞങ്ങള്‍ക്ക്‌ എല്ലാവര്ക്കും നല്ല പണിയാണ്. ഇത്ര ചെറിയ കൂണ്‍ പുറ്റില്‍ നിന്നും അടര്‍ത്തി, മണ്ണില്ലാതെ വൃത്തിയാക്കി എടുക്കണമെങ്കില്‍ കുറച്ചൊന്നുമല്ല മെനക്കെടേണ്ടത്.. എന്തായാലും ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞപോലെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും കൂടെ ചാച്ചന്റെ നേതൃത്വത്തില്‍ കൂണ്‍ പറിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എത്ര പണിതാല്‍ എന്താ, ഇത്രയും രുചിയുള്ള മറ്റൊരു തോരന്‍ ഉണ്ടാവില്ല. അത്രയ്ക്ക് സ്വാദാണ്.. അരിക്കൂണിനു.. ഇനി തോരന്‍ മാത്രമല്ല, കൂണ്‍ മസാല, കട്ട്ലെറ്റ്‌ എന്നിവയൊക്കെ മമ്മി ഇത് കൊണ്ട് ട്രൈ ചെയ്തിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം..

koon1-epathram

ഏതായാലും നിങ്ങളുടെ ഒക്കെ വീട്ടില്‍ അരിക്കൂണ്‍ കിട്ടുമെന്നും, ഇനി കിട്ടിയാല്‍ തന്നെ അത് പറിക്കാന്‍ മെനക്കെടുമെന്നും, ഈ തോരന്‍ വെയ്ക്കുമെന്നും ഒന്നും ഉള്ള പ്രതീക്ഷയില്‍ അല്ല ഞാന്‍ ഈ റെസിപ്പി ഇടുന്നത്. നമ്മുടെ തൊടിയിലും പറമ്പിലും ഒക്കെ വളര്‍ന്നിരുന്ന ഒരുപാട് സംഗതികള്‍ കൊണ്ട് പോഷക സമൃദ്ധവും, വിഷമില്ലാത്തതും, രുചികരവും, ‘പോക്കറ്റ്‌ ഫ്രെണ്ട്ലി’യുമായ ആഹാരം തയ്യാറാക്കിയിരുന്ന ഒരു പൂര്‍വ്വകാലം നമുക്കുണ്ട്. അതിലേക്കു ചെറിയ ഒരു ഓര്‍മ്മപ്പെടുത്തല്‍. നമ്മുടെ പറമ്പുകളില്‍  രാസവളം, കീടനാശിനി എന്നിവ ഉപയോഗിക്കുന്നതും, കാലാവസ്ഥാവ്യതിയാനവും ഒക്കെ സ്വാഭാവികമായി കൂണ്‍ ഉണ്ടാവുന്നതിനെ തടസ്സപ്പെടുത്തുന്നു. എങ്കിലും ഇവയൊക്കെ ഒരു പരിധി വരെ എന്റെ നാടിനെയും വീടിനെയും ബാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ എനിക്ക് അഭിമാനം തോന്നാറുണ്ട്. ഇവിടുത്തെ മണ്ണിനും വെള്ളത്തിനും അന്നും ഇന്നും ഒരേ ഗന്ധവും സ്വാദുമാണ്. ഇവയൊന്നും കൈമോശം വരാതിരിക്കട്ടെ…

koon4-epathram

അയ്യോ.. പറഞ്ഞു കാട് കയറി അല്ലെ? :-) നമ്മുക്ക് റെസിപ്പി നോക്കിയാലോ?? എന്റെ മമ്മിയുടെ സ്വന്തം റെസിപ്പി ആണിത്. ഇനി ഈ കൂണ്‍ ഇല്ലെങ്കിലും ഏതു കൂണ്‍ വച്ചും ഇത് ട്രൈ ചെയ്യാം കേട്ടോ…

ചേരുവകള്‍

കൂണ്‍  – അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine