പേര് വായിച്ചപ്പോ തന്നെ ഒന്ന് ഡല്‍ഹി വരെ പോയി വന്ന പോലെ തോന്നുന്നുണ്ടാവും അല്ലെ?? സ്വാഭാവികം!! എന്നും ഈ പച്ചമലയാള കറികള്‍ കഴിക്കുന്ന നമ്മുക്ക് ഒരു ചേഞ്ച് വേണമല്ലോ.. മാത്രവുമല്ല ആരോഗ്യപരമായ കാര്യങ്ങള്‍ എവിടെ കണ്ടാലും കൈ കടത്തുന്ന ആളാണ് ഞാന്‍.. ;-) മേത്തിയ്ക്ക് കയ്പ്പുണ്ടെങ്കിലും അതിന്റെ ഗുണഗണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് കോരിത്തരിക്കും.. ;-) ഉലുവയും ഉലുവയുടെ ഇലയും രക്തത്തിലേ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ രോഗികളില്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കും. പച്ചിലകള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയുന്നതിനു നല്ലതാണ്.പിന്നെ മറ്റൊരു കാര്യം ഞാന്‍ കണ്ടു പിടിച്ചു. കാരറ്റ് ചേര്‍ത്താല്‍ ഉലുവാ ഇലയുടെ കയ്പ്പ് നന്നായി കുറയും. ഉലുവ നന്നാക്കുന്നത് അല്‍പ്പം മെനക്കെട് പിടിച്ച പണിയാണ്. പക്ഷെ പോഷണം!!! അപ്പൊ അങ്ങനെ വെറുതെ വിടണ്ട.. ഇടയ്ക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ….
ചേരുവകള്‍
ചേരുവകള്‍
ഉരുളക്കിഴങ്ങ് – 2 എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
കാരറ്റ് – 1എണ്ണം ഇടത്തരം കഷ്ണങ്ങള്‍ ആയി നുറുക്കിയത്
ഉലുവയില -2 കെട്ട്
സവാള – 2 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് – ഒരു ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം നെടുകെ കീറിയത്
ഉപ്പ് – ആവശ്യത്തിന്
ജീരകം – ഒരു ടീസ്പൂണ്‍
പെരുംജീരകം – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – ഒരു പിടി
തയ്യാറാക്കുന്ന വിധം
കിഴങ്ങും കാരറ്റും അല്‍പ്പം വെള്ളം, ഉപ്പ്, മുളക്പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക. ഉലുവയില കഴുകി വൃത്തിയാക്കി തണ്ടോടു കൂടി ചെറുതായി അരിഞ്ഞു എടുക്കുക. ഒരു പാന്‍ ചൂട് ആകുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍ സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉലുവയിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. മൂടി വച്ച് വേവിക്കുക. ഇല കടുംപച്ച നിറം ആകുന്നതാണ് പാകം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കിഴങ്ങ് – കാരറ്റ് ചേര്‍ത്ത് നന്നായി ഇളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങാം. ചപ്പാത്തി ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: healthy recipes, vegetarian, ഇലക്കറികള്‍, ഡല്‍ഹി, പച്ചക്കറി, ലിജി