ന്യൂയോർക്ക് : മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും സ്വാദ് അറിഞ്ഞിരിക്കേണ്ട പത്ത് വിഭവങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശയും ഇടം പിടിച്ചു. ഹഫിംഗ്ടൺ പോസ്റ്റിന്റെ യാത്രാ ബ്ലോഗിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിൽ നാലാം സ്ഥാനമാണ് മസാല ദോശയ്ക്ക്. ഒരു മാംസഭുക്ക് ഹോട്ടലിൽ കയറി ഒരു സസ്യാഹാരം ആവശ്യപ്പെടുകയാണെങ്കിൽ അത് മിക്കവാറും മസാല ദോശയായിരിക്കും എന്നാണ് മസാല ദോശയെ പറ്റി ഈ പട്ടികയിൽ വിവരിക്കുന്നത്. ചൈനയിൽ നിന്നുമുള്ള പൊരിച്ച താറാവ് വിഭവമായ പെക്കിങ്ങ് ഡക്ക്, ഒച്ചിനെ പാകം ചെയ്ത് ഉണ്ടാക്കുന്ന ഫ്രെഞ്ച് വിഭവമായ എസ്കർഗോ, മാംസവും വഴുതനങ്ങയും പാളികളായി ചീസും മറ്റ് മസാലകളുമിട്ട് നിർമ്മിക്കുന്ന ഗ്രീക്ക് വിഭവമായ മൂസാക്ക, സുക്കിനി പൂക്കൾ വറുത്തെടുത്ത ഇറ്റാലിയൻ വിഭവം, ചുട്ട മാംസം കൊണ്ടുണ്ടാക്കുന്ന ജപ്പാൻകാരുടെ ടെപ്പന്യാകി, മലേഷ്യാക്കാരുടെ സീഫുഡ് വിഭവമായ ലക്സ കറി, പച്ച പപ്പായ കൊണ്ട് തായ്ലൻഡുകാർ തയ്യാറാക്കുന്ന സോം താം, ഓസ്ട്രേലിയാക്കാരും ന്യൂസീലാൻഡുകാരും തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന മധുരമൂറുന്ന പാവ്ലോവ, പോർക്കിന്റെ വാരിയെല്ലുകൾ കനലിൽ ചുട്ട് തയ്യാറാക്കുന്ന അമേരിക്കക്കാരുടെ ബാർബെക്യു റിബ്സ് എന്നിവയാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റു വിഭവങ്ങൾ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chutney, pork, vegetarian, പച്ചക്കറി, സലാഡ്