Tuesday, November 1st, 2011

സേമിയാ പായസം

semiya payasam-epathram

ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു. എന്നോട് വൈകിട്ട് അടുക്കളയില്‍ കയറണ്ട, ഞാന്‍ നേരത്തേ വരും, ഡിന്നര്‍ ഉണ്ടാക്കി തരാം എന്നൊക്കെ പറഞ്ഞാണ് എന്റെ ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയത്. അതോര്‍ത്തു രണ്ടു സുഹൃത്തുക്കളെയും ഞാന്‍ ഭക്ഷണത്തിന് വിളിച്ചു. വൈകുന്നേരം ആയപ്പോള്‍ പതിവ് പോലെ വിളിച്ചു പറയുന്നു, ”മോളെ, ഞാന്‍ ലേറ്റ് ആകും, ഡിന്നര്‍ പുറത്തു നിന്നും ആകാം.” :-( ഞാന്‍ ആണെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തോട് വല്യ താല്പര്യം ഇല്ലാത്ത ആളാണ്‌. ”വേണ്ട, വേണ്ട ഞാന്‍ ഉണ്ടാക്കികൊള്ളാം” എന്ന് പറഞ്ഞു ഞാന്‍ ഓഫീസില്‍ നിന്നും വീടെത്തി.

ലിഫ്റ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നല്ല ബിരിയാണി മണം. ഹോ, നല്ല ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് എത്ര ദിവസമായി. ഏതു ഫ്ലാറ്റില്‍ ആണോ ബിരിയാണി ഉണ്ടാക്കിയിരിക്കുന്നത്. ചെന്നിട്ട് ഞാനും ബിരിയാണി ഉണ്ടാക്കിയാലോ? വേണ്ടാ..ആകെ മടുത്താണ് ഓഫീസില്‍ നിന്നും വരുന്നത് . പോരാത്തതിന് ആറു കഴിഞ്ഞു സമയം. ഇനി ബിരിയാണിയും മറ്റും ഉണ്ടാക്കി വരുമ്പോള്‍ പാതിരാത്രി ആവും.. മാത്രവുമല്ല എന്റെ ഹയ  മോള്‍ ഞാന്‍ വരാന്‍ കാത്തിരിക്കുകയാണ്. മമ്മ വന്നുകഴിഞ്ഞാല്‍ ഉടനെ തന്നെ അടുക്കളയില്‍ കയറുന്നത് അവള്‍ക്കു സഹിക്കില്ല. അപ്പൊ ബിരിയാണി മോഹത്തിനെ മുളയിലെ നുള്ളി കളഞ്ഞു. എന്തെങ്കിലും തട്ടിക്കൂട്ട് പരിപാടി നടത്താം.. അതേ രക്ഷയുള്ളൂ. അങ്ങനെ ആലോചിച്ചു നടന്നു ചെന്ന് വാതില്‍ തുറന്നപ്പോള്‍, അതാ ബിരിയാണി മണം എന്റെ അടുക്കളയില്‍ നിന്നും തന്നെയാ. :-) എന്റെ കുഞ്ഞിപ്പെണ്ണിന്റെ കയ്യില്‍ ഒരു കൊച്ചു പാത്രത്തില്‍ പായസവും.. :-) മമ്മി (അമ്മായിയമ്മ )എനിക്ക് വേണ്ടി തലശ്ശേരി ബിരിയാണിയും സേമിയാപായസവും വെച്ചിരിക്കുന്നു. :-) എന്തൊരു സന്തോഷം. ഈ അടുത്ത കാലത്തെങ്ങും ഇത്രെയും ഞാന്‍ സന്തോഷിച്ചിട്ടില്ല..:-) മമ്മിയ്ക്ക് നന്ദി പറഞ്ഞു, പായസം കുടിച്ചപ്പോള്‍ എന്തൊരു സുഖം. പായസത്തിനു നല്ല സ്വാദ്. പിറന്നാളിനു മധുരം കൂടിയ പോലെ :-)ഏതായാലും പായസത്തിന്റെ ചിത്രവും മമ്മിയുടെ അടുത്ത് നിന്നും റെസിപ്പിയും എടുത്തു. ഇത് മമ്മിക്ക് ‘ഡെഡിക്കേറ്റ് ‘ ചെയ്തിരിക്കുന്നു. :-) തലശ്ശേരി ബിരിയാണി റെസിപ്പി ഞാന്‍ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

സേമിയാ പായസം എന്ന് പറയുമ്പോള്‍, മടിയന്മാരുടെ പായസം എന്നാണ് എന്റെ ചാച്ചന്‍ കളിയാക്കുക. കാരണം പായസം ഉണ്ടാക്കുകയും വേണം എന്നാല്‍ അധികം കഷ്ട്ടപെടാന്‍ പറ്റുകയും ഇല്ല എന്നുള്ളവരുടെ പായസമാണത്രേ സേമിയ പായസം. വീട്ടില്‍ എപ്പോഴും ചെറുപയര്‍ പരിപ്പ് പായസം ആയിരുന്നു സ്റ്റാര്‍. സേമിയാ പായസം വല്ലപ്പോഴുമേ ഉണ്ടാക്കൂ. എന്നാല്‍ എനിക്ക് ഇഷ്ടപ്പെട്ട പായസങ്ങളില്‍ ഒന്നാണ് ഇത്. എളുപ്പമാണ് ഉണ്ടാക്കാന്‍ എന്ന പ്രാധാന കാരണം കൊണ്ട് തന്നെ. ഉണ്ടാക്കി നോക്കുമ്പോള്‍ മനസിലാകും. ട്രൈ ചെയ്യാം??? :-)

ചേരുവകള്‍

സേമിയ – നൂറു ഗ്രാം
പാല്‍ – അര ലിറ്റര്‍
വെള്ളം – അര കപ്പ്
പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ (മില്‍ക്ക് മെയ്ഡ് ഉണ്ടെങ്കില്‍ ഇത്രയും പഞ്ചസാര ചേര്‍ക്കണ്ടതില്ല)
നെയ്യ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
കശു വണ്ടി – രണ്ടു ടേബിള്‍സ്പൂണ്‍
കിസ് മിസ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – മൂന്നെണ്ണം

തയാറാക്കുന്ന വിധം

നെയ്യ്‌ ചൂടാക്കി കശുവണ്ടിയും കിസ്സ്‌ മിസ്സും വറുത്തു എടുക്കുക. സേമിയ ഇതേ നെയ്യില്‍ ചെറുതായി വറുത്തെടുക്കുക. അടിയില്‍ പിടിച്ചു കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക. സെമിയ പകുതി വേവാകുമ്പോള്‍ പാല്‍ ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത്‌ ഇളക്കുക. മില്‍ക്ക് മെയ്ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഈ സമയത്ത് അതും ചേര്‍ക്കാം. പാല്‍ തിളക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. കുറുകി വരുമ്പോള്‍ തീ അണയ്ക്കുക. തണുക്കുമ്പോള്‍ പായസം അല്പം കൂടി കുറുകിയിരിക്കും. അത് കണക്കാക്കി വേണം അടുപ്പില്‍ നിന്നും വാങ്ങാന്‍. വാങ്ങിയ ശേഷം കിസ്മിസും കശുവണ്ടിയും ചേര്‍ത്ത്‌ ഇളക്കിയ ശേഷം ചെറു ചൂടോടെ വിളമ്പാം.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “സേമിയാ പായസം”

  1. navas says:

    അല്ല മനസിലായില്ല … കശുവണ്ടിയും മുന്തിരിയും രണ്ടു ടേബിള്‍ സ്പൂണ്‍ കണക്കു എങ്ങനെയാ …

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine