പുട്ടില്ലാതെ മലയാളിക്ക് എന്ത് ബ്രേക്ക്‌ഫാസ്റ്റ്?? അല്ലേ?? കേരളത്തിന്റെ സ്വന്തം പലഹാരം അല്ലേ ഇത്.. പുട്ട് മാഹാത്മ്യം പറഞ്ഞാല്‍ ഒത്തിരി ഉണ്ട്. നായകന്‍റെ പുട്ടു പ്രേമം കാരണം ‘പുട്ട്’ എന്ന് അങ്ങേരെ വിളിക്കുന്ന ഒരു സിനിമ ഉണ്ട്, പുട്ടു ഫാന്‍സ് അസോസിയേഷന്‍ ഉണ്ട് പോരാത്തതിന് വികിപീഡിയയിലും ഇപ്പൊ പുട്ട് ഉണ്ടാക്കുന്ന വിധം പറയുന്നുണ്ട്. പുട്ടും പഴവുമാണ് ലോകം അംഗീകരിച്ചിരിക്കുന്ന ‘സെലിബ്രിറ്റി പെയര്‍’.. പക്ഷേ കേള്‍ക്കുമ്പോഴേ ഞാന്‍ അയ്യേ എന്ന് പറയും. ഇത്രേം സ്വാദുള്ള നമ്മുടെ പുട്ടിനെ പഴം കുഴച്ചു വേസ്റ്റ് ആക്കാമോ?? പാടില്ല!! അത്ര തന്നെ. പുട്ടു പഴം ചേര്‍ത്ത് കഴിക്കണം എന്ന് കണ്ടു പിടിച്ചവനെ കണ്ടാല്‍ എനിക്ക് രണ്ടു ചോദിക്കണം. :-) പുട്ടിനോട് എന്തിനീ ക്രൂരത എന്ന്. പണ്ട് എന്റെ വീട്ടില്‍ പഴം ഒത്തിരി ഉണ്ടാകുമായിരുന്നു. കുല മുഴുവന്‍ പഴുക്കുമ്പോള്‍ എന്റെ മമ്മിയുടെ മുന്‍പില്‍ ഒറ്റ വഴിയെ ഒള്ളു അത് തീര്‍ക്കാന്‍. ദിവസവും ബ്രേക്ക്‌ഫാസ്റ്റ് പുട്ട് തന്നെ. ഉണങ്ങിയ പുട്ട് താഴേയ്ക്ക് ഇറങ്ങണമെങ്കില്‍ പഴത്തിന്റെ സഹായം ഇല്ലാതെ പറ്റില്ലല്ലോ. അങ്ങനെ പുട്ടും പഴവും തിന്ന ഞാന്‍ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അവിടെ അതാ കുല പഴുത്താലും ഇല്ലെങ്കിലും പുട്ടും പഴവും തന്നെ. മാത്രവുമല്ല വെള്ളം കണ്ടിട്ടില്ലാത്ത പുട്ട്. ഇതിപ്പോ പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പാതിരാത്രിയിലും പട എന്ന് പറഞ്ഞപോലെ ആയി.. ഏതായാലും ഞാന്‍ ഒരു ശബഥം എടുത്തു. പുട്ട് നല്ല കറി കൂട്ടിയേ ഞാന്‍ കഴിക്കൂ. കടലക്കറി, പീസ് കറി, മുട്ട കറി, പയര്‍ കറി ഇനി ഇതൊന്നും ഇല്ലെങ്കിലും അല്പം ചിക്കന്‍കറി കൂട്ടിയാണെങ്കിലും ഞാന്‍ പുട്ട് തിന്നോളാമേ.. :-)
ഓണത്തിനിടയ്ക്കാ പുട്ട് കച്ചോടം. :-) പുട്ട് പുരാണം അവിടെ നില്‍ക്കട്ടെ. പുട്ട് ഉണ്ടാക്കുന്നതെങ്ങിനെ എന്ന് നോക്കാം. പുട്ട് നന്നായി നനയണം എന്നതാണ് എന്റെ നിയമം. അരിപ്പുട്ടിനെക്കാള്‍ എനിക്ക് ഇഷ്ടം ഗോതമ്പ് പുട്ടാണ്. താഴെ പറയുന്ന റെസിപ്പിയില്‍ അരിപ്പൊടിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ പോലെ തന്നെ ഗോതമ്പ് പുട്ടും ഉണ്ടാക്കാം.
ചേരുവകള്‍
അരിപൊടി – 1 ഗ്ലാസ്,
തേങ്ങ – അര മുറി ചിരകിയത്
ഉപ്പു – പാകത്തിന്
വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയില്‍ ഉപ്പു ചേര്‍ത്ത് ഇളക്കുക. വെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനക്കുക. പാകത്തില്‍ എന്ന് പറയുമ്പോള്‍ മാവ് കയ്യില്‍ ഒട്ടരുത്, എന്നാല്‍ അല്പം ഉരുട്ടി നോക്കിയാല്‍ ഉരുളയായി ഇരിക്കണം. തേങ്ങ ചിരകിയത് പകുതി പൊടിയില്‍ ചേര്‍ത്ത് ഇളക്കുക. പുട്ടുകുറ്റിയില്‍ പൊടിയിട്ട് ഇടക്കിടെ തേങ്ങയും ചേര്‍ത്ത് ആവിയില്‍ വേവിക്കുക. പുട്ട് കുറ്റിക്ക് പകരം ഞാന്‍ ചിരട്ടയുടെ ആകൃതിയില്‍ കിട്ടുന്ന പാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ പൊടി ഇടുന്നതിനു മുന്പേ അടിയില്‍ തേങ്ങാ ചേര്‍ക്കാം. ഏകദേശം 3-4 മിനിറ്റ് കൊണ്ട് പുട്ട് വെന്തു കിട്ടും.
- ലിജി അരുണ്‍