കുമ്പളങ്ങാ മോര് കറി

October 26th, 2011

vellarikka-moru-curry-epathram

ഞാന്‍ എന്റെ തക്കാളി മോര് കറി പോസ്റ്റില്‍ പറഞ്ഞ പോലെ പലതരത്തില്‍ മോര് കറി ഉണ്ടാക്കാം. ഇതാ കുമ്പളങ്ങ ചേര്‍ത്ത് തേങ്ങാ അരച്ച് തനി നാടന്‍ സ്റ്റൈലില്‍ ഉള്ള ഒരു മോര് കറി.

ചേരുവകള്‍

കുമ്പളങ്ങ ചതുരത്തില്‍ മുറിച്ചത് – 200 ഗ്രാം
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തേങ്ങ – അര മുറി
ജീരകം – അര ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മോര് – ഒരു കപ്പ്
ഉലുവ – കാല്‍ ടീസ്പൂണ്‍
കടുക്‌ – അര ടീസ്പൂണ്‍
ചെറിയ ഉള്ളി – 4 എണ്ണം
വേപ്പില – 2 തണ്ട്
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുമ്പളങ്ങ ക്യൂബ്സ് ആയി മുറിച്ച് കാല്‍ ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും മൂന്നു പച്ചമുളക് കീറിയതും ഇട്ട് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. അരമുറി തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ അരച്ച് കുമ്പളങ്ങ വെന്താല്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. തേങ്ങ വേവുമ്പോള്‍ ഒരു കപ്പ് മോര് ചേര്‍ക്കുക. കുറഞ്ഞ തീയില്‍ 3 – 4 മിനിറ്റ്‌ ഇളക്കുക. തീ ഓഫ് ആക്കി കാല്‍ ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ കടുക്‌, നാല് ചെറിയ ഉള്ളി, 2 തണ്ട് വേപ്പില എന്നിവ എണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.

കുറിപ്പ്‌ : ജീരകത്തിന്റെ സ്വാദ്‌ ഇഷ്ടമുള്ളവര്‍ക്ക് അര ടീസ്പൂണിന് പകരം ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ക്കാവുന്നതാണ്.

അയച്ചു തന്നത്  – പ്രീത

- ലിജി അരുണ്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

തക്കാളി മോര് കറി

October 19th, 2011

moru-curry

എന്റെ വീട്ടില്‍ ഓര്‍മ വച്ചപ്പോള്‍ മുതല്‍ പശു ഉണ്ടായിരുന്നു. ധാരാളം പാലും. അധികം വരുന്ന പാല് തൈരായും പിന്നീട് മോരായും രൂപാന്തരപ്പെട്ടിരുന്നു. മോര് ഇല്ലാത്ത ഒരു ഉച്ചയൂണ് വളരെ വിരളമായിരുന്നു. മോര് അധികം വരുമ്പോള്‍ എന്റെ മമ്മി ചെയ്യുന്ന പരിപാടി മോര് കാച്ചി വയ്ക്കുക അല്ലെങ്കില്‍ മോര് കറി ഉണ്ടാക്കുക എന്നതാണ്. മോര് കറി എന്ന് പറയുമ്പോള്‍ അതില്‍ കഷ്ണങ്ങള്‍ എന്തെങ്കിലും ഉണ്ടാവും. എന്റെ വീട്ടില്‍ സാധാരണയായി ഏത്തക്ക, വെള്ളരിക്ക, കുമ്പളങ്ങ, ചേമ്പ്, പപ്പായ എന്നിവ ഒക്കെയായിരുന്നു മോര് കറിയില്‍ ചേര്‍ക്കുക. എന്നാല്‍ ഞാന്‍ ദുബായില്‍ വന്നതിനു ശേഷം എന്റെ ബന്ധുവായ ടെജി ചേച്ചിയുടെ അടുത്ത് നിന്നും ആണ് തക്കാളി ചേര്‍ത്ത മോര് കറി വയ്ക്കാന്‍ പഠിച്ചത്. വളരെ എളുപ്പം ആര്‍ക്കും തയ്യാറാക്കാവുന്ന ഒരു മോര് കറിയാണ് ഇത്. സാധാരണ മോര് കറി ഉണ്ടാക്കുന്ന പോലെ തേങ്ങാ അരയ്ക്കണ്ട എന്ന പ്രത്യേകതയും ഉണ്ട്.

ഈ കറിയും പപ്പടവും ഉണ്ടെങ്കില്‍ ഊണ് കുശാലാക്കാം.. :) ഒരു നല്ല ബാച്ചലര്‍ കറിയാണ് ഇത്. ഒന്ന് പരീക്ഷിക്കൂ..

ചേരുവകള്‍

കട്ട തൈര് – 200 മില്ലി
നല്ല പഴുത്ത വലിയ തക്കാളി – ഒന്ന് (12 കഷ്ണം ആക്കുക )
ഇഞ്ചി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
പച്ചമുളക് – നെടുകെ പിളര്‍ന്നത് 2 എണ്ണം
ചുവന്നുള്ളി – 4-5 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
ഉലുവ – അര ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
മുളക് പൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 100 മില്ലി
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തൈര് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, ജീരകം എന്നിവ വറക്കുക. വറ്റല്‍ മുളക് പൊട്ടിച്ചു ഇതിലേക്ക് ഇടുക. അറിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അല്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കി, മൂടി വച്ച് ഒരു 3-4 മിനുറ്റ് വേവിക്കുക. തക്കാളി ഉടയരുത്. എന്നാല്‍ വേവുകയും വേണം. തീ നന്നായി കുറച്ചിട്ടു തൈര് ചേര്‍ത്ത് ഇളക്കി ഒരു മിനിട്ടിനകം വാങ്ങി വയ്ക്കുക. മോര് കറി റെഡി.

കുറിപ്പ്‌ : തൈര് ചേര്‍ത്ത് കഴിഞ്ഞു തീ അധികം ആയാല്‍ അത് പിരിഞ്ഞു പോകും. പിന്നീട് പനീര്‍ കറിയായി കഴിക്കേണ്ടി വരും :)

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »


« പാഷന്‍ ഫ്രൂട്ട് മാങ്കോ പഞ്ച്
ഫിഷ്‌ മോളി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine