കേരളീയരുടെ സ്വന്തം വിഭവമെന്നു അഭിമാനിക്കാവുന്ന ഒന്നാണ് പാലപ്പം. ഒരു ക്രിസ്ത്യന്‍ വിഭവമാണ് എന്ന് പറയാം. പാലപ്പവും മട്ടണ്‍ സ്ട്യുവും ക്രിസ്ത്യന്‍ കല്യാണ വിരുന്നുകളുടെ ഒരു അഭിഭാജ്യ ഘടകമാണ്. ഇനി മട്ടണ്‍ സ്ട്യു ഇല്ലെങ്കിലും മുട്ട കറി, കടലക്കറി, പീസ് കറി ഇവയൊക്കെ ഉണ്ടെങ്കില്‍ നമ്മുക്ക് വീട്ടില്‍ ബ്രേക്ക്‌ഫാസ്റ്റ് നു പറ്റിയ ഒരു ഐറ്റം ആണ് ഇത്.
നോക്കുമ്പോള്‍ വളരെ എളുപ്പമാണ് പാലപ്പം ഉണ്ടാക്കാന്‍. വളരെ കുറച്ചു ചേരുവകളെ ഒള്ളു. എന്നാല്‍ ഒരു ‘പെര്‍ഫെക്റ്റ് ‘ പാലപ്പം ഉണ്ടാക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. :-( എന്റെ അമ്മായിയമ്മയുടെ പാലപ്പ റെസിപ്പി ആണിത്. വളരെ സ്വാദിഷ്ടമായ പാലപ്പം ആണ് മമ്മി ഉണ്ടാക്കുന്നത്. മമ്മി ഉണ്ടാക്കുന്ന പാലപ്പം മൂക്കുമുട്ടെ കഴിക്കുക എന്നല്ലാതെ പാലപ്പം ഉണ്ടാക്കുന്ന കാര്യം ഓര്‍ത്താല്‍ ഞാന്‍ വിറയ്ക്കും. കാരണം എന്റെ ചില മുന്‍കാല പാചക അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ പാലപ്പം എനിക്ക് അത്ര നല്ല ഓര്‍മ്മകള്‍ അല്ല തന്നിരിക്കുന്നത്. എന്നാല്‍ മമ്മി വന്നപ്പോള്‍ കഥ ആകെ മാറി. ഒരു എളുപ്പ റെസിപി കിട്ടി. ഇനി എനിക്കും ഈ റെസിപ്പി അനുസരിച്ച് അപ്പം ഉണ്ടാക്കി പഠിക്കണം. :-) ഒരുമിച്ചു തുടങ്ങാം നമ്മുക്ക് .. ഒന്ന് പരീക്ഷിക്കാം.
ചേരുവകള്‍
പച്ചരി- രണ്ടു കപ്പ്
യീസ്റ്റ്- കാല്‍ ടീസ്പൂണ്‍
പഞ്ചസാര- നാല് ടീസ്പൂണ്‍
ചോര്‍ – 5 ടേബിള്‍സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
പച്ചരി കഴുകി 6 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ടു നന്നായി കുതിര്‍ക്കുക.
അരി പാകത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.(മിക്സിയില്‍ അരിക്ക് ഒപ്പത്തിനു വെള്ളം നില്‍ക്കണം) .അരി അരച്ചെടുത്ത് മാറ്റി വയ്ക്കുക. വെണ്ണ പോലെ അരയണം. തരിതരിപ്പ് ഉണ്ടാവരുത്. തേങ്ങ അര ഗ്ലാസ് വെള്ളം ചേര്‍ത്ത് അരക്കുക. ഇതിലേക്ക് ചോറും യീസ്റ്റും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഇത് പച്ചരി അരച്ചതിന്റെ കൂടെ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക. രാത്രിയില്‍ അരച്ചാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനു സമയം ആകുമ്പോള്‍ പുളിച്ചു കിട്ടും. ഏകദേശം 8-10 മണിക്കൂര്‍ എന്ന് കണക്കാക്കാം.
അപ്പം ചുടുന്നതിനു മുന്‍പ് മാവ് ഒന്ന് ഇളക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടി വെക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് നടുവ് വെന്തു വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക. ഇനി അപ്പച്ചട്ടി ഇല്ലെങ്കില്‍ മാവ് ദോശക്കല്ലില്‍ പരത്തി ഒഴിച്ച് മൂടി വച്ച് വേവിച്ചു ദാ താഴെ കാണുന്ന പോലെ അപ്പം ഉണ്ടാക്കാം.
മേല്‍പ്പറഞ്ഞ അളവ് അനുസരിച്ച് ഏകദേശം 20 അപ്പം ഉണ്ടാക്കാം.
കടപ്പാട് : ആനിസ് തോമസ്