ഒരു വടക്കേയിന്ത്യന്‍ വിഭവമാണ് ഖിച്‌ടി. അരിയും പരിപ്പും ആണ് ഇതിന്റെ പ്രധാന ചേരുവകള്‍. ബാക്കിയൊക്കെ നമ്മുടെ ഇഷ്ടം പോലെ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ത്ത് നന്നായി വേവിച്ചതാണ് ഒറിജിനല്‍ ഖിച്ടി. എന്നാല്‍ എന്റെ വീട്ടില്‍ എല്ലാവര്ക്കും താല്‍പ്പര്യം അധികം നീളാത്ത പുലാവ് പോലെ ഇരിക്കുന്ന ഖിച്ടി ആണ്. ധാരാളം പച്ചക്കറികളും പരിപ്പും ചേര്‍ക്കുന്നതിനാല്‍ നല്ല പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇത്.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – ഒന്ന്
കാരറ്റ് – ഒന്ന്
ബീന്‍സ് – 7-8 എണ്ണം
ഗ്രീന്‍പീസ് – ഒരു കപ്പ്
തക്കാളി ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – ആറു അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ട്
ഏലയ്ക്ക – രണ്ടെണ്ണം
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
പെരുംജീരകം – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ബിരിയാണി അരി – ഒരു കപ്പ്
ചെറു പയര്‍ പരിപ്പ് – അരക്കപ്പ്
ചുവന്ന പരിപ്പ് (മസൂര്‍ ദാല്‍ ) – അരക്കപ്പ്
മല്ലിയില – ഒരു പിടി
തയ്യാറാക്കുന്ന വിധം
പച്ചക്കറികള്‍ എല്ലാം ചെറുതായി നുറുക്കുക. പച്ചമുളക് നെടുകെ കീറുക, ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞെടുക്കുക. ഒരു കുക്കര്‍ അടുപ്പത്ത് വച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഏലയ്ക്ക പട്ട ഗ്രാമ്പു എന്നിവയും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍ സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് നന്നായി ഉടയ്ക്കണം. ഇതിലേക്ക് കഴുകി വാരിയ അരിയും പരിപ്പുകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പച്ചക്കറികള്‍ ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. 2 കപ്പ് വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് 2 വിസില്‍ വരെ വേവിക്കാം. തുറക്കുമ്പോള്‍ മല്ലിയില ചേര്‍ക്കുക. സാലഡും അച്ചാറും പപ്പടവും ചേര്‍ത്ത് കഴിക്കാം.
കുറിപ്പ് : കഞ്ഞി പോലെയുള്ള ഖിച്ടി ഇഷ്ടമുള്ളവര്‍ക്ക് വേവിക്കുമ്പോള്‍ അര കപ്പ് വെള്ളവും കൂടെ ചേര്‍ക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vegetarian, ചോറ്, പച്ചക്കറി, പരിപ്പ്