ഇയ്യിടെയായി വെയിറ്റ് കൂടുന്നുണ്ടോ എന്നൊരു സംശയം. അരിയാഹാരം കൂടുതല്‍ കഴിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. :-( ഭക്ഷണം നിയന്ത്രിക്കുക, അല്ലാതെ എന്ത് ചെയ്യാന്‍. അപ്പൊ ഇനി അങ്ങോട്ട് പോഷക സമൃദ്ധവും, ആരോഗ്യകരവും, പൊണ്ണത്തടി വയ്പ്പിക്കാത്തതും ആയ ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കണമല്ലോ.. അത് കൊണ്ട് പതിവ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളായ അപ്പം, പുട്ട്, ഇഡ്ഡലി എന്നീ അരി വിഭവങ്ങള്‍ക്ക് ഒരു തല്ക്കാല റെസ്റ്റ് കൊടുക്കാം. (എത്ര ദിവസം ഉണ്ടാകുമോ ഈ ആവേശം.. :-))
ഇന്നത്തെ ഐറ്റം ചെറുപയര്‍ ദോശയും സാമ്പാറും..തെലുങ്കില്‍ ഇതിനു പേസരട്ട് എന്നാണ് പറയുന്നത്. വളരെയധികം പോഷകമൂല്യമുള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് ചെറുപയര്‍. ഇതില്‍ അന്നജം, കൊഴുപ്പ് ,നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, കാല്‍സിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സാധാ ദോശ പോലെ തലേ ദിവസം അരച്ച് വയ്ക്കണ്ട. ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതിനു 3-4 മണിക്കൂര്‍ മുന്‍പേ ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടണം എന്ന് മാത്രം. ഇത് വരെ ഞാന്‍ ചപ്പാത്തിക്കു ഒരു കറി ആയിട്ടും, ഖിച്ടി ഉണ്ടാക്കുവാനും മാത്രമേ ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചിട്ടുള്ളൂ. ആദ്യമായാണ് ദോശ പരീക്ഷിച്ചത്. നന്നായിരുന്നു. ഇടയ്ക്ക് ഒരു ചേഞ്ച് നു നല്ലതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു.. :-)
ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് – 2 ഗ്ലാസ്
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം:
ചെറുപയര്‍ മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു കാല്‍ ഗ്ലാസ് വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക് സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക. സാമ്പാര്‍, തേങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി എന്നിവയോടുകൂടി ചൂടോടെ കഴിക്കുക.