അടുത്തിടെ ആണ് അറിഞ്ഞത് തമിഴ്നാട്ടില്‍ നടി ഖുശ്ബുവിന്റെ പേരില്‍ ഇഡ്ഡലി ഉണ്ടത്രേ.. ഖുശ്ബു ഇഡ്ഡലി. :-) ആരാണാവോ ഇങ്ങനെയൊരു ഇഡ്ഡലി കണ്ടുപിടിച്ച ആ വിരുതന്‍.. ഏതായാലും നല്ല വെളുത്ത് ഉരുണ്ടു പൂ പോലെ മൃദുലമായ ഇഡ്ഡലിക്ക് ഖുശ്ബുവിനെക്കാള്‍ നല്ല ഒരു പേര് കൊടുക്കാനില്ല. അല്ലേ?? ഇത് കേട്ട് എന്റെ ഇഡ്ഡലിയുടെ പടം കണ്ടു, ഇത് വായിക്കുന്ന ഖുശ്ബൂ ഫാന്‍സ് രോഷാകുലരാകരുത്. ഇത് ഖുശ്ബു ഇഡ്ഡലി അല്ല. വെറും ഇഡ്ഡലി. :-) വേണമെങ്കില്‍ ഖുശ്ബുവിന്റെ ഡ്യുപ്പ് ഇഡ്ഡലി എന്ന് വിളിക്കാം .. ;-)
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഞങ്ങള്‍ക്ക് ബ്രേക്ക്‌ഫാസ്റ്റ് ഇഡ്ഡലി ആയിരിക്കും. നല്ല പതുപതുത്ത ഇഡ്ഡലി ചൂടു സാമ്പാറും ചട്ണിയും കൂട്ടി കഴിക്കുമ്പോള്‍ ഉള്ള സുഖം മറ്റെന്തു കഴിച്ചാലും കിട്ടില്ല. ഇഡ്ഡലി ഉണ്ടാക്കുന്നതിന്റെ പിറ്റേ ദിവസം ദോശ ആയിരിക്കും. ഇഡ്ഡലി മാവില്‍ എന്തൊക്കെയോ മോഡിഫിക്കേഷന്‍സ് വരുത്തിയാണ് ദോശ ആക്കുന്നത് എന്നാണ് ഞാന്‍ ചെറുപ്പത്തില്‍ വിചാരിച്ചിരുന്നത്. ഏതായാലും ഒരു ബ്രതര്‍ സിസ്റ്റര്‍ റിലേഷന്‍ഷിപ് ഉണ്ട് ഇവര്‍ തമ്മില്‍. ഏതായാലും താഴെ പറയുന്ന റെസിപ്പി അനുസരിച്ച് ഇഡ്ഡലിയും ദോശയും ഉണ്ടാക്കാം. 2 ഇന്‍ 1.:-)
ഞാന്‍ ഒരു ഇഡ്ഡലി എക്സ്പേര്‍ട്ട് അല്ല. തനിയെ അരച്ച് ഉണ്ടാക്കുന്ന ഇഡ്ഡലി പോയിട്ട്, മാവ് മേടിച്ചു ഉണ്ടാക്കുന്ന ഇഡ്ഡലി പോലും കുളം ആക്കിയ ചരിത്രം എനിക്കുണ്ട്. :-( മമ്മിയാണ് ഇഡ്ഡലി – ദോശ ഒക്കെ അരച്ച് വയ്ക്കുന്നത്. നല്ല ഇഡ്ഡലി ഗാരന്ടീ ആണ്. :-) തേങ്ങാ ചമ്മന്തി എന്റെ വക. അതിനു വല്യ റിസ്ക് ഇല്ലല്ലോ .. അപ്പൊ റെഡി ആയിക്കോളൂ. ഇഡ്ഡലി ഉണ്ടാക്കാം.
ചേരുവകള്‍
പച്ചരി – 1 ഗ്ലാസ്
പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി) – 1 ഗ്ലാസ്
ഉഴുന്ന് – 3/4 ഗ്ലാസ്
ഉലുവ – 1 ടേബിള്‍സ്പൂണ്‍
ചോറ് – 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം:
പച്ചരി, പുഴുക്കലരി, ഉഴുന്ന്, ഉലുവ എന്നിവ എട്ടു മണിക്കൂര്‍ എങ്കിലും വെള്ളത്തില്‍ വെവ്വേറെ കുതിര്‍ത്തു എടുക്കുക. അരികള്‍ നികക്കെ വെള്ളം ഒഴിച്ച് ഒരുമിച്ചു അരയ്ക്കുക. ഉഴുന്നും ഉലുവയും കൂടി ഒരുമിച്ചു വേറെ അരയ്‌ക്കുക. ചോറും വേറെയായി അരച്ച് വെയ്ക്കുക. എല്ലാം കൂടി യോജിപ്പിച്ചു ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ അയവില്‍ കലക്കി 8 മണിക്കൂര്‍ വയ്ക്കുക. ഇതില്‍ അല്പം കൂടി വെള്ളം ചേര്‍ത്ത് നീട്ടിയാല്‍ ദോശയ്ക്കുള്ള മാവായി. ഇഡ്ഡലി ഉണ്ടാക്കാന്‍ നേരം ഇഡ്ഡലി തട്ടില്‍ അല്‍പ്പം എണ്ണ തടവി, മാവ് കോരി ഒഴിച്ച് ആവിയില്‍ നന്നായി വേവിക്കുക. വെന്തു കഴിഞ്ഞ് ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കുക.
തേങ്ങാ ചമ്മന്തി
ചേരുവകള്‍
തേങ്ങാ ചുരണ്ടിയത് – 1 കപ്പ്
പച്ചമുളക് – 1 വലുത്
ഇഞ്ചി – ചെറിയ ഒരു കഷണം
ചുവന്നുള്ളി – രണ്ട് എണ്ണം
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് – രണ്ട് എണ്ണം
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം:
പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി ഇവ മിക്സിയില്‍ നന്നായി അരയ്ക്കുക. അതിനു ശേഷം തേങ്ങാ ചുരണ്ടിയതും ചേര്‍ത്ത് അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, കടുക് പൊട്ടിക്കുക. അതിനുശേഷം, ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍ മുളക്, കറിവേപ്പില ഇവ ഇട്ട് മൂപ്പിക്കുക. അരച്ച തേങ്ങാകൂട്ട് ഇതിലേക്ക് ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി വയ്ക്കുക.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: Anice Thomas, breakfast