എന്റെ വീട്ടില്‍ ഒരു പുളിമരത്തിന്മേല്‍ പാഷന്‍ ഫ്രൂട്ട് പടര്‍ന്നു കയറിയിരുന്നു. വേനല്‍ക്കാലത്ത് സമൃദ്ധമായി വിളഞ്ഞിരുന്ന ഈ പഴം നല്ല കാറ്റടിക്കുമ്പോള്‍ താഴേക്കു പൊട്ടി വീണിരുന്നു. പക്ഷെ കടുത്ത ചവര്‍പ്പ് കാരണം ആരും ഇതിനു വല്യ വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കാറ്റിലും മഴയിലും കിണറ്റിന്‍ കരയില്‍ നില്‍ക്കുന്ന നാട്ടു മാവിന് ചുറ്റും നല്ല തെരക്കായിരിക്കും. കാരണം മാങ്ങക്കു നല്ല മധുരം ആണല്ലോ.. ഏതായാലും ഇയ്യിടെയാണ് പാഷന്‍ ഫ്രൂട്ടും മാങ്ങയും ചേര്‍ന്നാല്‍ ഒരുഗ്രന്‍ പാനീയം ആകും എന്ന് മനസ്സിലായത്. വീട്ടില്‍ ഒരു പാഷന്‍ ഫ്രൂട്ട് ചെടിയുണ്ടായാല്‍ പുതുമയോടെ “ഗാര്‍ഡന്‍ ഫ്രഷായ ജ്യൂസ് കുടിക്കാം..
ധാരാളം വൈറ്റമിന്‍ ഉള്ള ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്. ഇതിനു പുറമേ കാര്‍ബോ ഹൈഡ്രേറ്റ്, മാംസ്യം, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. ഔഷധമേന്‍മയും ഈ ഫലത്തിനുണ്ട്. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
പാഷന്‍ ഫ്രൂട്ട് : 2 എണ്ണം
മാങ്ങാ : ഒരെണ്ണം
പഞ്ചസാര : 1/2 കപ്പ്,
സോഡാ : 200 ml
വെള്ളം : ഒരു ഗ്ലാസ്
തേന്‍: 3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാഷന്‍ ഫ്രൂട്ടില്‍ നിന്നും കാമ്പ് എടുക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നന്നായി ഉടക്കുക. വെളുത്ത തൊലി ഉള്ളത് നീക്കം ചെയ്യണം. കുരു മാത്രം നീരോട് കൂടി എടുത്തു വയ്ക്കുക. നന്നായി പഴുത്ത മാങ്ങ മിക്സിയില്‍ ഇട്ടു പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അടിച്ചു എടുക്കണം. ഇത് എടുത്തു വച്ചിരിക്കുന്ന പാഷന്‍ ഫ്രൂട്ട് ജ്യുസിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് സോഡാ ചേര്‍ക്കുക. ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വിളമ്പുക. മധുരം ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
- ലിജി അരുണ്‍