മുട്ട എങ്ങനെ വച്ചാലും എനിക്ക് ഇഷ്ടമാണ്. വീട്ടില്‍ ഒരുപാട് കോഴികള്‍ ഉണ്ടായിരുന്നു. അപ്പൊ മുട്ട എന്നും ബ്രേക്ക്‌ഫാസ്റ്റ്‌നു ഏതെങ്കിലുമൊരു രൂപത്തില്‍ എത്തും. രാവിലെ മുട്ട കറിയാണെങ്കില്‍ വൈകുന്നേരം ഓംലെറ്റ് ആയിട്ടായിരിക്കും. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടം മുട്ട റോസ്റ്റ് ആണ്. ഇടിയപ്പവും മുട്ട റോസ്റ്റും ഒരു അസാധ്യ കോമ്പിനേഷന്‍ തന്നെയാണ് :-) എന്നാലും അപ്പത്തിനും, ചപ്പാത്തിക്കും, പത്തിരിക്കും, പുട്ടിനും ഒക്കെ നല്ലതാണ് കേട്ടോ. ചാറു കുറവാണെങ്കില്‍ എന്താ, അടിപൊളി സ്വാദ് അല്ലെ? താറാവ് മുട്ട ആണെങ്കില്‍ കൂടുതല്‍ നല്ലത്. ഇനി കാട മുട്ട ഉപയോഗിച്ചും ഇത് തയാറാക്കാം. :-)
ചേരുവകള്‍
മുട്ട പുഴുങ്ങി തോട് കളഞ്ഞത് – 4
തക്കാളി – 1 വലുത്
സവാള – 2 ഇടത്തരം
ഇഞ്ചി ചതച്ചത് – 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് – 1 1/2 ടീസ്പൂണ്‍
പച്ചമുളക് – 2 നെറുകെ പിളര്‍ന്നത്
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
വെള്ളം – 1/4 ഗ്ലാസ്സ്
വേപ്പില – 1 തണ്ട്
എണ്ണ – ആവശ്യത്തിന്‍
ഉപ്പ് – ആവശ്യത്തിന്‍
പാകം ചെയ്യുന്ന വിധം
ചീന ചട്ടി അടുപ്പത്തു വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഒന്ന് കൂടെ വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് ഇളക്കുക. അതിലേയ്ക്ക് 1/4ഗ്ലാസ്സ് വെള്ളം ചേര്‍ത്തു തിളപ്പിക്കുക. പുഴുങ്ങിയ മുട്ട ചെറുതായി ഒന്ന് വരഞ്ഞു കറിയിലേക്ക് ചേര്‍ത്തു ഒന്ന് കുടി വഴറ്റുക, കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെയ്ക്കുക .മുട്ട റോസ്റ്റ് റെഡി.