ഇവിടെ ദൈറ ഫിഷ് മാര്‍കെറ്റില്‍ നല്ല പ്രോണ്‍സ് കിട്ടും. പല വലുപ്പത്തിലും നിറത്തിലും ഉള്ളവ. വില അല്പം കൂടുതല്‍ ആണ്. എങ്കിലും വല്ലപ്പോഴും സ്പെഷ്യല്‍ ഐറ്റം ആയി പ്രോണ്‍സ് വാങ്ങാറുണ്ട്. കഴിഞ്ഞ ആഴ്ച അരുണിന്റെ മൂത്ത സിസ്റ്റര്‍ വിജി ചേച്ചി ആന്‍ഡ് ഫാമിലി ദുബായ് സന്ദര്‍ശനത്തിന് വന്നിരുന്നു. അവര്‍ക്ക് സ്പെഷ്യല്‍ ആയി, ചെമ്മീന്‍ ഫ്രൈ ഉണ്ടായിരുന്നു. മമ്മിയുടെ വക. അതിന്റെ ബാക്കി അല്പം ചെമ്മീന്‍ ഫ്രീസറില്‍ ഇരിപ്പുണ്ടായിരുന്നു. അപ്പൊ ഈ ആഴ്ച അത് വച്ച് എന്റെ വക ഒരു സ്പെഷ്യല്‍.. ;-) വളരെ എളുപ്പത്തില്‍ ഒരു ചെമ്മീന്‍ റോസ്റ്റ്.
ചേരുവകള്‍
വൃത്തിയാക്കിയ ചെമ്മീന്‍ -അര കിലോ
സവാള നീളത്തില്‍ അരിഞ്ഞത് – 4 വലുത്
തക്കാളി അരിഞ്ഞത് -3 എണ്ണം
ഇഞ്ചി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍സ്പൂണ്‍
മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഗരംമസാല -1 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇത് ഇളം ബ്രൌണ്‍ നിറം ആകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നല്ല ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. പൊടികള്‍ എല്ലാം കൂടി അല്പം വെള്ളം ചേര്‍ത്ത് കുഴച്ചു പേസ്റ്റ് രൂപത്തിലാക്കുക. ഇത് സവാളയിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി ഇളക്കുക, തക്കാളി നന്നായി വെന്തുടയുമ്പോള്‍ ചെമ്മീന്‍, ഉപ്പ്, അല്പം വെള്ളം എന്നിവ ചേര്‍ത്ത് ഇളക്കി പത്തു മിനുറ്റ് വേവിച്ചു എടുക്കുക. വെള്ളം വറ്റി ചെമ്മീന്‍ നന്നായി വെന്തിരിക്കണം. വാങ്ങുന്നതിന് മുന്‍പ് അല്പം ഗരം മസാലയും കറിവേപ്പിലയും കൂടെ ചേര്‍ത്ത് ഇളക്കുക. ചോറിനും ചപ്പാത്തിക്കും നല്ല ഒരു സൈഡ് ഡിഷ് ആണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: seafood, side dishes, കേരളാ സ്പെഷ്യല്‍, ലിജി
തങ്ക്സ്