മിന്‍സ്ഡ് ബീഫ്‌ ബിരിയാണി

January 19th, 2012

minced beef biriyani-epathram

ബിരിയാണി തിന്നാന്‍ വല്യ ഇഷ്ടമാണ്. എന്നാല്‍ ഉണ്ടാക്കുന്ന കാര്യം ഓര്‍ക്കുമ്പോ തല കറങ്ങും. രാവിലെ മുതല്‍ അടുക്കളയില്‍ കെടന്നു നെട്ടോട്ടം ഓടണം. സവാള അരിയല്‍, ഇറച്ചി വേവിക്കല്‍, ചോറ് തയ്യാറാക്കല്‍, ബേക്കിംഗ്…ഓ… ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച ഓഫ്‌, അടുക്കളയില്‍ തീരും… എന്നാല്‍ ബിരിയാണിയുടെ സ്വാദ് ഓര്‍ക്കുമ്പോള്‍ വയ്ക്കാതിരിക്കാനും പറ്റില്ല.. ഒരാഴ്ചയായി കുറച്ചു മിന്‍സ്ഡ് ബീഫ്‌  ഫ്രീസറില്‍ ഇരിക്കുന്നു. അരുണ്‍ കുറച്ചു ദിവസമായി കാത്തിരിക്കുന്നു, ഞാന്‍ അതിനെ എന്താ ചെയ്യാന്‍ പോകുന്നെ എന്ന് അറിയാന്‍ :-) വെള്ളിയാഴ്ച ആശാന്റെ പിടി വിട്ടു. ”ഈ ബീഫ്‌ എടുത്തു എന്തെങ്കിലും ചെയ്യുന്നുണ്ടോ ഇല്ലയോ?? ഇത് ഇരുന്നു പൂത്തു പോകും”.. ശരി.. ഇന്ന് തന്നെ അതങ്ങു പരീക്ഷിക്കാം.. അരുണിന്റെ ബീഫ്‌ പ്രേമം എനിക്ക് അറിയാവുന്നതാണ്.  അത് കൊണ്ട് അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ഒന്നും പുള്ളി കണക്കാക്കുകയില്ല. ബീഫ്‌ ഏതു ഫോര്‍മിലും കഴിക്കും.. :-) ഒരു എളുപ്പ ബിരിയാണി പ്ലാന്‍ ചെയ്തു . :-) പ്രഷര്‍ കുക്കറില്‍ ഉണ്ടാക്കാം. എല്ലാം കൂടെ ചേര്‍ത്ത് ഒരു 2-3 വിസില്‍. സംഗതി റെഡി. പ്രതീക്ഷിച്ചത്ര മോശം ആയില്ല. നെയ്യും കശുവണ്ടിയും ഒന്നും ചേര്‍ത്തില്ല. പക്ഷെ നല്ല സ്വാദ്‌ ഉണ്ടായിരുന്നു.

ചേരുവകള്‍

ചെറിയ ബസ്മതി അരി – 1/2 കിലോ ( 2 ഗ്ലാസ്)
ബീഫ്‌ മിന്‍സ് ചെയ്തത്  – കാല്‍ കിലോ
സവാള – 4 വലുത് നേര്‍മ്മയായി അരിഞ്ഞത്
തക്കാളി – 3 വലുത് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്
പച്ചമുളക് ചതച്ചത്  – 3 എണ്ണം (എരിവ് അനുസരിച്ച് )
ഇഞ്ചി ചതച്ചത്- 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
പുതീനയില – 6 ഇല
മല്ലിയില അരിഞ്ഞത് – 1/2 കപ്പ്‌
നാരങ്ങനീര്- 1 ടീ സ്പൂണ്‍
ഗരം മസാല പൊടി-  1 ടേബിള്‍സ്പൂണ്‍
ചുവന്ന മുളക്പൊടി – 1/2 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീ സ്പൂണ്‍
കുരുമുളക്പൊടി –  1/2 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീ സ്പൂണ്‍
തൈര് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറുവപ്പട്ട- 4
ഗ്രാമ്പൂ-4
ഏലയ്ക്കാ-5
തക്കോലം – 2
കുരുമുളക് – ഒരു ടീസ്പൂണ്‍
എണ്ണ / നെയ്യ്‌ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫ്‌ കഴുകി വൃത്തിയാക്കി വെള്ളം നന്നായി പിഴിഞ്ഞ് കളയുക.
പ്രഷര്‍ കുക്കറില്‍  4 ടേബിള്‍സ്പൂണ്‍ എണ്ണ /നെയ്യ് ഒഴിച്ച് ചൂടാക്കുക. കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, തക്കോലം, കുരുമുളക് എന്നിവ ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടി തുടങ്ങുമ്പോള്‍ ചെറുതായി അരിഞ്ഞ ഒരു സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. സാവാള ഒന്ന് വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് നല്ല ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി വാടിയ ശേഷം ഗരംമസാലപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി എന്നിവയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മല്ലിയിലയും പുതിനയില അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ബീഫ്‌ ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനുട്ടിന് ശേഷം കഴുകി വാരിയ അരി ചേര്‍ത്ത് ഇളക്കുക. അരി രണ്ടു മിനിറ്റ് ഇളക്കുക. ആവശ്യത്തിന് ഉപ്പും 3 ഗ്ലാസ്‌ വെള്ളം ഒഴിച്ച് വെയിറ്റ് ഇട്ടു അടച്ച് 3 വിസില്‍ വരുന്നത് വരെ വേവിക്കുക. ആവി പോയിക്കഴിഞ്ഞു കുക്കര്‍ തുറന്നു ഗ്രേവി അധികമായി ഉള്ളത് ചെറുതീയില്‍ കുക്കര്‍ തുറന്നു വച്ച് ഇളക്കി വറ്റിച്ചെടുക്കുക. ഫോര്‍ക്ക് കൊണ്ട് ബിരിയാണി ഒന്ന് ഇളക്കി എടുക്കുക. കുഴയരുത്. ചെറുതായി അരിഞ്ഞ മല്ലിയില വിതറി, അച്ചാര്‍, സലാഡ്‌, പപ്പടം എന്നിവയ്ക്കൊപ്പം വിളമ്പുക.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഷാര്‍ജ ഷെയ്ക്ക്
മത്തങ്ങാ മെഴുക്കുപുരട്ടി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine