നാട്ടില്‍ നിന്നും നല്ല കിടിലന്‍ മൂവാണ്ടന്‍ മാങ്ങകള്‍ കുറെ കിട്ടിയെന്നിരിക്കട്ടെ, നിങ്ങള്‍ എന്തൊക്കെ ഉണ്ടാക്കും അതുകൊണ്ട്?? ;-) ആദ്യത്തെ ദിവസം ചമ്മന്തി അരച്ചു, പിന്നത്തെ ദിവസം മീന്‍ മാങ്ങായിട്ട് കറി വച്ചു. ഇനി എന്താ മാങ്ങാ ഐറ്റം?? കടുമാങ്ങ എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ തല നരച്ചവര്‍ ഇട്ടാലേ ശരിയാവൂ എന്ന പക്ഷക്കാരിയാണ് ഞാന്‍. പക്ഷെ ഇതെന്റെ കഥ അല്ല കേട്ടോ.. കൊച്ചിന്‍ യുണിവേഴ്സിറ്റിയില്‍ എന്റെ സുഹൃത്തായിരുന്ന മേരി ആണ് ഇവിടുത്തെ കഥാനായിക. ബംഗ്ലൂരിലെ ലക്ഷക്കണക്കിന് വരുന്ന സോഫ്റ്റ്‌വെയര്‍ ഫാമിലീസില്‍ ഒന്നാണ് അവളുടേത്. എന്നാലും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും തനി മലയാളി ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തില്‍ എക്സ്പേര്‍ട്ട് ആണ് കക്ഷി. ഈ മാങ്ങാ പച്ചടി അവള്‍ടെ സ്വന്തം റെസിപ്പി ആണ്. നല്ല കുത്തരി ചോറിന് ഒരടിപൊളി കോമ്പിനേഷന്‍ ആണ് ഇത്… ഓര്‍ക്കുമ്പോഴേ വായില്‍ വെള്ളം വരുന്നു.. അടുത്ത തവണ മാങ്ങാ കിട്ടട്ടെ ഇതൊന്നു വച്ചിട്ട് തന്നെ കാര്യം.. :-) തല്‍ക്കാലം നിങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ..
ചേരുവകള്‍
മാങ്ങാ – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
ചെറിയ ഉള്ളി – 12 അല്ലി
പച്ചമുളക് – 3 എണ്ണം
തേങ്ങാ – അര കപ്പ്
കടുക് – കാല്‍ ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തീരെ ചെറുതായി കൊത്തി അരിഞ്ഞു ഉപ്പ് പുരട്ടി വയ്ക്കുക. ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങാ കടുക് ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. തേങ്ങാ അരച്ചത് ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങയിലേക്ക് ഈ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: side dishes, vegetarian, കേരളാ സ്പെഷ്യല്‍, നാടന്‍ കറികള്‍, പച്ചക്കറി