കഴിഞ്ഞ ആഴ്ച അരുണ്‍ന്റെ പിറന്നാളായിരുന്നു. അന്ന് ദിവസം മൂന്നു നേരവും സ്പെഷ്യല്‍ ഫുഡ് തരാം എന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. അതനുസരിച്ച് രാവിലത്തെ മെനു അപ്പവും മട്ടണ്‍ സ്ട്യുവും ആകാം എന്ന് തീരുമാനിച്ചു. അപ്പം മമ്മി ഉണ്ടാക്കും. സ്ട്യു എന്റെ വക..:-)
തലേദിവസം വൈകുന്നേരം തന്നെ ഞാന്‍ മട്ടണ്‍ ഒക്കെ മേടിച്ചു റെഡി ആയാണ് വീട്ടില്‍ എത്തിയത്. സ്ട്യു റെസിപ്പി ഒന്ന് മനസ്സില്‍ ഓര്‍ത്തെടുത്തു. സാധാരണ വയ്ക്കാറില്ലാത്ത ഒരു ഐറ്റം ആയത് കൊണ്ട് അല്പം റിവിഷന്‍ നടത്തേണ്ടി വന്നു. :-) എങ്കിലും അധികം ചേരുവകള്‍ ഇല്ലാത്തതു കൊണ്ട് ഓര്‍ത്തിരിക്കാന്‍ വിഷമം ഇല്ലാ.. :-)
പച്ചക്കറികള്‍ അരിയുന്ന താമസമേ ഉണ്ടായിരുന്നുള്ളൂ.. സ്ട്യു പെട്ടന്ന് തന്നെ തയ്യാറായി. ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. :-)
ചേരുവകള്‍
മട്ടണ്‍ – അര കിലോ
സവാള – 4 വലുത് നേര്‍മ്മയായി നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – 2 ഇഞ്ച് കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 6 എണ്ണം നെടുകെ കീറിയത്
കുരുമുളക്പൊടി – 2 ടീസ്പൂണ്‍
ഉരുളക്കിഴങ്ങ് – 2 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കാരറ്റ് – 1 എണ്ണം ഒരിഞ്ചു വലിപ്പത്തില്‍ ചെറിയ ചതുര കഷ്ണങ്ങള്‍
കറിവേപ്പില – 2 തണ്ട്
കറുവപ്പട്ട- 6
ഏലയ്ക്ക- 10
തക്കോലം – 3
ഗ്രാമ്പൂ- 10 ഗ്രാം
കുരുമുളക് – ഒരു ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 2 കപ്പ് (അധികം കട്ടിയില്ലാത്തത്)
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 4 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മട്ടണ്‍ കഴുകി വൃത്തിയാക്കി, അര കപ്പ് വെള്ളം, ഉപ്പ്, കുരുമുളക്പൊടി, ഒരു സവാള അരിഞ്ഞത്, നാല് പച്ചമുളക്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി കൈ കൊണ്ട് തിരുമ്മുക. ഇത് ഇരുപതു മിനുറ്റ് വച്ചതിനു ശേഷം ഒരു പ്രഷര്‍ കുക്കറില്‍ 6-7 മിനുറ്റ് വേവിച്ചു എടുക്കുക. പ്രഷര്‍ പോയി കഴിയുമ്പോള്‍ ഇത് തുറന്നു, ഇതിലേക്ക് നുറുക്കി വച്ചിരിക്കുന്ന കിഴങ്ങും കാരറ്റും ഒരു സവാള അരിഞ്ഞതും ചേര്‍ത്ത് ഇളക്കി അടച്ചു വച്ച് രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക.
കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഒന്ന് ചതച്ചു എടുക്കുക.(അധികം പൊടിയരുത്) മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്കു ചതച്ച മസാലകള്‍ ചേര്‍ത്ത് ഇളക്കുക. ഇത് പൊട്ടിക്കഴിയുമ്പോള്‍ ബാക്കിയുള്ള സവാള അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് ഇളക്കുക. 3-4 മിനുറ്റ് നന്നായി വരട്ടി എടുക്കുക. ഗ്രേവി നന്നായി കുറുകിവരുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി, ഒന്ന് ചൂടാകുമ്പോള്‍ വാങ്ങുക. മട്ടണ്‍ സ്ട്യു റെഡി. പാലപ്പം, ഇടിയപ്പം, പുട്ട്, ബ്രെഡ്, ചപ്പാത്തി, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: breakfast, side dishes, കേരളാ സ്പെഷ്യല്‍