പനീര്‍ വിഭവം എന്ന് പറയുമ്പോള്‍ വെജിറ്റേറിയന്‍സിനു സ്പെഷ്യല്‍ ആയി ഉണ്ടാക്കുന്ന ഐറ്റം എന്നാണ് എന്റെ മനസ്സ് ആദ്യം പറയുക. നമ്മളൊക്കെ ഇറച്ചിയും മീനുമൊക്കെ കഴിക്കുമ്പോള്‍ ഇവയോട് ‘NO’ പറയുന്നവര്‍ക്കും എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ? :-) നിങ്ങള്‍ വെജിറ്റേറിയന്‍ ആണെങ്കില്‍ പനീര്‍ കഴിക്കുമ്പോള്‍ അങ്ങനെ ഒരു സന്തോഷം തോന്നാം. (നല്ല കറിയാണ് എങ്കില്‍ മാത്രം. :-), അല്ലെങ്കില്‍ പനീര്‍ കാണുമ്പോഴേ നിങ്ങള്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചു എന്ന് വരാം). താഴെ പറയുന്ന പനീര്‍ തക്കാളി മസാല എന്റെ സുഹൃത്ത് പ്രീതയുടെ സ്വന്തം റെസിപ്പി ആണ്. ഞാന്‍ കഴിച്ചിട്ടില്ല എങ്കിലും കഴിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നത് വളരെ സ്വാദിഷ്ടമായ ഒരു പനീര്‍ റെസിപ്പി ആണെന്നാണ്. ഏതായാലും നമ്മുക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ?? :-)
ചേരുവകള്‍
സവാള – മൂന്ന്
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരിഞ്ചു കഷ്ണം
തക്കാളി – രണ്ട്
ചിക്കന്‍ മസാല – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
പനീര്‍ – അര കിലോ
കോണ്‍ ഫ്ളവര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി ഇഞ്ചി എന്നിവ ചതച്ചത് നാല് ടേബിള്‍സ്പൂണ്‍ എണ്ണയില്‍ വഴറ്റുക. സവാള ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇത് നേരിയ ബ്രൌണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ മസാല പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. പൊടികള്‍ ചൂടാവുമ്പോള്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. വെള്ളം ചേര്‍ക്കാതെ മൂടി വെച്ച് രണ്ടു മിനിറ്റ് വേവിക്കുക. ചെറിയ കഷ്ണങ്ങള്‍ ആക്കിയ പനീര്‍ ഇതിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും അര ടീസ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് രണ്ടു മിനിറ്റ് വേവിക്കുക. ഇതില്‍ ഒരു കപ്പു ചൂട് വെള്ളം ചേര്‍ത്ത് ഇളക്കി തിളക്കുന്നത് വരെ വേവിക്കുക. അര ടേബിള്‍സ്പൂണ്‍ കോണ്‍ ഫ്ളവര്‍ അര കപ്പു പച്ചവെള്ളത്തില്‍ കലക്കി ചേര്‍ക്കുക. തിളച്ചതിനു ശേഷം രണ്ടു മിനിറ്റ് ചെറു തീയില്‍ വേവിക്കുക. തീ ഓഫ് ആക്കി മല്ലിയില ഇലയും തണ്ടും കൂടി വളരെ ചെറുതായി മുറിച്ച് മുകളില്‍ വിതറുക. ചെറു ചൂടോടെ ചപ്പാത്തിക്കും അപ്പത്തിനും സൈഡ് ഡിഷ് ആയി ഉപയോഗിക്കാം.