പാസ്താ ഉപ്പുമാവ്

March 25th, 2012

pasta-upma-epathram

ഉപ്പുമാവിനോടുള്ള എന്റെ വിരോധം ഇതിനു മുന്‍പുള്ള ഉപ്പുമാവ്‌ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. അത് സാധാ റവ ഉപ്പുമാവിന്റെ കാര്യം. അത് പഴം കൂട്ടി കുഴച്ചു തിന്നുക എന്ന് പറഞ്ഞാല്‍, ഛെ ഛെ.. വെറും ‘കണ്ട്രി’ ആയി പോവും. അപ്പോഴാണ്‌ ഞാന്‍ മറ്റൊരു ഉപ്പുമാവിനെ കുറിച്ചുള്ള സാധ്യത ആലോചിച്ചത്. ഇത് അങ്ങനേം ഇങ്ങനേം ഉള്ള വെറും ഉപ്പുമാവ് അല്ലാ.. ഇറ്റാലിയന്‍ ഉപ്പുമാവ്.. :-) ഇറ്റലിക്കാര്‍ കേള്‍ക്കണ്ടാ.. ഹി ഹി.. ഇപ്പോള്‍ എവിടേം സുലഭമായ, പല ഷേയ്പ്പ്പുകളിലും വലുപ്പത്തിലും ലഭിക്കുന്ന പാസ്ത എന്ന ഇറ്റാലിയന്‍ സംഭവത്തെ അല്പം ഒന്ന് മലയാളീകരിച്ച ഒരു വേര്‍ഷന്‍ ആണ് ഇത്. ഇഷ്ടമാകും എന്നത് തീര്‍ച്ച.. :-)

ചേരുവകള്‍

വേര്‍മിസെല്ലി പാസ്താ – 1 കപ്പ്‌
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില – ഒരു തണ്ട്
കടുക്‌ – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്‌ പാസ്ത അതില്‍ ഇട്ടു വേവിച്ചു ഉപ്പിട്ട് ഊറ്റി എടുക്കുക. അല്പം എണ്ണ ഒഴിച്ചാല്‍ കട്ട കൂടാതെ കിട്ടും. വെള്ളം നന്നായി വാര്‍ന്നു പോണം. ഒരു പാന്‍ ചൂടാക്കി, എണ്ണ ഒഴിച്ച് കടുക് വറക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇളം നിറമാകുമ്പോള്‍ വേവിച്ചു വച്ചരിക്കുന്ന പാസ്ത അതിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5 മിനുറ്റ് ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക. പാസ്താ ഉപ്പുമാവ് റെഡി. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം. ചിക്കെന്‍ കറി ആണെങ്കിലും നല്ലതാ :-)

കുറിപ്പ്‌  : പാസ്തയ്ക്ക് പകരം നാട്ടില്‍ ലഭിക്കുന്ന വേര്‍മിസെല്ലി ഉപയോഗിച്ചും ഇത് തയ്യാറാക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on പാസ്താ ഉപ്പുമാവ്

വെജിറ്റബിള്‍ ഉപ്പുമാവ്‌

February 6th, 2012

vegetable-upma-epathram
ഉപ്പുമാവോ??? അമ്മയ്ക്ക് ഇതല്ലാതെ വേറെ ഒന്നും ഉണ്ടാക്കാനില്ലേ??? ഇത് വായിക്കുന്ന നിങ്ങളില്‍ പലരും ചെറുപ്പത്തില്‍ എങ്കിലും ഉപ്പുമാവിനെ കുറിച്ച് ഇങ്ങനെ ഒന്ന് പുച്ഛത്തോടെ സംസാരിക്കാതിരുന്നിട്ടുണ്ടാവില്ല. :-) സത്യം പറയാമല്ലോ ഉപ്പുമാവ് എനിക്കും ഇഷ്ടമല്ല. ഹോസ്റ്റലില്‍ ജീവിച്ചിട്ടുള്ള ആര്‍ക്കും ഉപ്പുമാവ് ഇഷ്ടമായിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എഞ്ചിനീയറിംഗിന് പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ ആ വരണ്ട ഉപ്പുമാവും നീണ്ട പയര്‍ കറിയും കണ്ടു എത്ര ദിവസം നെടുവീര്‍പ്പിട്ടിട്ടുണ്ട്!! എന്നാല്‍ ഉപ്പുമാവ്‌ വളരെ ഇഷ്ടമുള്ള ഒരുപാട് പേരെയും എനിക്ക് അറിയാം. എന്റെ നേരെ ഇളയ അനിയത്തി ടിന ഒരു ഉപ്പുമാവ്‌ ഫാന്‍ ആണ്. അവള്‍ക്കു ഉപ്പുമാവ് കഴിക്കാന്‍ പഴം, പഞ്ചസാര, കറി എന്നിവ ഒന്നും വേണ്ടാ എന്നുള്ളതാണ് അത്ഭുതം. ഇവിടെ ഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപ്പുമാവ് ആയിരിക്കും. ഏതു ഭക്ഷണത്തിലും അല്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ എനിക്ക് സന്തോഷമാണ് എന്ന് ഞാന്‍ ഇതിനു മുന്‍പ്‌ ഏതോ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്റെ ശത്രുവായ ഉപ്പുമാവിനെയും ഞാന്‍ അല്പം പച്ചക്കറികള്‍ ചേര്‍ത്ത് മെരുക്കിയെടുത്തു എന്ന് വേണമെങ്കില്‍ പറയാം.

ചേരുവകള്‍

റവ വറുത്തത്ത് – 1 കപ്പ്‌
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ്‌ – ഒരു ചെറുത്‌ ചെറുതായി അരിഞ്ഞത്
ബീന്‍സ്‌ – 3-4 എണ്ണം ചെറുതായി അരിഞ്ഞത്
ഫ്രഷ്‌ ഗ്രീന്‍പീസ്- കാല്‍ കപ്പ്
നിലക്കടല – കാല്‍ കപ്പ്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 2 കപ്പ്‌
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
നെയ്യ്‌ – ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്‌ പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്‌, ബീന്‍സ്‌, ഫ്രഷ്‌ ഗ്രീന്‍പീസ്, നിലക്കടല, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പച്ചക്കറികള്‍ ചെറുതായി വഴന്നു കഴിയുമ്പോള്‍ 2 കപ്പ് വെള്ളം, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം തിളയ്ക്കുന്നതു വരെ മൂടി വയ്ക്കുക. വെള്ളം തിളച്ചു കൊണ്ടിരിക്കുമ്പോള്‍ തീ നന്നായി കുറച്ചു വച്ച്, പതിയെ റവ ചേര്‍ത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

മുട്ടക്കറി

January 28th, 2012

eggcurry-epathram
മുട്ട ഏതു പരുവത്തിലാക്കിയാലും എനിക്ക് ഇഷ്ടമാണ്. മുട്ട റോസ്റ്റ്‌ ഉണ്ടാക്കുന്ന വിധം നേരത്തെ ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. ഈ മുട്ടക്കറി എന്റെ റെസിപ്പി അല്ല. കുസാറ്റില്‍ എന്റെ സീനിയര്‍ ആയി പഠിച്ച ദിവ്യായുടെ റെസിപ്പി ആണ് ഇത്. കക്ഷിയുടെ സ്വന്തം കണ്ടുപിടുത്തമാണ് ഇത്. എന്തായാലും വളരെ സ്വാദിഷ്ടമായ ഒരു കറിയാണ്.

ചേരുവകള്‍

മുട്ട പുഴുങ്ങി നെടുകെ മുറിച്ചത് – 4 എണ്ണം
സവാള – 2 ഇടത്തരം നേര്‍മ്മയായി അരിഞ്ഞത്
മുളക്പൊടി – 2 ടീസ്പൂണ്‍ നികക്കെ
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി –  1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
തേങ്ങാ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ പൊടികള്‍ എല്ലാം ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. തീ ഓഫ്‌ ആക്കുക. ഇത് തണുത്തു കഴിയുമ്പോള്‍, തേങ്ങാ ചുരണ്ടിയത് ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. സവാള വഴറ്റിയ അതെ പാനിലേക്ക് അരപ്പ് ചേര്‍ത്ത് കുറച്ചു നേരം വഴറ്റുക. എണ്ണ തെളിഞ്ഞു വരണം. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്ന് കൂടെ തിളപ്പിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ടയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. 5 മിനുറ്റ് കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം.

അയച്ചു തന്നത് – ദിവ്യാ പ്രമോദ്‌

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

ചെറുപയര്‍ ദോശ

January 9th, 2012

moong dal dosa-epathram
ഇയ്യിടെയായി വെയിറ്റ്‌ കൂടുന്നുണ്ടോ എന്നൊരു സംശയം. അരിയാഹാരം  കൂടുതല്‍ കഴിക്കുന്നത്‌ കൊണ്ടാണെന്ന് തോന്നുന്നു. :-( ഭക്ഷണം  നിയന്ത്രിക്കുക, അല്ലാതെ എന്ത് ചെയ്യാന്‍. അപ്പൊ ഇനി അങ്ങോട്ട്‌ പോഷക സമൃദ്ധവും, ആരോഗ്യകരവും, പൊണ്ണത്തടി വയ്പ്പിക്കാത്തതും ആയ ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കണമല്ലോ.. അത് കൊണ്ട് പതിവ് ബ്രേക്ക്ഫാസ്റ്റ്‌ വിഭവങ്ങളായ അപ്പം, പുട്ട്, ഇഡ്ഡലി എന്നീ അരി വിഭവങ്ങള്‍ക്ക് ഒരു തല്ക്കാല റെസ്റ്റ് കൊടുക്കാം. (എത്ര ദിവസം ഉണ്ടാകുമോ ഈ ആവേശം.. :-))

ഇന്നത്തെ ഐറ്റം ചെറുപയര്‍ ദോശയും സാമ്പാറും..തെലുങ്കില്‍ ഇതിനു പേസരട്ട് എന്നാണ് പറയുന്നത്. വളരെയധികം പോഷകമൂല്യമുള്ള ഒരു പയര്‍ വര്‍ഗ്ഗമാണ് ചെറുപയര്‍. ഇതില്‍ അന്നജം, കൊഴുപ്പ് ,നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, കാല്‍സിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയര്‍ ദോശ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സാധാ ദോശ പോലെ തലേ ദിവസം അരച്ച് വയ്ക്കണ്ട. ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നതിനു 3-4 മണിക്കൂര്‍ മുന്‍പേ ചെറുപയര്‍ പരിപ്പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടണം എന്ന് മാത്രം. ഇത് വരെ ഞാന്‍ ചപ്പാത്തിക്കു ഒരു കറി ആയിട്ടും, ഖിച്ടി ഉണ്ടാക്കുവാനും മാത്രമേ ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചിട്ടുള്ളൂ. ആദ്യമായാണ്‌ ദോശ പരീക്ഷിച്ചത്. നന്നായിരുന്നു. ഇടയ്ക്ക് ഒരു ചേഞ്ച്‌ നു നല്ലതാണ്. ഒന്ന് ട്രൈ ചെയ്തു നോക്കു.. :-)

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ്  – 2 ഗ്ലാസ്‌
ചുവന്നുള്ളി – 4 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്  – 1 വലുത്
ഇഞ്ചി ചെറുതായി അരിഞ്ഞത്- അര ഇഞ്ചു കഷ്ണം
കായം – അര ടീസ്പൂണ്‍ (ആവശ്യമെങ്കില്‍ മാത്രം)
ഉപ്പ് – പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – ഒരു വലുത്
നല്ലെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ചെറുപയര്‍ മൂന്നു നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഇടുക. പിന്നീട് വെള്ളം വാര്‍ന്നു കളയുക. ഇത് മിക്സിയില്‍ ഇട്ടു കാല്‍ ഗ്ലാസ്‌ വെള്ളം, ചുവന്നുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. സാധാരണ ദോശ ഉണ്ടാക്കുന്ന അയവില്‍ അരച്ചെടുക്കുക. ഇതിലേക്ക്  സവാള, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ദോശക്കല്ലില്‍ എണ്ണ തടവി ദോശ ചുട്ടെടുക്കുക. സാമ്പാര്‍, തേങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി എന്നിവയോടുകൂടി ചൂടോടെ കഴിക്കുക.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

മട്ടണ്‍ സ്ട്യു

December 18th, 2011

mutton stew-epathram
കഴിഞ്ഞ ആഴ്ച അരുണ്‍ന്റെ പിറന്നാളായിരുന്നു. അന്ന് ദിവസം മൂന്നു നേരവും സ്പെഷ്യല്‍ ഫുഡ്‌ തരാം എന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതനുസരിച്ച് രാവിലത്തെ മെനു അപ്പവും മട്ടണ്‍ സ്ട്യുവും ആകാം എന്ന് തീരുമാനിച്ചു. അപ്പം മമ്മി ഉണ്ടാക്കും. സ്ട്യു എന്റെ വക..:-)

തലേദിവസം വൈകുന്നേരം തന്നെ ഞാന്‍ മട്ടണ്‍ ഒക്കെ മേടിച്ചു റെഡി ആയാണ് വീട്ടില്‍ എത്തിയത്. സ്ട്യു റെസിപ്പി ഒന്ന് മനസ്സില്‍ ഓര്‍ത്തെടുത്തു. സാധാരണ വയ്ക്കാറില്ലാത്ത ഒരു ഐറ്റം ആയത് കൊണ്ട് അല്പം റിവിഷന്‍ നടത്തേണ്ടി വന്നു. :-) എങ്കിലും അധികം ചേരുവകള്‍ ഇല്ലാത്തതു കൊണ്ട് ഓര്‍ത്തിരിക്കാന്‍ വിഷമം ഇല്ലാ.. :-)

പച്ചക്കറികള്‍ അരിയുന്ന താമസമേ ഉണ്ടായിരുന്നുള്ളൂ.. സ്ട്യു പെട്ടന്ന് തന്നെ തയ്യാറായി. ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. :-)

ചേരുവകള്‍

മട്ടണ്‍ – അര കിലോ
സവാള – 4 വലുത് നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞത്‌
ഇഞ്ചി – 2 ഇഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത്‌
പച്ചമുളക് – 6 എണ്ണം നെടുകെ കീറിയത്
കുരുമുളക്പൊടി – 2 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ്‌ – 2 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കാരറ്റ്‌ – 1 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കറിവേപ്പില – 2 തണ്ട്
കറുവപ്പട്ട- 6
ഏലയ്ക്ക- 10
തക്കോലം – 3
ഗ്രാമ്പൂ- 10 ഗ്രാം
കുരുമുളക് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 2 കപ്പ്‌ (അധികം കട്ടിയില്ലാത്തത്)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മട്ടണ്‍ കഴുകി വൃത്തിയാക്കി, അര കപ്പ് വെള്ളം, ഉപ്പ്, കുരുമുളക്പൊടി, ഒരു സവാള അരിഞ്ഞത്‌, നാല് പച്ചമുളക്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത് നന്നായി കൈ കൊണ്ട് തിരുമ്മുക. ഇത് ഇരുപതു മിനുറ്റ് വച്ചതിനു ശേഷം ഒരു പ്രഷര്‍ കുക്കറില്‍ 6-7 മിനുറ്റ് വേവിച്ചു എടുക്കുക. പ്രഷര്‍ പോയി കഴിയുമ്പോള്‍ ഇത് തുറന്നു, ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന കിഴങ്ങും കാരറ്റും ഒരു സവാള അരിഞ്ഞതും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക.

കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒന്ന് ചതച്ചു എടുക്കുക.(അധികം പൊടിയരുത്) മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്കു ചതച്ച മസാലകള്‍ ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടിക്കഴിയുമ്പോള്‍ ബാക്കിയുള്ള സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് ഇളക്കുക. 3-4 മിനുറ്റ് നന്നായി വരട്ടി എടുക്കുക. ഗ്രേവി നന്നായി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി, ഒന്ന് ചൂടാകുമ്പോള്‍ വാങ്ങുക. മട്ടണ്‍ സ്ട്യു റെഡി. പാലപ്പം, ഇടിയപ്പം, പുട്ട്, ബ്രെഡ്‌, ചപ്പാത്തി, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « ചെമ്മീന്‍ റോസ്റ്റ്
Next Page » രാജ്മ മസാല »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine